ഒട്ടാവ: രാജി പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഭരണകക്ഷിയായ ലിബറൽ പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുത്ത ഉടന്‍ സ്ഥാനമൊഴിയുമെന്ന് ട്രൂഡോ അറിയിച്ചു. ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് ട്രൂഡോ രാജി വിവരം സ്ഥിരീകരിച്ചു.
ഡിസംബറിൽ, ട്രംപിന്‍റെ നിലപാടുകളോടുള്ള പ്രതികരണത്തില്‍ ട്രൂഡോയുമായി വിയോജിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചിരുന്നു. മന്ത്രിസഭയ്ക്കുള്ളിൽ പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന ആദ്യത്തെ തുറന്ന വിയോജിപ്പായിരുന്നു ഇത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2015-ൽ ആണ് ട്രൂഡോ അധികാരത്തിലെത്തിയത്. 2019-ലും 2021-ലും ലിബറല്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചത് ട്രൂഡോ ആയിരുന്നു. എന്നാല്‍ ഇത്തവണത്തെ പൊതുജനാഭിപ്രായ വോട്ടെടുപ്പിൽ കണ്‍സര്‍വേറ്റീവുകളേക്കാള്‍ 20 പോയിന്‍റ് പിന്നിലാണ് ട്രൂഡോ.
2000-ൽ അന്തരിച്ച മുൻ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മൂത്ത മകനായ ജസ്റ്റിൻ ട്രൂഡോ സ്നോബോർഡ് ഇൻസ്ട്രക്‌ടർ, ബാർടെൻഡർ, ബൗൺസർ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചതിന് ശേഷമാണ് രാഷ്‌ട്രീയത്തിലേക്ക് വന്നത്. 2008-ൽ ഹൗസ് ഓഫ് കോമൺസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.
അധികാരമേറ്റ ശേഷം ട്രൂഡോ സെനറ്റ് പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. അമേരിക്കയുമായി ഒരു പുതിയ വ്യാപാര കരാർ ഒപ്പിട്ടു. കാനഡയുടെ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിന് കാർബൺ നികുതിയും ഏർപ്പെടുത്തി.
കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കിയതും ട്രൂഡോയാണ്. കാണാതാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കനേഡിയന്‍ സ്‌ത്രീകളെക്കുറിച്ച് അദ്ദേഹം പൊതു അന്വേഷണം പ്രഖ്യാപിച്ചു. വൈദ്യ സഹായത്തോടെ ആത്മഹത്യ ചെയ്യാൻ അനുവദിക്കുന്ന നിയമനിർമാണവും ട്രൂഡോ കാനഡയില്‍ നടപ്പാക്കി.
Also Read: സ്റ്റോമി ഡാനിയല്‍ കേസില്‍ ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം; ജയിലില്‍ പോകേണ്ടി വരില്ല, വിധി ജനുവരി 10ന്