ടെൽ അവീവ്: ലെബനനുമായുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ ഇസ്രയേൽ മന്ത്രിസഭ ഇന്ന് (ചൊവ്വാഴ്‌ച) യോഗം ചേരും. ടെൽ അവീവിലെ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ആസ്ഥാനത്താണ് യോഗമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചര്‍ച്ചയ്ക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്.
ഞായറാഴ്‌ച രാത്രി ഇസ്രയേൽ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ കൂടിയാലോചനയിലാണ് ലെബനനില്‍ വെടിനിര്‍ത്തലിനെപ്പറ്റി ആലോചിക്കാമെന്ന് നെതന്യാഹു അറിയിച്ചത്. ഇന്ന് ചേരുന്ന ഇസ്രയേൽ മന്ത്രിസഭ നിർദിഷ്‌ട കരാറിൽ വോട്ട് ചെയ്യുമെന്നും അത് പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹുവിന്‍റെ വക്താവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കരാറിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യാനുള്ള വലിയ അവസരമാണ് നഷ്‌ടപ്പെടുന്നത് എന്നും ഇത് വലിയ തെറ്റാണ് എന്നുമാണ് ഗ്വിര്‍ അഭിപ്രായപ്പെട്ടത്. ഗാസയിലെ വെടിനിർത്തൽ കരാറുകൾ തടയാനും ബെൻ ഗ്വിർ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.