ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഈയാഴ്‌ച തന്നെ രാജി വച്ചേക്കുമെന്ന് സൂചന. സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അസ്വാരസ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പ്രമുഖ പത്രങ്ങളായ ദ ഗ്ലോബും മെയ്‌ലും റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ന് തന്നെ ഇദ്ദേഹത്തിന്‍റെ രാജി ഉണ്ടായേക്കാമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബുധനാഴ്‌ച നടക്കുന്ന ലിബറല്‍ പാര്‍ട്ടി കോക്കസിന് മുന്നോടിയായി തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഗ്ലോബിന്‍റെ റിപ്പോര്‍ട്ട്. ലിബറല്‍ പാര്‍ട്ടിക്ക് പുതു നേതൃത്വം ഉണ്ടാകും വരെ ട്രൂഡോ ചുമതലകളില്‍ തുടരുമോയെന്ന കാര്യം വ്യക്തമല്ലെന്നും ഗ്ലോബിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2015ല്‍ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തിയ ട്രൂഡോ2019ലും 2021ലും പാര്‍ട്ടിക്ക് വന്‍ വിജയം നേടിക്കൊടുത്തു. എന്നാലിപ്പോള്‍ ഇദ്ദേഹം തന്‍റെ മുഖ്യ എതിരാളിയായ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്‌വറില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്. പൊതുജനാഭിപ്രായത്തില്‍ പിയറി 20 പോയിന്‍റ് മുന്നിലാണ്. ഏതായാലും കോക്കസിന് മുന്‍പ് തന്നെ രാജി പ്രഖ്യാപിക്കുന്നതാകും നല്ലതെന്ന നിലപാടിലാണ് ട്രൂഡോ. കാരണം രാജി കോക്കസിന് ശേഷമായാല്‍ പാര്‍ട്ടി എംപിമാര്‍ തന്നെ പുറത്താക്കിയെന്നൊരു ധാരണ പരന്നേക്കുമെന്ന് ട്രൂഡോയ്ക്ക് അറിയാം. ഇതൊഴിവാക്കാനായി രാജി നേരത്തെ തന്നെയാകാനാണ് സാധ്യത.
നേതൃമാറ്റം പാര്‍ട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്നും വ്യക്തതയില്ല. പുതിയൊരു നേതാവിനെ കണ്ടെത്തും വരെ ട്രൂഡോ പ്രധാനമന്ത്രി പദത്തില്‍ തുടരുമോയെന്നും വ്യക്തമല്ല. നേതൃത്വ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ഈയാഴ്‌ച ചേര്‍ന്നേക്കും. കോക്കസിന് ശേഷമാകും ഇതെന്നും ദ ഗ്ലോബും മെയിലും റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്‌ച ലിബറല്‍ കോക്കസ് ചേരാനിരിക്കെ ട്രൂഡോയുടെ രാജിയ്ക്കായി എംപിമാര്‍ മുറവിളി ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം 27ന് എംപിമാര്‍ ഒട്ടാവയിലേക്ക് എത്തും. സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികളെന്ന് റേഡിയോ കാനഡ റിപ്പോര്‍ട്ട് ചെയ്‌തു.
കുറേ മാസങ്ങളായി കാനഡയില്‍ ഒരു രാഷ്‌ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നു. കാനഡയിലെ ബജറ്റിന് തൊട്ടുമുമ്പ് മുന്‍ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ക്രിസ്റ്റ്യ ഫ്രീലാന്‍ഡ് മന്ത്രിസഭയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരവാണ് ഈ സര്‍ക്കാരില്‍ പ്രവര്‍ത്തിക്കാനായതെന്ന് അവര്‍ തന്‍റെ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാനഡക്കും കാനഡയിലെ ജനതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. നാം ഒത്തു ചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ നേടിയെന്നും അവര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം താങ്കള്‍ എന്നോട് ധനകാര്യമന്ത്രിയായി തുടരേണ്ടതില്ലെന്നും മറ്റൊരു പദവി നല്‍കാമന്നും പറയുകയുണ്ടായി. അതിന്‍പ്രകാരമാണ് ഈ രാജിക്കത്ത്. ഒരു മന്ത്രി എപ്പോഴും തന്‍റെ പ്രധാനമന്ത്രിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മവിശ്വാസത്തിലാണ് ഓരോ മന്ത്രിയും നിലകൊള്ളുന്നത്. താങ്കള്‍ക്ക് എന്നിലുള്ള ആത്മവിശ്വാസം നഷ്‌ടമായിരിക്കുന്നുവെന്നാണ് എന്‍റെ രാജി ആവശ്യത്തിലൂടെ മനസിലാക്കുന്നത്. കഴിഞ്ഞ കുറേ ആഴ്‌ചകളായി നമുക്ക് പരസ്‌പരമുള്ള അഭിപ്രായങ്ങളില്‍ ഭിന്നതകളുണ്ടെന്നും ഇവര്‍ രാജിക്കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഫ്രീലാന്‍ഡിന്‍റെ രാജിയെ തുടര്‍ന്ന് എന്‍ഡിപി നേതാവ് ജഗ്‌മീത് സിങ് ട്രൂഡോ രാജി വയ്ക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരുന്നു. ട്രൂഡോയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Also Read: ട്രൂഡോയെ അട്ടിമറിക്കാന്‍ മുഖ്യ സഖ്യകക്ഷി രംഗത്ത്; സര്‍ക്കാരിന് പുത്തന്‍ വെല്ലുവിളി