മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫിസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച പിവി അന്‍വര്‍ എംഎല്‍എ മലപ്പുറം ഒതായിലെ വീട്ടില്‍ മടങ്ങിയെത്തി. 18 മണിക്കൂർ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. പിവി അൻവറിനെ വലിയ ആവേശത്തോടെ ഡിഎംകെ പ്രവർത്തകർ സ്വീകരിച്ചു. പടക്കം പൊട്ടിച്ച് ആഘോഷമായാണ് പ്രവര്‍ത്തകര്‍ എംഎൽഎയെ സ്വീകരിച്ചത്.
ജയിലിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പിവി അൻവർ എംഎൽഎ പറഞ്ഞു. സാധാരണ തടവുകാർക്ക് ലഭിക്കുന്നതിൽ നിന്ന് ഒരു കട്ടിൽ മാത്രമാണ് ലഭിച്ചത്. അതേസമയം വ്യക്തിപരമായി സംശയം തോന്നിയതിനാൽ ഉച്ചഭക്ഷണം കഴിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം ഇല്ലെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.
'എംഎൽഎ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല. രാവിലെ ഒരു ചായയും ഒരു കഷണം ചപ്പാത്തിയും കഴിച്ചു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല. തടവുകാരുമായി സംസാരിച്ചു. മോശമല്ലാത്ത രീതിയില്‍ ജയില്‍ അധികാരികള്‍ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു.
സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് ഒരു കട്ടില്‍ മാത്രമാണ് അധികമായി അനുവദിച്ചതെന്ന് പിവി അൻവർ വ്യക്തമാക്കി. ഒരു തലയിണ ചോദിച്ചിട്ട് തന്നില്ല. വ്യക്തിപരമായി സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ? ചിലപ്പോള്‍ അത് എന്‍റെ തോന്നലാവാം, എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തതെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി.
അതേസമയം അറസ്‌റ്റ് ചെയ്‌ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണയ്ക്ക് പിവി അൻവർ എംഎൽഎ നന്ദി അറിയിച്ചു. പ്രതിപക്ഷ നേതാവിനെയും കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, രമേശ് ചെന്നിത്തല എന്നിവരെയെല്ലാം ബന്ധപ്പെട്ടു. ബിഷപ്പുമാരെയും വിളിച്ചു. പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കളെ നേരില്‍ കാണുമെന്നും അദ്ദേഹം അറിയിച്ചു. യുഡിഎഫ് നേതാക്കളുമായി കൈകോർത്ത് സർക്കാരിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാത്രമല്ല നിയമസഭയില്‍ വന നിയമഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നും പിവി അൻവർ പറഞ്ഞു. അതിനെതിരായ ജനകീയ പ്രക്ഷോഭം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ ന്യൂനപക്ഷ വേട്ടക്കെതിരെ സമരം ശക്തമാക്കും. മലയോര മേഖലയിലെ പ്രശ്‌നങ്ങൾ ഉയർത്തി, ക്രൈസ്‌തവ പുരോഹിതന്മാരുമായി ചേർന്നുള്ള പോരാട്ടം തുടരുമെന്നും വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ചെറുക്കുമെന്നും പിവി അൻവർ വ്യക്തമാക്കി.
ഫോറസ്‌റ്റ് ഓഫിസ് അടിച്ച് തകര്‍ത്ത കേസില്‍ ഇന്നലെ (ജനുവരി 6) വൈകിട്ടോടെയായിരുന്നു പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത്. നിലമ്പൂര്‍ ഫസ്‌റ്റ് ക്ലാസ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, ഒന്നിടവിട്ട ബുധനാഴ്‌ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവയ്ക്കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യത്തില്‍ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്‌റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്‍റെ അപേക്ഷ കോടതി തള്ളിയിരുന്നു.
അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് ജനുവരി 5ന് രാത്രി നിലമ്പൂർ പൊലീസ് അറസ്‌റ്റ് അദ്ദേഹത്തിന്‍റെ രേഖപ്പെടുത്തിയത്. നിലമ്പൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയായിരുന്നു അറസ്‌റ്റ് ചെയ്‌തത്. എംഎല്‍എ ഉൾപ്പടെ 40ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Also Read: പിവി അന്‍വര്‍ പുറത്തേക്ക്; ഡിഎഫ്‌ഒ ഓഫിസ് ആക്രമിച്ച കേസില്‍ ജാമ്യം