ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സിബിഐ മുന്‍ ഇന്‍സ്‌പെക്‌ടര്‍ രാഹുല്‍ രാജിന്‍റെ മെഡല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. ഏറ്റവും മികച്ച അന്വേഷകനുള്ള 2023ലെ മെഡലാണ് റദ്ദാക്കിയത്. മധ്യപ്രദേശിലെ നഴ്‌സിങ് കോളജുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പണം വാങ്ങി കൃത്രിമം കാണിച്ചു എന്ന കുറ്റത്തിനാണ് രാഹുല്‍ രാജ് അറസ്റ്റിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ് അടക്കം 14 സിബിഐ ഉദ്യോഗസ്ഥര്‍ക്കാണ് അവരുടെ സംഭാവനകള്‍ പരിഗണിച്ച് 2023ല്‍ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. 2024 മെയിലാണ് രാജിനെ അറസ്റ്റ് ചെയ്‌തത്. സിബിഐയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മലയ് നഴ്‌സിങ് കോളജ് ചെയര്‍മാന്‍ അനില്‍ ഭാസ്‌കരന്‍റെ പക്കല്‍ നിന്നും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാജിനെതിരെയുള്ള കേസ്. കോളജിന് അനുകൂലമായ പരിശോധന റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. മധ്യപ്രദേശിലെ നഴ്‌സിങ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജാണിത്.
അറസ്റ്റിലായ രാജിനെ 2024 മെയ് 21ന് തന്നെ സര്‍വീസില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനും തുടക്കമിട്ടിരുന്നു. സിബിഐയുടെ കര്‍മ്മനിരതയോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇക്കാര്യങ്ങള്‍ പുറത്ത് വന്നതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജിന്‍റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഗൗരവമായ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പുരസ്‌കാരം റദ്ദാക്കാന്‍ റൂള്‍ 9നില്‍ വകുപ്പുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. നിയമം നടപ്പാക്കുന്ന ഏജന്‍സികളില്‍ മൂല്യവും സുതാര്യതയും ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യത്തിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്.