കേരളം

kerala

ETV Bharat / international

കാഠ്‌മണ്ഡു താഴ്‌വരയെ വിറപ്പിച്ച് പ്രളയം; മരണ സംഖ്യ ഇരുന്നൂറിനടുത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നതായി അധികൃതര്‍ - NEPAL LANDSLIDE UPDATE

നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം 200നടുത്തായി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

HEAVY RAIN FLOOD CONTINUES IN NEPAL  SEVERAL MISSING IN NEPAL FLOODS  നേപ്പാള്‍ പ്രളയം  LATEST MALAYALAM NEWS
Flood in Nepal (AP)

By ETV Bharat Kerala Team

Published : Sep 30, 2024, 7:08 PM IST

Updated : Sep 30, 2024, 7:14 PM IST

കാഠ്‌മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 200നടുത്തായി. ദുരന്തത്തിൽ 30 പേരെ കാണാതായി. വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 27) മുതൽ ആരംഭിച്ച കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദുരന്തത്തിൽ 192 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം തിവാരി പറഞ്ഞു. 194 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 30 പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സ്ഥലത്ത് രക്ഷാപ്രവർത്തനവും പുനരധിവാസവും വേഗത്തിലാക്കണമെന്ന് സർവകക്ഷിയോഗം തീരുമാനിച്ചു. ഞായറാഴ്‌ച (സെപ്‌റ്റംബർ 29) പ്രധാനമന്ത്രിയുടെ ഓഫിസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി പ്രകാശ് മാൻ സിങ്ങാണ് യോഗം വിളിച്ചു ചേർത്തത്.

വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എല്ലാ സുരക്ഷ ഏജൻസികളെയും വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേപ്പാൾ സൈന്യവും നേപ്പാൾ പൊലീസും സായുധ പൊലീസ് സേനയും ഇതുവരെ 4,500 ദുരന്തബാധിതരെ രക്ഷപ്പെടുത്തിയതായും അവർ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രളയബാധിതർക്ക് ഭക്ഷണവും മറ്റ് അടിയന്തര സഹായ സാമഗ്രികളും നൽകിയിട്ടുണ്ട്. അതേസമയം പ്രകൃതിദുരന്തത്തെ തുടർന്ന് കാഠ്‌മണ്ഡുവിൽ നൂറുകണക്കിന് ആളുകൾ ഭക്ഷണത്തിന്‍റെയും കുടിവെള്ളത്തിന്‍റെയും ശുചിത്വത്തിന്‍റെയും അഭാവം നേരിടുന്നുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നും അവർ പറഞ്ഞു.

മണ്ണിടിച്ചിലിനെത്തുടർന്ന് പ്രദേശത്തെ വിവിധ ഹൈവേകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രധാന ഹൈവേകളിൽ തടസം നേരിട്ടതിനാൽ ഇന്ത്യയിൽ നിന്നും രാജ്യത്തെ മറ്റ് ജില്ലകളിൽ നിന്നുമുള്ള പച്ചക്കറികളുടെ വരവ് നിലച്ചു.

അതിനാൽ തന്നെ പച്ചക്കറികളുടെ വിപണി വില കുതിച്ചുയർന്നു. മണ്ണിടിച്ചിലിൽ രാജ്യത്തുടനീളമുള്ള നിരവധി റോഡുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഗതാഗതം പുനരാരംഭിക്കുന്നതിനായി തടസപ്പെട്ട ഹൈവേകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഋഷിറാം തിവാരി പറഞ്ഞു.

ദുരന്തത്തിൽ നിർമ്മാണത്തിലിരിക്കുന്ന 15 ജലവൈദ്യുത നിലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി നിലയങ്ങളും ട്രാൻസ്‌മിഷൻ ലൈനുകളും തകരാറിലായതിനാൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും മൺസൂണും പതിവിനേക്കാൾ വടക്കുമാറി സ്ഥിതി ചെയ്യുന്നതാണ് നേപ്പാളിലെ അതിശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലെയും ജനജീവിതം താറുമാറാക്കി. നൂറുകണക്കിന് വീടുകളും പാലങ്ങളും മണ്ണിനടിയിലാവുകയും ഒലിച്ചുപോകുകയും ചെയ്‌തു. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Also Read:ബസുകളിലും വാഹനങ്ങളിലും ഡസൻ കണക്കിന് മൃതദേഹങ്ങള്‍; കാഠ്‌മണ്ഡു താഴ്‌വരയെ നടുക്കി പ്രളയം, മരണസംഖ്യ ഉയരുന്നു

Last Updated : Sep 30, 2024, 7:14 PM IST

ABOUT THE AUTHOR

...view details