വാഷിങ്‌ടണ്‍ ഡിസി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിക്ക് ഇന്ത്യൻ പ്രവാസി സമൂഹം ഊഷ്‌മള സ്വീകരണം നല്‍കി. കൊടുംതണുപ്പിനെ അവഗണിച്ചാണ് മോദിയെ കാണാൻ അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടിയത്.
യുഎസില്‍ എത്തിയ വിവരം മോദി എക്‌സിലൂടെയും പങ്കുവച്ചു. "അൽപ്പം മുമ്പ് വാഷിങ്‌ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനും നമ്മുടെ രാജ്യത്തിന്‍റെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങൾ അടുത്ത് പ്രവർത്തിക്കുന്നത് തുടരും," പ്രധാനമന്ത്രി മോദി എക്‌സ് ഒരു പോസ്റ്റിൽ പറഞ്ഞു.
വാഷിങ്‌ടൺ ഡിസിയിൽ വച്ച് യുഎസ്എയുടെ നാഷണൽ ഇന്‍റലിജൻസ് ഡയറക്‌ടര്‍ തുൾസി ഗബ്ബാർഡുമായി ചര്‍ച്ച നടത്തിയതായും മോദി അറിയിച്ചു. ഇന്ത്യ-യുഎസ്എ ബന്ധത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്‌തെന്നും അവർ ശക്തമായ പിന്തുണ നൽകിയെന്നും മോദി കുറിച്ചു.
ഡൊണാള്‍ഡ് ട്രംപ് രണ്ടാമതായി അമേരിക്കൻ പ്രസിഡന്‍റ് ആയതിനു പിന്നാലെയുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. വ്യാപാരം, കുടിയേറ്റം, പ്രതിരോധം, ഊർജ്ജ സഹകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ചെയ്‌തേക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദിയുടെ സന്ദർശനം ഇന്ത്യയ്‌ക്ക് നിർണായകമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക