ധാക്ക:ബംഗ്ലാദേശിലെ തൊഴില്‍ സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി. പകുതിയിലധികം മരണവും പൊലീസ് വെടിവെപ്പിലാണെന്ന് വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭം വ്യാപിച്ചതോടെ ബംഗ്ലാദേശില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രദേശത്ത് സൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്. മധ്യ ബംഗ്ലാദേശ് ജില്ലയായ നർസിംഗ്‌ഡിയിലെ ജയിലിന് പ്രതിഷേധക്കാർ തീയിടുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. നൂറുകണക്കിന് തടവുകാരെ ഇത്തരത്തില്‍ മോചിപ്പിച്ചതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
വെള്ളിയാഴ്‌ച മാത്രം തലസ്ഥാനത്ത് കുറഞ്ഞത് 52 പേരെങ്കിലും കൊല്ലപ്പെട്ടു എന്ന് ധാക്ക മെഡിക്കൽ കോളജ് ആശുപത്രി അറിയിച്ചു. വിദ്യാർഥി സമരക്കാർക്ക് നേരെയുള്ള ആക്രമണം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പ്രതികരിച്ചു.
അതേസമയം, രാജ്യത്ത് കലാപം രൂക്ഷമായ സാഹചര്യത്തിൽ 405 ഇന്ത്യൻ വിദ്യാർഥികളെ ഡാവ്കി ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി ബംഗ്ലാദേശിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമേ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും രക്ഷിച്ചതായും സാംഗ്മ പറഞ്ഞു.
സംവരണ പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തില്‍ പ്രാദേശിക യാത്രകൾ ഒഴിവാക്കണമെന്ന് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പുറപ്പെടുവിച്ച നിര്‍ദേശം കൃത്യമായി പാലിക്കണമെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ ഏത് സഹായത്തിനും ഹൈക്കമ്മിഷനും അസിസ്റ്റന്‍റ് ഹൈക്കമ്മിഷനുകളും ഹെൽപ് ലൈൻ നമ്പറുകളിൽ ലഭ്യമാകുമെന്ന് എംഇഎ അറിയിച്ചു.
ഡാവ്കി ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി 363 പേർ വെള്ളിയാഴ്‌ച മാത്രം മേഘാലയയിൽ എത്തിയെന്ന് മുതിർന്ന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇവരിൽ 204 പേർ ഇന്ത്യക്കാരാണ്. 158 പേർ നേപ്പാളികളും ഒരാൾ ഭൂട്ടാനിൽ നിന്നുമാണ്. ഇന്ത്യയിലേക്ക് എത്തിയവരില്‍ അധികവും വിദ്യാർഥികളാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read :ധാക്ക സംഘര്‍ഷം: ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം