വാഷിങ്ടണ്‍: രാജി പ്രഖ്യാപനവുമായി വാഷിങ്ടണ്‍ പോസ്റ്റിലെ പുലിറ്റ്സര്‍ പുരസ്‌കാര ജേതാവായ രാഷ്‌ട്രീയ കാര്‍ട്ടൂണിസ്റ്റ് രംഗത്ത്. പത്രസ്ഥാപനത്തിന്‍റെ ഉടമസ്ഥനായ ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ മുട്ടിലിഴയുന്നതായി ചിത്രീകരിച്ചിട്ടുള്ള കാര്‍ട്ടൂണ്‍ സ്ഥാപനം പ്രസിദ്ധീകരിക്കാന്‍ തയാറാകാതെ വന്നതോടെയാണ് ആന്‍ ടെല്‍നയീസ് എന്ന വനിത തന്‍റെ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
താന്‍ തന്‍റെ പേന എന്തിന് വേണ്ടിയാണോ ഉപയോഗിക്കുന്നത് അതിനെയാണ് തന്‍റെ കാര്‍ട്ടൂണ്‍ തള്ളിയതിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് രാജിയെന്നും അവര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആമസോണ്‍ സ്ഥാപകനും വാഷിങ്ടണ്‍ പോസ്റ്റിന്‍റെ ഉടമയുമായ ജെഫ് ബസോസ്, ഫെയ്‌സ്ബുക്ക് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കാര്‍ ബര്‍ഗ്, മറ്റ് മാധ്യമ, സാങ്കേതിക രംഗത്തെ അതികായര്‍ പണക്കിഴികളുമായി ഭീമാകാരനായ ട്രംപിന് മുന്നില്‍ മുട്ടിലിഴയുന്നതായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണിനാണ് പത്രത്തില്‍ ഇടം കിട്ടാതിരുന്നത്.
എബിസി ന്യൂസിന്‍റെ ഉടമകളായ ഡിസ്‌നി കമ്പനിയുടെ ചിഹ്നമായ മിക്കി മൗസ് സാഷ്‌ടാംഗ നമസ്‌കാരം ചെയ്യുന്നതായും കാര്‍ട്ടൂണില്‍ കാണാം. അടുത്തിടെ ചാനല്‍ 150 ലക്ഷം ഡോളര്‍ നല്‍കി ട്രംപുമായുള്ള ഒരു മാനനഷ്‌ടക്കേസ് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ഒരു ലൈംഗികചൂഷണ കേസിന്‍റെ വിചാരണ റിപ്പോര്‍ട്ട് ചെയ്‌തതിന്‍റെ പേരില്‍ ട്രംപ് നല്‍കിയ അപകീര്‍ത്തി കേസിലായിരുന്നു ഇത്.
മുമ്പും തന്‍റെ പല കാര്‍ട്ടൂണുകളും പത്രം തള്ളിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴാണ് തന്‍റെ കാഴ്‌ചപ്പാടില്‍ രാജി വയ്ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കളിമാറിയിരിക്കുകയാണ്. ഇത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ടെല്‍നയീസിന്‍റെ കാര്‍ട്ടൂണ്‍ തങ്ങള്‍ പ്രസിദ്ധീകരിക്കാതെ ഇരുന്നത് ഏതെങ്കിലും ബാഹ്യശക്തികളുടെ പ്രേരണ കൊണ്ടല്ലെന്ന് ജനാധിപത്യം ഇരുട്ടില്‍ മരിക്കുന്നുവെന്ന മുദ്രാവാക്യമുയര്‍ത്തുന്ന പത്രമായ വാഷിങ്ടണ്‍ പോസ്റ്റ് വിശദീകരിക്കുന്നു. ഇതേവിഷയത്തില്‍ തങ്ങള്‍ ഒരു കോളം പ്രസിദ്ധീകരിച്ചിരുന്നു. കാര്‍ട്ടൂണ്‍ മറ്റൊരു കോളത്തിലേക്ക് മാറ്റുക മാത്രമാണ് ചെയ്‌തത്. ഇത് തികച്ചും പ്രസിദ്ധീകരണ യോഗ്യമായ ആക്ഷേപ ഹാസ്യമാണെന്നും എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ഡേവിഡ് ഷിപ്‌ലെ പ്രസ്‌താവനയില്‍ പറഞ്ഞു. ആവര്‍ത്തനം ഉണ്ടാകരുതെന്ന് മാത്രമാണ് തങ്ങളുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ മാധ്യമസ്ഥാപനം ട്രംപിന്‍റെ ആദ്യ പ്രസിഡന്‍റ് പദ കാലത്ത് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. രണ്ട് ഇംപീച്ച്മെന്‍റുകളും 2020ല്‍ തോല്‍വി അംഗീകരിക്കാതിരുന്ന നടപടിയുമടക്കം ശക്തമായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ട്രംപ് അനുയായികള്‍ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഇരച്ചു കയറിയതടക്കം ശക്തമായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ഈ മാസം ഇരുപതിന് ട്രംപ് അധികാരത്തിലേറാന്‍ ഇരിക്കെ മാധ്യമങ്ങളുടെ അടക്കം പ്രമുഖ കമ്പനി മേധാവിമാര്‍ അദ്ദേഹവുമായി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആപ്പിള്‍ മേധാവി ടിം കുക്ക് മുതല്‍ ബസോസും സക്കര്‍ബര്‍ഗും വരെയുള്ളവര്‍ ഫ്ളോറിഡ എസ്റ്റേറ്റിലെത്തി ട്രംപുമായി കൂടിക്കാഴ്‌ച നടത്തി.
സാമൂഹ്യമാധ്യമമായ എക്‌സിന്‍റെ ഉടമസ്ഥനും ലോകത്തെ ഏറ്റവും വലിയ ധനികനുമായ എലോണ്‍ മസ്‌കാണ് നിയുക്ത പ്രസിഡന്‍റിന്‍റെ ഏറ്റവും അടുത്ത ഉപദേശകന്‍. ആമസോണും മെറ്റയും പത്ത് ലക്ഷം ഡോളര്‍ വീതമാണ് ട്രംപിന്‍റെ ഉദ്ഘാടന ഫണ്ടിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്.
പുലിറ്റ്സര്‍ അടക്കം വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ടെല്‍നീയസ് 2008 മുതല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.