കെയ്‌റോ: വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈജിപ്‌തിലെ കെയ്‌റോയില്‍ നടക്കുന്നതിന് തൊട്ടുമുന്‍പ് ഗാസ മുനമ്പില്‍ കൂട്ടക്കൊല നടത്തി ഇസ്രയേല്‍ സൈന്യം. ഇന്ന് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പായി നടത്തിയ ആക്രമണത്തില്‍ 60ഓളം പലസ്‌തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഡീര്‍ എല്‍ ബാലയിലേക്ക് ഇസ്രയേൽ ടാങ്കുകളും ബുൾഡോസറുകളും പ്രവേശിച്ചിട്ടുണ്ട്.
മേഖലയിലുള്ള ഒരു ലക്ഷത്തിലധികം ആളുകളോടും രണ്ട് ദിവസത്തിനുള്ളില്‍ പാലായനം ചെയ്യണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഖാൻ യൂനൂസില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരു വീട്ടിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പടടെ 11 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മൂന്ന് ആക്രമണങ്ങള്‍ക്ക് ശേഷം 33 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് നാസർ ആശുപത്രി അധികൃതര്‍ നല്‍കുന്ന കണക്ക്. മറ്റൊരു ആക്രമണത്തിന് പിന്നാലെ മൂന്ന് മൃതദേഹങ്ങളാണ് ലഭിച്ചതെന്നാണ് അൽ-അഖ്‌സ ആശുപത്രി അറിയിച്ചത്.
ഇസ്രായേൽ സേനയെ ഭാഗികമായി പിൻവലിച്ചതിന് ശേഷം ഖാൻ യൂനിസിന്‍റെ ഹമദ് സിറ്റി പ്രദേശത്ത് നിന്ന് 16 മൃതദേഹങ്ങളും ഖാൻ യൂനിസിന് പടിഞ്ഞാറ് റസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് 10 മൃതദേഹങ്ങളും തെക്ക് റാഫയിലെ രണ്ട് മൃതദേഹങ്ങളും ആദ്യം കണ്ടെടുത്തു. അവരുടെ മരണത്തിൻ്റെ സാഹചര്യങ്ങൾ വ്യക്തമല്ല. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്‌ചയായി ഇസ്രയേൽ സൈന്യം ആവർത്തിച്ച് ബോംബാക്രമണം നടത്തിവരികയാണ്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ 7 ന് ഹമാസും മറ്റ് തീവ്രവാദികളും ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,200 ഓളം സാധാരണക്കാരയ ആളുകൾ കൊല്ലപ്പെട്ടതോടെയാണ് ഗാസയിൽ വീണ്ടും യുദ്ധം ആരംഭിച്ചത്. ഇസ്രയേലിൻ്റെ പ്രതികാര ആക്രമണത്തിൽ 40,000 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലുടനീളമുള്ള ആശുപത്രികളിൽ 69 പേർ മരിക്കുകയും 212 പേരെ പരിക്കേൽക്കുകയും ചെയ്‌തതായി മന്ത്രാലയം അറിയിച്ചു.
Also Read : ഗാസയിലെ ഡോക്‌ടർമാർക്ക് സ്‌റ്റെതസ്‌കോപ്പിനെക്കാൾ ആവശ്യം മൊബൈല്‍ ഫോൺ; ആശുപത്രികൾ വെളിച്ചമില്ലാതെ ഗുരുതരാവസ്ഥയില്‍