ന്യൂഡല്‍ഹി : ഗാസയിലെ നഗരമായ റഫേയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശങ്ങള്‍ അവസാനിപ്പിക്കണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശത്തോട് പ്രതികരിച്ച് ഇസ്രയേല്‍ രംഗത്ത്. രാജ്യാന്തര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നടത്തിയ വംശഹത്യ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും നിഷ്‌ഠൂരവും അധാര്‍മികവുമാണെന്നും ഇസ്രയേല്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ തലവന്‍ തസ്‌ചി ഹനേഗ്‌ബിയും വിദേശകാര്യമന്ത്രാലയ വക്താവ് ഒറെന്‍ മാര്‍മോര്‍സ്റ്റെയിനും ചൂണ്ടിക്കാട്ടി.
2023 ഒക്‌ടോബര്‍ ഏഴിന് തങ്ങളുടെ ജനതയ്ക്ക് നേരെ നടന്ന ഒരാക്രമണത്തെ പ്രതിരോധിക്കാന്‍ മാത്രമാണ് തങ്ങള്‍ ശ്രമിച്ചത്. ഹമാസിനെ ഉന്‍മൂലനം ചെയ്യണമെന്നും അവര്‍ ബന്ദികളാക്കിയ തങ്ങളുടെ പൗരന്‍മാരെ രക്ഷപ്പെടുത്തണം എന്നതും മാത്രമായിരുന്നു തങ്ങളുടെ ഉദ്ദേശ്യം. തങ്ങളുടെ പൗരന്‍മാരെയും ഭൂവിഭാഗത്തെയും സംരക്ഷിക്കാനും ശ്രമിച്ചു. രാജ്യാന്തര നിയമങ്ങളും ധാര്‍മിക മൂല്യങ്ങളും രാജ്യാന്തര മാനവിക നിയമങ്ങളും പാലിച്ചായിരുന്നു തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.