ന്യൂഡൽഹി:മാലദ്വീപില്‍ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) അവതരിപ്പിക്കുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു. ഇത് ടൂറിസം മേഖലയിൽ വളരെ നല്ല സ്വാധീനം ചെലുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ജയശങ്കറിന്‍റെ ത്രിദിന മാലദ്വീപ് സന്ദർശനത്തിനിടെ വെള്ളിയാഴ്‌ചയാണ് (ഓഗസ്‌റ്റ് 9) കരാറിൽ ഒപ്പുവെച്ചത്.
'മാലദ്വീപിൽ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനം അവതരിപ്പിക്കുന്നത് സംബന്ധിച്ച് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും മാലദ്വീപിലെ സാമ്പത്തിക വികസന വാണിജ്യ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു' - മന്ത്രി എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.
നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത മൊബൈൽ ഫോണുകൾ വഴിയുള്ള ഇൻ്റർ-ബാങ്ക് ഇടപാടുകൾ സുഗമമാക്കുന്നതിനുള്ള പേയ്‌മെൻ്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ).
ഡിജിറ്റൽ പേയ്‌മെൻ്റുകളെ കുറിച്ച് എസ് ജയ്‌ശങ്കർ:ഇന്ത്യ യുപിഐയിലൂടെ "ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്‌ടിച്ചിരിക്കുന്നു എന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറുമായി നടത്തിയ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് ജയ്‌ശങ്കർ പറഞ്ഞു. ഇത് ഇന്ത്യയിലെ സാമ്പത്തിക വ്യവസ്ഥയെ പുതിയ തലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇന്ന് ലോകത്തെ തത്സമയ ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ 40 ശതമാനവും നമ്മുടെ രാജ്യത്താണ് നടക്കുന്നത് എന്നും അറിയിച്ചു.
ധാരണാപത്രം ഒപ്പുവച്ചതോടെ, ഈ ഡിജിറ്റൽ നവീകരണം മാലദ്വീപിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ഞങ്ങൾ സ്വീകരിച്ചുവെന്നും, അത് ഏറെ സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ഇവിടെ ആദ്യ യുപിഐ ഇടപാട് ഉടൻ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ടൂറിസത്തിൽ വളരെ നല്ല സ്വാധീനം ചെലുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാരമാണ് മാലദ്വീപിന്‍റെ സാമ്പത്തികത്തിന്‍റെ പ്രധാന സ്രോതസ്. മാത്രമല്ല ദ്വീപ് ജിഡിപിയുടെ 30 ശതമാനത്തോളം സംഭാവന നൽകുകയും വിദേശനാണ്യത്തിന്‍റെ 60 ശതമാനത്തിലധികം നേടുകയും ചെയ്യുന്നുണ്ട്. മാലദ്വീപുമായുള്ള ഉഭയകക്ഷി ബന്ധം പുനഃസജ്ജമാക്കുക എന്നതാണ് ജയശങ്കറിന്‍റെ സന്ദർശനത്തിന്‍റെ ലക്ഷ്യം. ദ്വീപസമൂഹത്തിലെ ചൈന അനുകൂല പ്രസിഡന്‍റ് മുഹമ്മദ് മുയിസു കഴിഞ്ഞ വർഷം അധികാരമേറ്റതിന് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഉന്നതതല യാത്രയാണിത്.
ഇന്ത്യയും മാലദ്വീപുമായുള്ള പങ്കാളിത്തം പരസ്‌പരം ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മുൻകാലങ്ങളിൽ സാക്ഷ്യം വഹിച്ചതുപോലെ വെല്ലുവിളികളോട് എപ്പോഴും വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കുന്ന ഒരു പങ്കാളിത്തമാണിത് എന്നും ജയശങ്കർ പറഞ്ഞു.
തെരുവ് വിളക്കുകൾ, മാനസികാരോഗ്യ കേന്ദ്രം, കുട്ടികളുടെ സ്‌പീച്ച് തെറാപ്പി, പ്രത്യേക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ആറ് ഹൈ ഇംപാക്‌ട് പ്രോജക്‌ടുകൾ സംയുക്തമായി ഉദ്ഘാടനം ചെയ്‌തുവെന്നും ജയശങ്കർ എക്‌സിലെ ഒരു പോസ്‌റ്റിൽ കുറിച്ചു. നാഷണൽ സെന്‍റർ ഫോർ ഗുഡ് ഗവേണൻസും സിവിൽ സർവീസ് കമ്മീഷനും തമ്മിൽ 1000 സിവിൽ സർവീസ് ഓഫീസർമാരുടെ പരിശീലനവുമായി ബന്ധപ്പെട്ട ധാരണാപത്രം പുതുക്കിയതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യ എപ്പോഴും സുഹൃത്ത്:ഇന്ത്യ എല്ലായ്‌പ്പോഴും തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളും സുപ്രധാന വികസന പങ്കാളിയുമാണ് മാലദ്വീപ് വിദേശകാര്യ മന്ത്രി സമീർ പറഞ്ഞു. പരസ്‌പര വിശ്വാസത്തിൻ്റെയും ബഹുമാനത്തിൻ്റെയും അടിത്തറയിലാണ് ഈ സൗഹൃദം കെട്ടിപ്പടുത്തതെന്നും വർഷങ്ങളായി അത് തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലദ്വീപും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനും ഊർജ്ജസ്വലവും സമൃദ്ധവുമായ ഒരു സംയോജനം പ്രോത്സാഹിപ്പിക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങൾ സ്ഥാപിക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന പങ്കാളിത്തമാണിത്. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൻ്റെ ചർച്ചകൾ ആരംഭിക്കാനുള്ള പ്രസിഡൻ്റ് മുയിസുവിൻ്റെ നിർദ്ദേശത്തെ കുറിച്ച് മന്ത്രി ജയ്‌ശങ്കറിനെ അറിയിച്ചതായി സമീർ പറഞ്ഞു. ഈ കരാർ മറ്റ് സാമ്പത്തിക, വ്യാപാര സംബന്ധമായ കരാറുകൾക്കൊപ്പം വ്യാപാര ഉദാരവത്‌ക്കരണത്തെ സുഗമമാക്കുകയും നമ്മുടെ ഇരു രാജ്യങ്ങളിലും ബിസിനസ് ചെയ്യുന്നതിനുള്ള അപകടസാധ്യതകൾ ലഘൂകരിക്കുകയും ചെയ്യും എന്നും സമീർ വ്യക്തമാക്കി.
സംയുക്ത അഭ്യാസങ്ങൾ തുടരുന്നതിലൂടെയും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർക്ക് പരിശീലന അവസരങ്ങൾ വിപുലീകരിക്കുന്നതിലൂടെയും തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും മാലദ്വീപും സമ്മതിച്ചിട്ടുണ്ടെന്ന് സമീർ പറഞ്ഞു. നമ്മുടെ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
മാലദ്വീപിലെ മൂന്ന് വ്യോമയാന പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് കഴിഞ്ഞ വർഷം പ്രസിഡൻ്റ് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇത് മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് വലിയ തിരിച്ചടിയായി മാറി. തുടർന്ന്, മെയ് 10നകം ഇന്ത്യൻ സൈനികർക്ക് പകരം സാധാരണക്കാരെ നിയമിച്ചിരുന്നു.
"പ്രാദേശികവും ബഹുമുഖവുമായ പ്രാധാന്യമുള്ള വിഷയങ്ങളിൽ, നമ്മുടെ രാജ്യങ്ങൾക്ക് പൊതുവായ ധാരണയുണ്ട്, അവ പരിഹരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ ഐക്യവുമുണ്ട്. ഭീകരവാദം, മയക്കുമരുന്ന്, മനുഷ്യക്കടത്ത്, എന്നിവയിലും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക, സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിലും ഞങ്ങൾ തുടർന്നും സഹകരിക്കും എന്ന് സമീർ പറഞ്ഞു.
ജയ്‌ശങ്കറിന്‍റെ സന്ദർശനത്തിൽ നന്ദി അറിയിച്ച് പ്രസിഡൻ്റ് മുയിസു:'ഡോ എസ് ജയശങ്കറിനെ കാണാനും മാലദ്വീപിലെ 28 ദ്വീപുകളിലെ ജല - മലിനജല പദ്ധതികളുടെ ഔദ്യോഗിക കൈമാറ്റത്തിൽ അദ്ദേഹത്തോടൊപ്പം ചേരാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാലദ്വീപിനെ എല്ലായ്‌പ്പോഴും പിന്തുണച്ചതിന് ഇന്ത്യൻ സർക്കാരിനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ നന്ദി പറയുന്നു. സുരക്ഷ, വികസനം, സാംസ്‌കാരിക വിനിമയം എന്നിവയിലെ സഹകരണത്തിലൂടെ നമ്മുടെ രാഷ്ട്രങ്ങളെ കൂടുതൽ ബന്ധിപ്പിക്കുന്ന, നമ്മുടെ ശാശ്വത പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരും. ഞങ്ങൾ ഒരുമിച്ച്, ഈ മേഖലയ്ക്ക് കൂടുതൽ സമ്പന്നമായ ഭാവി കെട്ടിപ്പടുക്കുന്നു' - മാലദ്വീപ് പ്രസിഡൻ്റ് മുയിസു എക്‌സിൽ കുറിച്ചു.
ഇന്ത്യയും മാലദ്വീപും അടുത്ത അയൽക്കാർ മാത്രമല്ല, ഞങ്ങൾ പങ്കാളികൾ കൂടിയാണ് എന്ന് ജയ്‌ശങ്കർ തൻ്റെ പത്രക്കുറിപ്പിൽ പറഞ്ഞു. മാലദ്വീപിന് പ്രത്യേകമായി, സാമ്പത്തിക സഹായത്തിലൂടെയും ബജറ്ററി പിന്തുണയിലൂടെയും, നിർണായക വസ്‌തുക്കളുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിലൂടെയും സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ഇന്ത്യ പിന്തുണ നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സബ്‌കാ സാത്ത്, സബ്‌കെ വികാസ്' അതായത്, 'ഒരുമിച്ച്, ഞങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നു' എന്ന തത്ത്വചിന്തയോടുള്ള ഉറച്ച പ്രതിബദ്ധതയോടെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ തുടരുമെന്ന് ജയ്‌ശങ്കർ പറഞ്ഞു.
Also Read:ബംഗ്ലാദേശിലുള്ളത് പത്തൊമ്പതിനായിരത്തോളം ഇന്ത്യാക്കാര്‍; ഭൂരിഭാഗം പേരും വിദ്യാർഥികളെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ