മലപ്പുറം : ഉയർന്ന ലെവലിൽ നടപ്പാക്കിയ കൊലപാതകമാണ് പെരിയ ഇരട്ടക്കൊലക്കേസെന്ന് പികെ കുഞ്ഞാലിക്കുട്ടി. എംഎൽഎ ലെവലിലുള്ളയാള്‍ ഈ കേസിൽ ഉൾപ്പെട്ടുവെന്നുള്ളതാണ് ഈ കേസിനെ വ്യത്യസ്‌തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രിതമായി ഉയർന്ന ലെവലിൽ നടപ്പിലാക്കിയ ഒരു കൊലപാതകമാണ്. വളരെ ക്രൂരമായ കൊലപാതകമായിരുന്നു ഇത്. ഇതിന് ശിക്ഷ ലഭിച്ചുവെന്നുള്ളത് മാതൃകാപരമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുടുംബത്തിൻ്റെ വികാരത്തെ മാനിക്കുന്നു. അവർ ശിക്ഷ പോരാ എന്നാണ് പറഞ്ഞിട്ടുള്ളത്. കോൺഗ്രസ് കുടുംബത്തോടൊപ്പം നിൽക്കും. പാർട്ടിയുടെ അഭിപ്രായവും ഇത് തന്നെയാണ്. കൊലപാതകത്തിൻ്റെ ക്രൂരത അനുസരിച്ച് ശിക്ഷ കുറഞ്ഞുപോയിയെന്നേ പറയാനുള്ളൂ. എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചന ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. ആസൂത്രിതമായിട്ട് ആലോചിച്ച് കൊലപാതകം നടത്തുകയെന്നുള്ളത് സംസ്ഥാനത്തിന് തന്നെ നാണക്കേടായിട്ടുള്ള ഒരു കാര്യം തന്നെയാണ്.
കൊലപാതകത്തിൽ പങ്കില്ലായെന്ന് പ്രതികൾ പറയുന്നത് സ്ഥിരം പറയുന്ന പ്രസ്‌താവനയായിട്ടേ ജനങ്ങൾ കാണുകയുള്ളു. പങ്കില്ലായെന്ന് പറഞ്ഞ് കഴിഞ്ഞാൽ ജനങ്ങൾ വിശ്വസിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ആ സാഹചര്യം ഒക്കെ ഇപ്പോൾ മാറി. ഈ കേസിൽ അതൊരു തെളിവായി മാറുകയും ചെയ്‌തു. ശിക്ഷിക്കപ്പെടുന്നവർക്ക് ഒപ്പം പാർട്ടി ഉണ്ട് എന്നതാണ് കൊലപാതകം ആവർത്തിക്കാനുള്ള കാരണം. എന്ത് ക്രൂരകൃത്യം ചെയ്‌താലും നോക്കാൻ ആളുണ്ട് എന്നതാണ് അവസ്ഥ. അതിൽ ഇനിയെങ്കിലും മാറ്റം വരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.