ഹൈദരാബാദ്: ചൈനീസ് കമ്പനിയായ വിവോയുടെ വി 50 സീരീസ് ലോഞ്ചിനൊരുങ്ങുന്നു. കഴിഞ്ഞ ഓഗസ്റ്റ് 7ന് പുറത്തിറക്കിയ വിവോ വി40 സീരീസിന്‍റെ പിൻഗാമിയായിരിക്കും വരാനിരിക്കുന്ന വി50. 2025 ഫെബ്രുവരിയിൽ തന്നെ ഇന്ത്യയിൽ പുറത്തിറക്കാനാണ് സാധ്യത. ഫെബ്രുവരി 18ന് പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പുതിയ ഫോണിന്‍റെ ലോഞ്ചിനെക്കുറിച്ച് കമ്പനി യാതൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ചൈനയിൽ പുറത്തിറക്കിയ വിവോ എസ് 20 മോഡലിന്‍റെ റീബ്രാൻഡ് ചെയ്‌ത പതിപ്പാവും വിവോ വി50 എന്ന പേരിൽ കമ്പനി ഇന്ത്യയിൽ പുറത്തിറക്കുകയെന്നാണ് വിവരം. വി50 സീരീസിൽ രണ്ട് ഫോണുകളാവും പുറത്തിറക്കുക. വിവോ വി50, വിവോ വി50 പ്രോ എന്നീ രണ്ട് ഫോണുകളായിരിക്കും ഈ സീരീസിൽ ലോഞ്ച് ചെയ്യുകയെന്നാണ് സൂചന.
ഫോണിന്‍റെ വിലയും സ്‌പെസിഫിക്കേഷനും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, ചില വിവരങ്ങൾ ചോർന്നിട്ടുണ്ട്. ചോർന്ന വിവരമനുസരിച്ച് ഫോണിൽ ഉണ്ടായേക്കാവുന്ന ഫീച്ചറുകളും പ്രതീക്ഷിക്കുന്ന വിലയും പരിശോധിക്കാം...
വിവോ V50 സീരീസ്: ലോഞ്ച് തീയതി
വിവോ വി 50 സീരീസ് ഫെബ്രുവരി മൂന്നാം വാരത്തിൽ ലോഞ്ച് ചെയ്തേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 18ന് ലോഞ്ച് ചെയ്‌തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യാനാകുമെങ്കിൽ വി50 യുടെ ടീസർ വിവോ വരും ദിവസങ്ങളിൽ പുറത്തിറക്കിയേക്കാം.
വിവോ V50 സീരീസ്: പ്രതീക്ഷിക്കാവുന്ന സ്പെസിഫിക്കേഷനുകൾ
ഫോണിൽ 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ നൽകാനാണ് സാധ്യത. വിവോ വി40 ക്ക് സമാനമായി വി50 മോഡലിലും ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റ് തന്ന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്ന 5,870 എംഎഎച്ച് അല്ലെങ്കിൽ 6,000 എംഎഎച്ച് ബാറ്ററിയായിരിക്കും നൽകുക. 12 ജിബി + 512 ജിബി ഉൾപ്പെടെ മൂന്ന് വേരിയന്‍റുകളിലായിരിക്കും ഫോൺ എത്തുക. ക്യാമറ ഫീച്ചറിലേക്ക് പോകുമ്പോൾ, 50 എംപി പ്രൈമറി ക്യാമറ, 50 എംപി സെക്കൻഡറി ലെൻസ്, 50 എംപി ഫ്രണ്ട് ക്യാമറ എന്നിവ നൽകാനാണ് സാധ്യത. ചുവപ്പ്, റോസ്, ഗ്രേ, നീല എന്നീ നിറങ്ങളിലായിരിക്കും വി 50 സീരീസിലെ ഫോണുകൾ എത്തുകയെന്നാണ് സൂചന. അതേസമയം എൻസിസി ലിസ്റ്റിങ് അനുസരിച്ച് ഗ്രേ, ഡീപ് ബ്ലൂ, ഷിമ്മറി വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.
വിവോ V50 സീരീസ്: വില
വിവോ വി50യുടെ മുൻ മോഡലായ വി 40യുടെ ലോഞ്ച് വില 34,999 രൂപയായിരുന്നു. അതിനാൽ തന്നെ വിവോ വി50 ഫോണിന്‍റെ പ്രാരംഭവില 40,000 രൂപയ്‌ക്കുള്ളിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read:
- പുതിയ ഫോൺ വാങ്ങല്ലേ.. സ്‌മാർട്ട്‌ഫോണുകളുടെ നിര തന്നെ വരാനിരിക്കുന്നു; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്ന ഫോണുകൾ
- ടിക്കറ്റ് ബുക്ക് ചെയ്യാം, ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാം: എല്ലാ റെയിൽവേ സേവനങ്ങളും ഒരൊറ്റ ആപ്പിൽ; വിശദമായി അറിയാം
- വിവോയുടെ രണ്ട് സ്‌മാർട്ട്‌ഫോണുകൾ ലോഞ്ചിനൊരുങ്ങുന്നു: വില 20,000 രൂപയിൽ താഴെയെന്ന് സൂചന
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...