കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങി ദുരിതമനുഭവിച്ച ഹർഷിന നീതി തേടി വീണ്ടും തെരുവിലേക്ക്. 'വൈകുന്ന നീതി അനീതിയാണ്, ഹർഷിനയ്ക്ക് നീതി ഉറപ്പാക്കുക' എന്ന മുദ്രാവാക്യമുയർത്തി സമരസമിതിയുടെ നേതൃത്വത്തിൽ 13ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ കോഴിക്കോട് കിഡ്സൺ കോർണറിൽ ഹർഷിന വീണ്ടും സത്യാഗ്രഹ സമരം നടത്തും.
സമരം പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും അറിയിച്ചു. സർക്കാർ നഷ്ടപരിഹാരം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചും കേസിലെ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് വിചാരണക്ക് സ്റ്റേ ലഭിച്ച സാഹചര്യത്തിലുമാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.
തനിക്കൊപ്പമുണ്ടെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും നീതി നടപ്പിലാകുന്നില്ലെന്ന് ഹർഷിന പറഞ്ഞു. സർക്കാർ നിയോഗിച്ച പ്രോസിക്യൂഷൻ തങ്ങൾക്കനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നതിനാലാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കുന്ന സാഹചര്യമുണ്ടായതെന്നും ഹർഷിന കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ അടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണിൽ സ്റ്റേ വാങ്ങുകയും ചെയ്തു. മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ് ചേർന്ന് ഡോക്ടർമാർക്ക് ക്ലീൻചീറ്റ് നൽകി.
പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോവാൻ സർക്കാർ അനുമതി നൽകിയത്. വിഷയത്തിൽ നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസമാണ് സമരമിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹർഷിന കോഴിക്കോട് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നടപടി ഒന്നുമാകാത്ത സാഹചര്യത്തിലാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നത്.