ധാക്ക: രാജ്യത്ത് ഇന്ത്യൻ ടിവി ചാനലുകളുടെ സംപ്രേക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് സംസ്‌കാരത്തിലും സമൂഹത്തിലും ഇന്ത്യൻ മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയെന്ന് ബംഗ്ലാദേശ് ദിനപ്പത്രമായ ധാക്ക ട്രിബ്യൂണാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ഓപ്പറേഷൻ ആക്‌ട് 2006 പ്രകാരം ഇന്ത്യൻ ടിവി ചാനലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എക്‌ലാസ് ഉദ്ദീൻ ഭൂയാനാണ് കോടതിയിലെത്തിയത്. സ്റ്റാർ ജൽഷ, സ്റ്റാർ പ്ലസ്, സീ ബംഗ്ലാ, റിപ്പബ്ലിക് ബംഗ്ലാ തുടങ്ങിയ ചാനലുകളും മറ്റ് എല്ലാ ഇന്ത്യൻ ടിവി ചാനലുകളും നിരോധിക്കണം. യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെയാണ് ഈ ചാനലുകൾ പ്രവർത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നതായി ധാക്ക ട്രിബ്യൂണിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജസ്‌റ്റിസ് ഫാത്തിമ നജീബ്, ജസ്‌റ്റിസ് സിക്‌ദർ മഹ്‌മുദൂർ റാസി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് അപേക്ഷയിൽ വാദം കേൾക്കുന്നത്. ഇൻഫർമേഷൻ മന്ത്രാലയത്തിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സെക്രട്ടറിമാർ, ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മീഷൻ (ബിടിആർസി) തുടങ്ങിയവരെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.