മലപ്പുറം: കാട്ടാനയാക്രമണത്തിൽ മണി എന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം. നിലമ്പൂർ ഫോറസ്‌റ്റ് ഓഫിസ് അടിച്ച് തകർത്തു. പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അൻവർ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
"ഇന്നലെ (ജനുവരി 5) വൈകിട്ട് 6.30നാണ് കരുളായിയിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയെന്ന് പറയുന്ന ആദിവാസി യുവാവ് മരിച്ചത്. ആന ആക്രമിച്ച് ഏകദേശം രണ്ടര മണിക്കൂറോളം ആ യുവാവ് രക്തം വാർന്ന് ആ കാട്ടിൽ കിടന്നു. ഇൻക്വസ്‌റ്റ്, പോസ്‌റ്റ്‌മോർട്ടം നടപടികൾ വൈകി.
തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ല. മണിയുടെ മരണത്തിൽ ഇതുവരെയും സർക്കാരും വനംവകുപ്പ് മന്ത്രിയും നിലപാടുമെടുത്തിട്ടില്ല. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞ് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്."- പിവി അന്‍വര്‍ പറഞ്ഞു.
കുട്ടികളെ ട്രൈബൽ ഹോസ്‌റ്റലിലാക്കി തിരിച്ചുവരുന്നതിനിടെയാണ് മണി കാട്ടാനയ്‌ക്ക് മുന്നില്‍ പെടുന്നത്. കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന കുഞ്ഞ് തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു.
ആക്രമണം നടന്ന ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാൽ ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത് ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞിട്ടാണ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്മാർ ഉടനടി വാഹനം എത്തിച്ച് മണിയ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഇതൊരു വന്യജീവി ആക്രമണം എന്ന് പറഞ്ഞ് എഴുതി തള്ളേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടയിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. മണിയുടെ മരണം നടന്ന് മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് അധികൃതർ അവിടെ എത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
മണിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുമെന്ന് ഡിഎഫ്ഒ: മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം ഉടൻ നൽകുമെന്ന് ഡിഎഫ്ഒ ധനിത് ലാൽ അറിയിച്ചു. കൊടുംവനത്തിൽ വച്ചാണ് അപകടമുണ്ടായതെന്നും മണിയുടെ കുഞ്ഞ് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ പറഞ്ഞു. മണിയുടെ മരണം പുറംലോകം അറിയാൻ വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ വൈകിട്ട് 6.30നാണ് മണിയും സുഹൃത്തും കുട്ടികളുമായി കരുളായിൽ നിന്നും തിരിച്ചു പോകും വഴിയാണ് വെറ്റിലക്കൊല്ലിയിൽ ആനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ ആക്രമണത്തിൽ മണിയുടെ കയ്യിലിരുന്ന് കുട്ടിത്തെറിച്ച് പോവുകയായിരുന്നു കൂടെയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
വനംവകുപ്പിന് വിവരം അറിയിച്ചതിനെ തുടർന്ന് പനപാലകർ ആംബുലൻസിൽ നിലമ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി ചന്തക്കുന്ന് വച്ചായിരുന്നു മരണം സംഭവിച്ചത്.
Also Read: കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം