ലോകം പുതുവത്സരാഘോഷ ലഹരിയിലാണ്. കിരിബാത്തി, ന്യൂസിലന്‍ഡ് തുടങ്ങിയ പല രാജ്യങ്ങളിലും ഇതിനകം തന്നെ പുതുവര്‍ഷം പിറന്ന് കഴിഞ്ഞു. പല നഗരങ്ങളിലും വര്‍ണാഭമായ വെടിക്കെട്ടുകളോടെ ആണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി ക്ലോക്കിലെ സൂചി കൃത്യം പന്ത്രണ്ട് മണിയിലെത്തുമ്പോള്‍ ലോകം പുതുവത്സരാഘോഷത്തിലേക്ക് കടക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതുവത്സരാഘോഷത്തിന്‍റെ ചരിത്രം
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലിലോണിയക്കാരാണ് പുതുവര്‍ഷാഘോഷത്തിന് തുടക്കം കുറിച്ചതെന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടാം പകുതിയോടെ എത്തുന്ന പൗര്‍ണമി ദിനമാണ് ഇവര്‍ പുതുവത്സരാഘോഷത്തിനായി തിരഞ്ഞെടുത്തത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനമായിരുന്നു ഇതു. മെസപ്പട്ടോമിയയിലും ഇതേ ദിവസം തന്നെ പുതുവത്സരാഘോഷത്തിനായി തിരഞ്ഞെടുത്തിരുന്നു.
എന്നാല്‍ ഇന്ന് മിക്കയിടങ്ങളിലും ഗ്രിഗോറിയന്‍ കലണ്ടറിന്‍റെ അവസാന മാസത്തിലെ അവസാന ദിനമായ ഡിസംബര്‍ 31ന് രാത്രിയിലാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുതുവത്സര ദിനമായ ജനുവരി ഒന്നാം തീയതിയിലേക്കും ആഘോഷങ്ങള്‍ നീളുന്നു.
എന്ത് കൊണ്ട് ജനുവരി ഒന്ന് പുതുവത്സരദിനമായി ദിനമായി കരുതുന്നത്?
ആദ്യകാല റോമന്‍ കലണ്ടറില്‍ പത്ത് മാസങ്ങളാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തില്‍ 304 ദിനങ്ങളും. ശരത് കാല പൗര്‍ണമിയില്‍ പുതുവര്‍ഷത്തിന് തുടക്കമാകുമായിരുന്നു. റോമിന്‍റെ സ്ഥാപകനായ റോമുലസ് ആണ് ഒന്‍പതാം നൂറ്റാണ്ടില്‍ ഇങ്ങനെയൊരു കലണ്ടര്‍ കൊണ്ടു വന്നത്.
എന്നാല്‍ പിന്നീട് വന്ന രാജാവായ ന്യൂമ പോമ്പിലിയസ്, ജാനുവാരിയസും ഫെബ്രുവാരിയാസും എന്ന രണ്ട് മാസങ്ങള്‍ കൂടി ഇതോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍ കാലം കടന്ന് പോയതോടെ ഈ കലണ്ടര്‍ ഇല്ലാതായി. ഇതിനൊരു പരിഹാരം കാണാന്‍ 46 ബിസിയില്‍ ജൂലിയസ് സീസര്‍ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ സമകാലീനരായ ജ്യോതിശാസ്‌ത്രജ്ഞന്‍മാരോടും ഗണിത ശാസ്‌ത്രജ്ഞന്‍മാരോടും ആലോചിച്ചായിരുന്നു ഇത്തരമൊരു നീക്കം അദ്ദേഹം നടത്തിയത്.
അദ്ദേഹം കൊണ്ടുവന്നതാണ് ജൂലിയന്‍ കലണ്ടര്‍. ഇന്ന് ലോകമെമ്പാടും മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്ന നമ്മുടെ നിലവിലെ ഗ്രിഗോറിയന്‍ കലണ്ടറുമായി ഏറെ സാമ്യമുണ്ടായിരുന്ന കലണ്ടറാണിത്. സീസര്‍ ജനുവരി ഒന്ന് വര്‍ഷത്തിന്‍റെ ആദ്യ ദിനമായി തിരഞ്ഞെടുത്തു. ഒന്നാമത്തെ മാസത്തിന് അദ്ദേഹം റോമന്‍ ദേവതയായ ജാനസിന്‍റെ പേര് നല്‍കി.
രണ്ട് മുഖങ്ങളുള്ള ദേവതയായിരുന്നു ജാനസ്. ഇവര്‍ക്ക് ഒരു മുഖം കൊണ്ട് മുന്നോട്ടേക്കും മറ്റേ മുഖം കൊണ്ട് പിന്നോട്ടും നോക്കാനാകുമായിരുന്നു. റോമാക്കാര്‍ ജാനസിന് വേണ്ടി ബലി അര്‍പ്പിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും വീടുകള്‍ അലങ്കരിക്കുകയും മറ്റും ചെയ്‌തിരുന്നു.
മധ്യ യൂറോപ്പില്‍ ക്രൈസ്‌തവ നേതാക്കള്‍ ഇതിന് ചില പരിഷ്ക്കാരങ്ങള്‍ വരുത്തിക്കൊണ്ട് മതപരമായി ഏറെ പ്രാധാന്യമുള്ള ഉണ്ണിയേശുവിന്‍റെ ജന്മദിനമായ ഡിസംബര്‍ 25 ഉം ഗബ്രിയേല്‍ മാലാഖ വിശുദ്ധമേരിയുടെ അടുത്തെത്തി അവര്‍ ദൈവപുത്രന്‍റെ അമ്മയാകാന്‍ പോകുന്നുവെന്ന വിവരം അറിയിച്ച ദിവസമായ മാര്‍ച്ച് 25 (The Feast of Annunciation) പുതുവര്‍ഷമായി ആഘോഷിക്കാന്‍ തുടങ്ങി. 1582ല്‍ പോപ്പ് ഗ്രിഗറി പുതിയ കലണ്ടര്‍ ആവിഷ്ക്കരിക്കുകയും ജനുവരി ഒന്ന് പുതുവര്‍ഷ ദിനമായി പ്രഖ്യാപിക്കുകയും ആഘോഷിച്ച് തുടങ്ങുകയും ചെയ്യും വരെ ഇത് തുടര്‍ന്നു. ഇതോടെ ജനുവരി ഒന്ന് ലോക വ്യാപകമായി പുതുവര്‍ഷ ദിനമായി അംഗീകരിക്കുകയും ചെയ്‌തു.
ലോകമെമ്പാടും ജനുവരി ഒന്ന് പുതുവര്‍ഷ ദിനമായി ആഘോഷിക്കുന്നുണ്ടെങ്കിലും വിവിധ സംസ്‌കാരങ്ങളുടെ ഇടയിലുള്ള വ്യത്യസ്‌തതകള്‍ ഇതിനെ പുതുവര്‍ഷമായി അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. ഈ വ്യത്യസ്‌ത ആചാരങ്ങളെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മാനുഷികതയും പ്രാദേശികതയെ അംഗീകരിക്കലും.
പുതുവത്സരാഘോഷത്തിന്‍റെ പ്രാധാന്യം
ലോകമെമ്പാടും പുതു വര്‍ഷത്തിന്‍റെ തുടക്കം എന്നത് ഒരു പ്രതീകാത്മക തുടക്കമാണ്. ഏറെ പ്രതീക്ഷകളോടെയുള്ള പുത്തന്‍ തുടക്കം. ആളുകള്‍ക്ക് പുതിയ അവസരങ്ങളും ലക്ഷ്യങ്ങളും തേടാനുള്ള പ്രോത്സാഹനം കൂടിയാണിത്.
മികച്ച മാറ്റങ്ങള്‍ക്ക് തുടക്കമിടാനുള്ള നല്ല സമയം കൂടിയാണ് പുതുവര്‍ഷം. പുതുവര്‍ഷ പ്രതിജ്ഞകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ സര്‍വസാധാരണമാണ്. നമ്മുടെ ഇടയിലും ഇപ്പോഴിതിന് ഏറെ സ്വീകാര്യതയുണ്ട്. ഒരു ദുശീലമോ അനാവശ്യ സ്വഭാവമോ മറ്റോ ഉപേക്ഷിക്കുന്നത് മുതല്‍ വ്യക്തിപരമായ ഒരു ലക്ഷ്യം ഉറപ്പിക്കുന്നത് വരെ ഇതില്‍ പെടുന്നു.
സാധാരണയായി പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, കൂടുതല്‍ സമയം വ്യായമത്തിനായി നീക്കി വയ്ക്കുക, കൂടുതല്‍ ചിരിക്കുക തുടങ്ങിയവയാണ് പുതുവര്‍ഷ പ്രതിജ്ഞകളായി എല്ലാവരും എടുക്കുന്നത്.
ജനുവരി ഒന്നിനപ്പുറം; ലോകത്തിന്‍റെ വിവിധയിടങ്ങളിലെ പുതുവത്സരാഘോഷം
ചൈനയിലെ പുതുവര്‍ഷം: ചൈനീസ് പുതുവര്‍ഷം വസന്തോത്സവം അല്ലെങ്കില്‍ ചാന്ദ്രപുതുവര്‍ഷം എന്നാണ് അറിയപ്പെടുന്നത്. ചൈനയിലും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹവും വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പോലെ നിശ്ചിത ദിവസമല്ല ചൈനീയിലെ പുതുവര്‍ഷം. ചാന്ദ്ര കലണ്ടറിനെ ആസ്‌പദമാക്കി ആഘോഷിക്കുന്നത് കൊണ്ട് തന്നെ ചൈനീസ് പുതുവര്‍ഷം ജനുവരി 21നും ഫെബ്രുവരി 20നുമിടയിലാണ് വരുന്നത്.
റോസ് ഹഷാനഹ്, ജൂതപ്പുതുവര്‍ഷം: ജൂതകലണ്ടറിലെ പ്രധാന ആഘോഷമാണിത്. സെപ്റ്റംബറിലോ ഒക്‌ടോബറിലോ ആണ് ഇത് വരുന്നത്. ജൂതമതത്തിലെ പരിശുദ്ധ ദിനങ്ങളുടെ തുടക്കം കൂടിയാണിത്. ഈ സമയത്ത് ലോകമെമ്പാടുമുള്ള ജൂത വിഭാഗത്തിലെ ആളുകള്‍ ഒത്തു കൂടികഴിഞ്ഞ വര്‍ഷത്തെ പോരായ്‌മകളെല്ലാം പൊറുക്കുകയും മധുരവും അഭിവൃദ്ധിയുമുള്ള ഒരു വര്‍ഷം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
നൗരസ് അഥവ പുതിയ ദിവസമെന്നാണ് പേര്‍ഷ്യന്‍ പുതുവര്‍ഷം:
ഇറാനികള്‍ ആഘോഷിക്കുന്ന ഈ ദിനം പശ്ചിമേഷ്യയിലും മധ്യേഷ്യയിലും മറ്റിടങ്ങളിലുമെല്ലാം ഈ ദിനം ആഘോഷിക്കുന്നു. വസന്തകാലത്തിന്‍റെ തുടക്കമായിക്കൂടിയാണ് ഈദിനം ആചരിക്കുന്നത്. മാര്‍ച്ച് ഇരുപതിനോ 21നോ ആണ് പേര്‍ഷ്യന്‍ പുതുവര്‍ഷത്തിന് തുടക്കമാകുന്നത്.
സൊങ്ക്രാന്‍-തായ് പുതുവര്‍ഷം: ഏപ്രില്‍ പകുതിയോടെയാണ് ഇത് വരുന്നത്. ജലോത്സവത്തിന് പേരു കേട്ട പുതുവര്‍ഷാഘോഷം കൂടിയാണിത്. ജനങ്ങള്‍ ഈ വേളയില്‍ വെള്ളത്തില്‍ നീന്തിത്തുടിക്കുന്നു. പരിശുദ്ധിയാകലിന്‍റെ പ്രതീകമായാണ് ഇത്. മുതിര്‍ന്നവരെ ആദരിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. ക്ഷേത്രദര്‍ശനം, പരമ്പരാഗത ആഘോഷങ്ങള്‍ എന്നിവയും ഈ ദിനത്തില്‍ ഇവര്‍ നടത്താറുണ്ട്.
ഇസ്ലാമിക പുതുവര്‍ഷം: ഇതിനെ ഹിജ്‌റി പുതുവര്‍ഷം എന്നും അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഇത് ആഘോഷിക്കുന്നു. ഇസ്ലാമിക ചാന്ദ്രകലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമാണിത്. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസത്തിന്‍റെ ആദ്യദിനമായ മുഹറം ആണ് ഇത്. ചാന്ദ്രകലണ്ടര്‍ ആയതിനാല്‍ ഓരോ വര്‍ഷവും ദിവസം മാറിക്കൊണ്ടിരിക്കും.
മതാരികി-മയോരി: ഈ പുതുവര്‍ഷം ആഘോഷിക്കുന്നത് അങ്ങ് ന്യൂസിലന്‍ഡിലാണ്. ഇവിടുത്തെ മയോരി ജനതയാണ് ഈ പുതുവര്‍ഷം ആഘോഷിക്കുന്നത്. ഓരോവര്‍ഷവും ദിവസത്തില്‍ വ്യത്യാസമുണ്ടാകും. മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആകും പുതുവര്‍ഷാഘോഷം. പ്ലീഡിയസ് എന്നറിയപ്പെടുന്ന മതാരികി നക്ഷത്രസമൂഹത്തിന്‍റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അസ്‌തമയത്തിന് തൊട്ടുമുമ്പ് ചക്രവാളത്തില്‍ കാണപ്പെടുന്ന നക്ഷത്ര സമൂഹമാണിത്.
എത്യോപ്യന്‍ പുതുവര്‍ഷം: സെപ്റ്റംബര്‍ 11നോ 12നോ വരുന്ന എത്യോപ്യന്‍ പുതുവര്‍ഷമാണ് മറ്റൊന്ന്. എന്‍കുട്ടാഷ് എന്നറിയപ്പെടുന്ന അവരുടെ പുതുവര്‍ഷം കാലവര്‍ഷത്തിന്‍റെ അവസാന ദിവസമാണ് ആഘോഷിക്കുന്നത്. കുടുംബാംഗങ്ങള്‍ ഒത്തുകൂടുകയും പരമ്പരാഗത ഗാനങ്ങള്‍ ആലപിക്കുകയും വിശേഷപ്പെട്ട ഭക്ഷണങ്ങള്‍ തയാറാക്കുകയും ചെയ്യുന്നു.
നാനക്ഷഹി: ഈ പുതുവര്‍ഷം ആഘോഷിക്കുന്നത് സിക്കുകാരാണ്. ആദ്യ സിക്ക് ഗുരു ഗുരുനാനാക്ക് ജനിച്ച 1469 മുതല്‍ നിലവില്‍ വന്ന കലണ്ടര്‍ പ്രകാരമുള്ള പുതുവത്സരാഘോഷമാണിത്. എല്ലാ വര്‍ഷവും മാര്‍ച്ച് 14 നാണ് പുതുവര്‍ഷാരംഭം.
ഇന്ത്യയിലെ വിവിധ പുതുവത്സരാഘോഷങ്ങള്‍
ഇന്ത്യയുടെ വിവിധയിടങ്ങളില്‍ വിവിധ പുതുവത്സരാഘോഷങ്ങള്‍ അരങ്ങേറുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് ആഘോഷങ്ങള്‍. ചിലര്‍ പരമ്പരാഗത ചാന്ദ്രകലണ്ടറും സൗര കലണ്ടറും പിന്തുടരുന്നുണ്ട്.
- ഗുഡിപടവ-മറാത്തി പുതുവര്‍ഷം
- ഉഗാഡി അഥവ യുഗാദി-തെലുങ്ക്, കന്നഡ പുതുവര്‍ഷം
- പുതാണ്ട്-തമിഴ് പുതുവര്‍ഷം
- ബൊഹാഗ് ബിഹു-അസം പുതുവര്‍ഷം
- ബെസ്‌തു വരസ്-ഗുജറാത്തി പുതുവര്‍ഷം
- പൊഹെല ബോയ്‌ഷാഖ്-ബംഗാളി പുതുവര്‍ഷം
- വിഷു-മലയാള പുതുവര്‍ഷം
- പന സംക്രാന്തി-ഒഡിഷ പുതുവര്‍ഷം
- നവ്‌രേഹ്-കശ്‌മീര്‍ പുതുവര്‍ഷം
- ലൊസൂങ്-സിക്കിം പുതുവര്‍ഷം
- ബൈശാഖി-പഞ്ചാബി പുതുവര്‍ഷം
ലോകമെമ്പാടും പുതുവത്സരം ആഘോഷിക്കുന്നത് എങ്ങനെ?
അമേരിക്കയില്‍ റോസ് പരേഡ്
അമേരിക്കയിലെ പരമ്പരാഗത പുതുവര്‍ഷാഘോഷമാണ് റോസ് പരേഡ്. ഗ്രീന്‍ സ്ട്രീറ്റില്‍ നിന്ന് തുടങ്ങിന്ന പരേഡ് ഓറഞ്ച് ബൗള്‍വാര്‍ഡിലൂടെ വടക്ക് ഭാഗത്തേക്ക് നീങ്ങി ഓറഞ്ച് ഗ്രോവ് വഴി ഈസ്റ്റ് ഒന്‍റോ കൊളറാഡോ ബൗള്‍വാര്‍ഡിലെത്തുന്നു. പിന്നീട് വടക്കന്‍ ഒന്‍റോ സിയറ മദെര്‍ബ്ലൂവരാക്ഡ് വഴി വില്ല സ്‌ട്രീറ്റില്‍ അവസാനിക്കുന്നു.
സ്‌കോട്ട്ലന്‍റിലെ ഹോഗ് മണി
പുതുവര്‍ഷ സായാഹ്നത്തിന്‍റെ സ്‌കോട്ടിഷ് വാക്കാണ് ഹോഗ് മണി. ഡിസംബം 31നാണ് ഇത് ആഘോഷിക്കുന്നത്. നൂറ്റാണ്ടുകളായി ഇത് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സന്തോഷപ്രദമായ ഒരു വേളയാണ്. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് മാറുന്ന ജീവിതത്തില്‍ ഒരു രാവ് മുഴുവന്‍ നീളുന്ന ആഘോഷമാണ് പുതുവര്‍ഷരാവ്.
പന്ത്രണ്ട് മുന്തിരിയുടെ ഭാഗ്യപരീക്ഷണം
സ്‌പാനിഷ് ജനത പുതുവര്‍ഷ രാവില്‍ പന്ത്രണ്ട് മുന്തിരികള്‍ കഴിക്കുന്നു. ഇതിലൂടെ പുതുവര്‍ഷത്തില്‍ ഭാഗ്യവും അഭിവൃദ്ധിയും വന്ന് ചേരുമെന്നാണ് അവരുടെ വിശ്വാസം.
മാതളം മുറിച്ച് ഗ്രീക്കുകാര്‍
പുതുവര്‍ഷത്തില്‍ ഒരു മാതളം മുറിച്ച് തുടങ്ങുന്നതാണ് ഗ്രീക്കുകാരുടെ പരമ്പരാഗത രീതി. പുരാതന കാലം മുതല്‍ മാതളം കരുത്തിന്‍റെ പ്രതീകമായാണ് ഗ്രീക്കുകാര്‍ കരുതുന്നത്. ജീവന്‍റെ ഫലവും ഭാഗ്യവുമായി അവര്‍ മാതളത്തെ കാണുന്നു. മാതള അല്ലികള്‍ അഭിവൃദ്ധിയുടെ പ്രതീകമായി കാണുന്നു.
ഫിലിപ്പൈന്‍സുകാരുടെ പാതിരാത്രിയിലെ ചാട്ടം
ഫിലിപ്പൈന്‍കാരുടെ പുതുവത്സരാഘോഷം തെല്ല് വേറിട്ടതാണ്. പാതിരാത്രിയില്‍ ക്ലോക്കില്‍ മണിയടിക്കുമ്പോള്‍ കുട്ടികള്‍ അതിനൊപ്പം ചാടുന്നു. ഇതവരെ വളരാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
ജര്‍മ്മനിയിലെ അത്താഴവിരുന്ന്
ഡിന്നര്‍ ഫോര്‍ വണ്‍ എന്നത് കറുപ്പിലും വെളുപ്പിലും വിരിയുന്ന ഒരുചിത്രമാണ്. ഇത് ജര്‍മ്മനിയിലെ എല്ലാ ടെലിവിഷന്‍ ചാനലുകളും സംപ്രേഷണം ചെയ്യുന്നു.
ഒഴിഞ്ഞ പെട്ടിയുമായി നടക്കല്‍
മെക്‌സിക്കോയിലെ ജനങ്ങളുടെ ആചാരമാണിത്. പുതുവര്‍ഷം യാത്രകളും സാഹസികതകളും നിറഞ്ഞതാകാനാണത്രേ ഇത്. ചിലര്‍ ഒഴിഞ്ഞ പെട്ടിയുമായി വീടിന് ചുറ്റും നടക്കുമ്പോള്‍ ചിലര്‍ ഇതുമായി ഒരു പ്രദേശം മുഴുവന്‍ ചുറ്റിക്കറങ്ങുന്നു. മറ്റ് ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഈ ആചാരമുണ്ട്. ഇത് പുതുവര്‍ഷത്തില്‍ പുത്തന്‍ അനുഭവങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം.
പഴയതിനെല്ലാം വിട ചൊല്ലി പുതിയ തുടക്കത്തെ പുണരുക എന്നതാണ് പുതുവര്‍ഷം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് നാം 2024നോട് വിടപറഞ്ഞ് 2025നെ വരവേല്‍ക്കുന്നു. വളരെ മികച്ച ഒരു വര്‍ഷമാകുമെന്ന പ്രതീക്ഷയോടെ പ്രതിബദ്ധതയോടെ.... എല്ലാവായനക്കാര്‍ക്കും ഇടിവി ഭാരതിന്‍റെ പുതുവത്സരാശംസകള്‍.
Also Read: ഹാപ്പി ന്യൂഇയര്‍...!!!; എത്തി, കിരിബാത്തിയില്‍ പുതുവര്‍ഷം