കേപ്‌ടൗണ്‍: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് പത്ത് വിക്കറ്റിന്‍റെ തകർപ്പൻ ജയം. 58 റൺസ് വിജയലക്ഷ്യം എട്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് നഷ്ടമില്ലാതെ പ്രോട്ടീസ് മറികടന്നു. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് ബെഡിംഗ്ഹാം 30 പന്തിൽ 47 റൺസെടുത്തപ്പോൾ എയ്ഡൻ മാർക്രം 13 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയമാണിത്.
പാക് പട രണ്ടാം ഇന്നിങ്സിൽ 478 റൺസ് സ്വന്തമാക്കിയെങ്കിലും 615 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സിന്‍റെ കൂറ്റന്‍ സ്‌കോറില്‍ പ്രോട്ടീസ് രണ്ടാം ഇന്നിങ്സിൽ ഏഴ് ഓവറില്‍ 58 റൺസ് കൂടി നേടി മത്സരം അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാന്‍ 194 റൺസിന് പുറത്തായിരുന്നു.ആദ്യ ടെസ്റ്റിലെ വിജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടെമ്പ ബാവുമയുടെ ടീം ഇതിനകം ഇടം നേടിയിരുന്നു. 69.44 പോയിന്‍റുമായി ചാമ്പ്യൻഷിപ്പ് പട്ടികയില്‍ ഒന്നാമതാണ് ദക്ഷിണാഫ്രിക്ക.
ക്യാപ്റ്റൻ ഷാൻ മസൂദ് (145), ബാബർ അസം (81), മുഹമ്മദ് റിസ്‌വാൻ (41) എന്നിവരും സൽമാൻ അലി ആഗയും ചേര്‍ന്ന് മികച്ച പ്രകടനം നടത്തിയെങ്കിലും ടെസ്റ്റിന്‍റെ നാലാം ദിനം പാകിസ്ഥാൻ 478 റൺസിന് 10 വിക്കറ്റിന് ദയനീയ തോൽവി ഏറ്റുവാങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ, കേശോ മഹാരാജ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മാർക്കോ ജോൺസൺ രണ്ടും കൊയ്ന മഫാക ഒരു വിക്കറ്റും വീഴ്ത്തി.
South Africa complete a comprehensive win in Cape Town to take the series 2-0 👏#WTC25 #SAvPAK 📝: https://t.co/L7gnQUIBxW pic.twitter.com/AP8ME53iOT
— ICC (@ICC) January 6, 2025
റയാൻ റിക്കിൾട്ടൺ പ്ലെയർ ഓഫ് ദി മാച്ചും മാർക്കോ ജോൺസൺ പ്ലെയർ ഓഫ് ദി സീരീസുമായി.ഫോളോ-ഓൺ ചെയ്യാൻ നിർബന്ധിതരായപ്പോൾ മത്സരത്തിൽ പാകിസ്ഥാൻ ഗംഭീര തിരിച്ചുവരവ് നടത്തി. ഓപ്പണിംഗ് ജോഡി 205 റൺസിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കി. 2008ൽ ഗ്രെയിം സ്മിത്തിന്‍റേയും നീൽ മക്കെൻസിയുടെയും 204 റൺസിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ റെക്കോർഡാണ് പാക് സഖ്യം തകര്‍ത്തത്.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ്:
ദക്ഷിണാഫ്രിക്കൻ ടീം ഒന്നാം ഇന്നിംഗ്‌സിൽ 615 റൺസിന് പുറത്തായി. റയാൻ റിക്കിൾട്ടൺ ഇരട്ട സെഞ്ച്വറി നേടി. താംബ ബാവുമയും കൈൽ വരിയനും സെഞ്ച്വറി നേടി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസും സൽമാൻ അലി ആഗയും മൂന്ന് വിക്കറ്റ് വീതവും മിർ ഹംസയും ഖുറം ഷഹ്‌സാദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
പാകിസ്ഥാന്‍റെ ഒന്നാം ഇന്നിങ്‌സ്:
ടെസ്റ്റിന്‍റെ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സിൽ 194 റൺസിന് പുറത്തായ പാക് ടീം ഫോളോ ഓണിന് ഇരയായി. ഒന്നാം ഇന്നിംഗ്‌സിൽ 58 റൺസുമായി ബാബർ അസം ടോപ് സ്കോററായി. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ മൂന്ന് വിക്കറ്റും കൊയ്‌ന മഫക, കേശവ് മഹാരാജ് എന്നിവർ രണ്ടും മാർക്കോ ജോൺസണും വിയാൻ മൾഡറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.