ജറുസലേം: ഇസ്രയേല്‍ വ്യോമാക്രമണത്തിൽ തങ്ങളുടെ സൈനിക വിഭാഗത്തിന്‍റെ തലവൻ മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ഒക്‌ടോബർ 7-ലെ തെക്കൻ ഇസ്രയേലിലെ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ദെയ്‌ഫ് കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രഖ്യാപിച്ച് ആറ് മാസത്തിന് ശേഷമാണ് ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു തെക്കൻ ഗാസയില്‍ വച്ച് മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രഖ്യാപിച്ചത്. ഹമാസിന്‍റെ സായുധ വിഭാഗത്തിന്‍റെ വക്താവ് അബു ഒബൈദ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടതായി അറിയിച്ചിരിക്കുന്നത്. അബു ഒബൈദ നടത്തിയ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്യുന്നതിനായി പലസ്‌തീന്‍ തടവുകാരുടെ മോചനത്തിന്‍റെ തത്സമയ സംപ്രേക്ഷണങ്ങൾ അറബ് ടെലിവിഷൻ നെറ്റ്‌വർക്കുകൾ നിര്‍ത്തിവച്ചിരുന്നു.
വർഷങ്ങളായി, ഇസ്രായേലിന്‍റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഒന്നാമതായിരുന്നു മുഹമ്മദ് ദെയ്‌ഫ്. നേരത്തെ നിരവധി ഇസ്രയേലി വധശ്രമങ്ങളിൽ നിന്നും ദെയ്‌ഫ് രക്ഷപ്പെട്ടിട്ടുണ്ട്. മറ്റ് നാല് അംഗങ്ങളുടെ മരണവും ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദെയ്‌ഫിന്‍റെ രണ്ടാമത്തെ കമാൻഡറും തെക്കൻ ഇസ്രയേലിലെ ആക്രമണത്തിന്‍റെ സൂത്രധാരനും ആയിരുന്ന മർവാൻ ഇസ്സ, തെക്കൻ നഗരമായ ഖാൻ യൂനിസിലെ ഹമാസ് കമാൻഡറായ റഫാ സലാമ എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ മരണം കഴിഞ്ഞ വര്‍ഷത്തില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.
ALSO READ: വാഷിങ്ടണ്‍ വിമാന ദുരന്തം: 67 പേരുടെയും മരണം സ്ഥിരീകരിച്ചു, ബൈഡനെയും ഒബാമയെയും കുറ്റപ്പെടുത്തി ട്രംപ്
അതേസമയം വെടിനിർത്തലിന്‍റെ അവസാന രണ്ടാഴ്‌ചയ്ക്കിടെ ഗാസയിലെ പ്രധാന പലസ്‌തീൻ ശക്തിയായി ഹമാസ് ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. യൂണിഫോം ധരിച്ച, തോക്കുധാരികളായ ഡസൻ കണക്കിന് ഹമാസുകാര്‍ കുടിയിറക്കപ്പെട്ട പലസ്‌തീനികളെ വടക്കൻ പ്രദേശങ്ങളിലെ വീടുകളിലേക്ക് തിരികെ സ്വാഗതം ചെയ്‌തു. ഇസ്രയേലി ബന്ദികളെ റെഡ് ക്രോസിന് കൈമാറുന്നതിലും ഇവര്‍ ഇടപെടുന്നുണ്ട്.