വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ നവംബർ 13 ന് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് പ്രസിഡന്‍റ് സ്ഥാനമൊഴിയുന്ന ജോ ബൈഡൻ. അധികാര കൈമാറ്റത്തിന്‍റെ ഭാഗമായാണ് ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. ഇതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ട്രംപിന്‍റെ നടപടികള്‍ ഔപചാരികമായി ആരംഭിക്കും. ബൈഡനും ട്രംപും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തും.
'പ്രസിഡന്‍റ് ബൈഡന്‍റെ ക്ഷണപ്രകാരം, പ്രസിഡന്‍റ് ബൈഡനും നിയുക്ത പ്രസിഡന്‍റ് ട്രംപും ബുധനാഴ്‌ച രാവിലെ 11 മണിക്ക് ഓവൽ ഓഫിസിൽ കൂടിക്കാഴ്‌ച നടത്തും,' എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി ഒരു പ്രസ്‌താവനയില്‍ അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റും പുതിയ പ്രസിഡന്‍റും തമ്മിലുള്ള കൂടിക്കാഴ്‌ച പതിറ്റാണ്ടുകൾ പഴക്കമുള്ള അമേരിക്കയുടെ പാരമ്പര്യമാണ്.
ഓവൽ ഓഫിസിൽ വച്ചാണ് കൂടിക്കാഴ്‌ച നടക്കുക. രാജ്യത്തിന്‍റെ സ്ഥിതിഗതികളെ കുറിച്ചുള്ള വിവരങ്ങള്‍ ബൈഡൻ ട്രംപിന് കൈമാറും. സ്ഥാനമൊഴിയുന്ന പ്രഥമ വനിതയും, പുതിയ പ്രഥമ വനിതയും തമ്മിലും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തും.