ശ്രീനഗര്‍: കശ്‌മീര്‍ താഴ്‌വരയെ രാജ്യത്തിന്‍റെ മറ്റിടങ്ങളുമായി കരമാര്‍ഗം ബന്ധിപ്പിക്കുന്ന ഏക മാര്‍ഗമാണ് ശ്രീനഗര്‍-ജമ്മു ദേശീയപാത. നാല് വരിയായി പാത പുനര്‍നിര്‍മ്മിക്കുന്നതു മൂലമുള്ള തടസങ്ങള്‍ കാരണം ജനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏഴ് മാസങ്ങള്‍ നഷ്‌ടമായെന്നാണ് കണക്കുകള്‍.
ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടതു കൊണ്ട് വ്യവസായികള്‍ക്ക് മാത്രമല്ല നഷ്‌ടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്ക് പോകുന്നവർക്കും, രോഗികള്‍ക്കും, ബന്ധു വീടുകളിലെ ആഘോഷ പരിപാടികള്‍ക്കും പോകേണ്ടവർക്കുമടക്കം വലിയ തിരിച്ചടികള്‍ നേരിട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. ജമ്മുവിനും ശ്രീനഗറിനുമിടയില്‍ യാത്രാസമയം കുറയ്ക്കാനായിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
താഴ്‌വരയിലും പിര്‍ പഞ്ചാല്‍ മലനിരകളിലൂടെയും കടന്ന് പോകുന്ന 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാത മണ്ണിടിച്ചില്‍ സാധ്യത കൂടിയ പ്രദേശമാണ്. റമ്പാന്‍ ജില്ലയിലെ മലനിരകളില്‍ നിന്ന് കൂറ്റന്‍ കല്ലുകളും കല്ലുകളും ദേശീപാതയിലേക്ക് പതിക്കാറുണ്ട്. ബനിഹളില്‍ നിന്ന് റമ്പാനിലേക്കുള്ള 65 കിലോമീറ്റര്‍ ദൂരമാണ് ഏറ്റവും അപകടകരം. മിക്കപ്പോഴും മോശം കാലാവസ്ഥ മൂലം ഈ ഭാഗത്ത് കൂടി സഞ്ചാരം അനുവദിക്കാറില്ല. റമ്പാന്‍ താലൂക്കിലെ കേല മോര്‍ഹ്, പന്താല്‍ മോര്‍ഹ് മേഖലകള്‍ അപകട മേഖലകളാണ്. മണ്ണിടിഞ്ഞും കൂറ്റന്‍ കല്ലുകള്‍ വീണും ഉണ്ടായ അപകടങ്ങളില്‍ ഇവിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.
2019 മുതല്‍ ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചത് മൂലം 223 ദിവസങ്ങള്‍ നഷ്‌ടമായെന്ന് ജമ്മുകശ്‌മീര്‍ ട്രാഫിക് പൊലീസില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ എം എം ഷൂജക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണിത്. യാത്രക്കാര്‍ക്ക് 5413 മണിക്കൂറുകളാണ് ഇത് വഴിയുള്ള യാത്രയില്‍ നഷ്‌ടമായത്.
2023 ലാണ് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ നഷ്‌ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 58 ദിവസങ്ങള്‍ അഥവ 1458 മണിക്കൂറുകള്‍ പൊതുജനങ്ങള്‍ക്ക് നഷ്‌ടമായി. 2022 ല്‍ ഇത് 41 ദിവസം (989 മണിക്കൂറുകള്‍) ആയിരുന്നു. 2021 ല്‍ 23 ദിവസം (549 മണിക്കൂറുകള്‍) നഷ്‌ടമായി. 2020 ല്‍ 47 ദിവസം (1138 മണിക്കൂറുകള്‍), 2019 ല്‍ 54 ദിവസം(1279 മണിക്കൂറുകള്‍), എന്നിങ്ങനെയാണ് ഈ അഞ്ച് വര്‍ഷമുണ്ടായ നഷ്‌ടക്കണക്കുകള്‍.
ദേശീയപാതയില്‍ ഗതാഗത തടസമുണ്ടാക്കുന്നത് ചരക്ക് നീക്കത്തെ ബാധിക്കുന്നുവെന്ന് കച്ചവടക്കാരനായ അബ്രാര്‍ അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. ഇത് മൂലം കച്ചവടക്കാര്‍ക്ക് കനത്ത നഷ്‌ടമുണ്ടാകുന്നു. ഗുജറാത്തില്‍ ഒരു വ്യവസായം തുടങ്ങാന്‍ കേവലം ഒരു കോടി രൂപ വേണ്ടി വരുമ്പോള്‍ അതേ വ്യവസായം കശ്‌മീരില്‍ തുടങ്ങാന്‍ മൂന്ന് മടങ്ങ് അധിക തുക വേണ്ടി വരുന്നു. ഗതാഗതത്തിന് മാത്രമാണ് ഈ അധിക തുക വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ദേശീയപാത തടസമില്ലാത്തതിനാല്‍ അവര്‍ക്ക് ചരക്കു കടത്തിന് കുറഞ്ഞ സമയം മാത്രമേ വേണ്ടി വരുന്നുള്ളൂ എന്നും അബ്രാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
പഴം-പച്ചക്കറി കച്ചവടക്കാരെയാണ് ദേശീപാതയിലെ ഗതാഗത തടസം ഏറെ ബാധിക്കുന്നതെന്ന് ശ്രീനഗറിലെ പരിംപോറ പഴം-പച്ചക്കറി വിപണി പ്രസിഡന്‍റ് ബാഷിര്‍ അഹമ്മദ് ബാഷിര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കൊല്ലം സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേഗത്തില്‍ ചീത്തയായി പോകുന്ന പഴങ്ങളും പച്ചക്കറികളും ഗതാഗത തടസംമൂലം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ദേശീയപാത അടച്ചിടുന്നതില്‍ അധികൃതര്‍ക്കും ആശങ്കയുണ്ടെന്ന് ബാഷിര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
"ദേശീയപാത അടച്ചിടുന്നതു മൂലം പലര്‍ക്കും വിമാനയാത്ര തടസപ്പെട്ട സംഭവങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് എത്താന്‍ കഴിയാത്തതിനാല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടാതിരുന്ന അവസ്ഥയുമുണ്ട്. പരീക്ഷകള്‍ക്കും കൃത്യസമയത്ത് എത്താനാകാതെ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്."
'കഴിഞ്ഞ വര്‍ഷം തന്‍റെ സുഹൃത്തും കുടുംബവും തന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീനഗറിലെത്തിയതിന്‍റെ കഥ പറയുന്നു നാട്ടുകാരനായ ഷമീം അഹമ്മദ്. അവര്‍ ശ്രീലങ്കയില്‍ നിന്നാണ് വന്നത്. ജമ്മുവില്‍ നിന്ന് അവര്‍ക്ക് തിരികെയുള്ള വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്‌തിരുന്നു. എന്നാല്‍ ദേശീയപാത അടച്ചിട്ടത് മൂലം ഇവര്‍ക്ക് വിമാനം കിട്ടിയില്ല. പിന്നീട് ഡല്‍ഹിവരെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തു,' പണം മാത്രമല്ല സമയവും നഷ്‌ടമായെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
2011 ലാണ് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് ദേശീയപാത നാല് വരിയാക്കാനുള്ള പണി തുടങ്ങിയത്. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം. ചിനാബ് നദിയിലെ മേല്‍പ്പാലവും നിരവധി തുരങ്കകളുമടക്കം ഇതില്‍ നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല.
കഴിഞ്ഞ വര്‍ഷം മുതല്‍ ദേശീയപാതയുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് പ്രൊജക്‌ട് മേധാവി പര്‍ഷോത്തം കുമാര്‍ പറഞ്ഞു. ദേശീയപാതയിലെ യാത്രാസമയം അഞ്ച് മണിക്കൂറെന്നത് പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൂന്ന് മണിക്കൂറായി കുറയും.
റമ്പാനിനും ബനിഹാളിനുമിടയിലുള്ള 32 കിലോമീറ്ററാണ് ഏറ്റവും അധികം അടച്ചിടല്‍ വേണ്ടിവരുന്ന മേഖല. ഇവിടെ പതിനാറ് കിലോമീറ്റര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള പതിനാറ് കിലോമീറ്ററിലെ പണി പുരോഗമിക്കുകയാണ്. നാലുവരിപാതയാക്കാനുള്ള പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ചില തുരങ്കങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും നിര്‍മ്മാണത്തിലാണ് കാലതാമസം. അടുത്ത ജൂണോടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.