സോൾ: ദക്ഷിണ കൊറിയയിൽ പട്ടാള നിയമം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ച് പ്രസിഡന്‍റ് യൂൻ സുഖ് യോൾ. പട്ടാള നിയമത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. അടിയന്തര പട്ടാള നിയമത്തിനെ എതിർത്ത് പാർലമെന്‍റും ഒന്നടങ്കം വോട്ട് ചെയ്‌തതോടെയാണ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യൂൻ സുഖ് യോള്‍ തീരുമാനം പിന്‍വലിച്ചത്.
ദക്ഷിണ കൊറിയയില്‍ ഇന്നലെ (ഡിസംബർ 3) രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദേശവിരുദ്ധശക്തികളെ ഇല്ലാതാക്കണമെന്നും ഉത്തരകൊറിയയിലെ കമ്യൂണിസ്‌റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ് പട്ടാള നിയമം പിൻവലിച്ച് ഉത്തരവിറക്കിയത്.
അതേസമയം പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ രാത്രി സൈന്യം പാർലമെന്‍റ് വളഞ്ഞിരുന്നു. തീരുമാനത്തിനെതിരെ പാര്‍ലമെന്‍റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂൻ സുഖ് യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഭരണപക്ഷമായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയിലെ നേതാക്കളും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
തുടർന്നുണ്ടായ രാഷ്‌ട്രീയ നാടകങ്ങൾക്കിടെ സൈനിക ഭരണം നിരസിച്ച് പാർലമെന്‍റ് അംഗങ്ങൾ വോട്ട് ചെയ്‌തു. പ്രതിഷേധം ശക്തമായതോടെയാണ് പട്ടാളനിയമം പിൻവലിച്ചത്. വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻവലിച്ച് ഔദ്യോഗിക അറയിപ്പിറക്കുമെന്നും യൂൻ സുഖ് യോൾ വ്യക്തമാക്കി. പിന്നാലെ പട്ടാള നിയമം പിൻവലിച്ച് ഉത്തരവിറക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചൊവ്വാഴ്‌ച രാത്രി വൈടിഎൻ ടെലിവിഷനിൽ നടത്തിയ അടിയന്തര ദേശീയ പ്രസംഗത്തിൽ "നാണംകെട്ട ഉത്തര കൊറിയൻ അനുകൂല രാഷ്‌ട്ര വിരുദ്ധ ശക്തികളെ" ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുഖ് യോൾ രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തിയെന്നായിരുന്നു പറഞ്ഞത്. സമാന്തര സർക്കാർ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്നും ഇത് ചെറുക്കാനായി പട്ടാള ഭരണം നടപ്പാക്കണമെന്നുമായിരുന്നു യൂൻ സുഖ് യോളിന്‍റെ വാദം.
1980ന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂന്‍സിന്‍റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വാഗ്വാദം നടക്കുന്നതിനിടെയായിരുന്നു ലോകത്തെ തന്നെ അമ്പരപ്പിച്ച് യൂൻ സുഖ് യോള്‍ പട്ടാളഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്.