വാഷിങ്ടണ്‍:തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കമല ഹാരിസിനെതിരെ വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്. കമലയേക്കാള്‍ താൻ സുന്ദരനാണെന്ന് പറഞ്ഞ ട്രംപ് നിരവധി വംശീയ - വ്യക്തി അധിക്ഷേപങ്ങളും നടത്തി. പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന്‍റെ പരാമര്‍ശങ്ങള്‍.
അടുത്തിടെ വാള്‍സ്‌ട്രീറ്റ് ജേണലില്‍ കമല ഹാരിസിനെ 'സുന്ദരി'യെന്ന് വിശേഷിപ്പിച്ച് ഒരു കോളം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കമലയുടെ സൗന്ദര്യവും അവരെ കുറിച്ച് അറിയുന്നവര്‍ പറയുന്ന കാര്യങ്ങളും കേട്ടാല്‍ ഒരിക്കലും അവരുടെയൊരു മോശം ചിത്രമെടുക്കാൻ സാധിക്കില്ലെന്നായിരുന്നു കോളമിസ്റ്റായ പെഗ്ഗി നൂനൻ എഴുതിയിരുന്നത്. വാള്‍ സ്ട്രീറ്റ് ജേണലിലെ ഈ കോളമാണ് ട്രംപിനെ പ്രകോപിതനാക്കിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റാലിയില്‍ സംസാരിക്കവെ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി ഡേവിഡ് മക്കോർമിക്കിനെ അഭിസംബോദന ചെയ്‌ത ട്രംപ് നിങ്ങള്‍ ഒരിക്കലും ഒരു സ്ത്രീയെ സുന്ദരി എന്ന് വിളിക്കരുതെന്നും അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ അവസാനമായിരിക്കുമെന്നും പറഞ്ഞു. ടൈംസ് മാഗസിനില്‍ വന്ന കമലയുടെ ചിത്രവും ട്രംപ് റാലിക്കിടെ ഉയര്‍ത്തിക്കാട്ടി. കമലയുടെ ഫോട്ടോ എടുത്തത് നന്നാകാതിരുന്നത് കൊണ്ട് മാഗസിന് പുതിയൊരു സ്കെച്ച് ആര്‍ട്ടിസ്റ്റിനെ നിയമിക്കേണ്ടി വന്നിരുന്നുവെന്നും ട്രംപ് ആരോപിച്ചു.