ലണ്ടൻ: 'നേരംകൊല്ലിയായി' സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നവരാണോ? ഒരു പക്ഷേ 'ബ്രെയിന്‍ റോട്ട്' നിങ്ങള്‍ക്കും ഉണ്ടാകാം. ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവിന്‍റെ 2024 വേര്‍ഡ് ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട വാക്കാണ് 'ബ്രെയിന്‍ റോട്ട്'.
എന്താണ് ബ്രെയിന്‍ റോട്ട്
നിസാരമോ വെല്ലുവിളികളില്ലാത്തതോ ആയ വസ്‌തുക്കളുടെ (ഇപ്പോള്‍ പ്രത്യേകിച്ചും ഓൺലൈൻ ഉള്ളടക്കങ്ങള്‍) അമിതമായ ഉപഭോഗത്തിന്‍റെ ഫലമായി ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥയിലുണ്ടാകുന്ന അപചയമാണ് ബ്രെയിന്‍ റോട്ട് എന്ന് നിഘണ്ടു നിര്‍വചിക്കുന്നു. കഴിഞ്ഞ 12 മാസത്തെ ഒരു തീം പ്രതിഫലിപ്പിക്കുന്ന വാക്കാണ് വേര്‍ഡ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബ്രെയിന്‍ റോട്ട് എന്ന വാക്കിന്‍റെ ഉപയോഗം 230 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്ക്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓക്സ്ഫോർഡ് നിഘണ്ടു രചയിതാക്കളുടെ ഭാഷാ വിശകലനവും പൊതു വോട്ടും കണക്കിലെടുത്താണ് ബ്രെയിന്‍ റോട്ട് എന്ന വാക്ക് തെരഞ്ഞെടുത്തത്. ഡെമ്യൂർ, സ്ലോപ്പ്, ഡൈനാമിക് പ്രൈസിങ്, റൊമാന്‍റസി, ലോർ എന്നീ അഞ്ച് ഫൈനലിസ്റ്റുകളെ പരാജയപ്പെടുത്തിയാണ് ബ്രെയിന്‍ റോട്ട് ഒന്നാമതെത്തിയത്.
വാക്കിന്‍റെ ഉത്ഭവം
ഇത് ഒരു ആധുനിക പ്രതിഭാസമായി തോന്നാമെങ്കിലും 1854ലാണ് വാക്കിന്‍റെ ഉത്ഭവമുണ്ടാകുന്നത്. ഹെൻറി ഡേവിഡ് തോറോയുടെ വാൾഡൻ എന്ന പുസ്‌തകത്തിലാണ് വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. നാച്ചുറല്‍ വേള്‍ഡിനെ സൂചിപ്പിക്കാനായിരുന്നു അന്ന് ബ്രെയിന്‍ റോട്ട് എന്ന വാക്ക് ഉപയോഗിച്ചത്.
ആധുനിക സാഹചര്യത്തിൽ, വെർച്വൽ ജീവിതത്തിന്‍റെ അപകടങ്ങളെ കുറിച്ചും നമ്മുടെ ഒഴിവ് സമയം നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ കുറിച്ചുമാണ് ബ്രെയിന്‍ റോട്ട് സംസാരിക്കുന്നതെന്ന് ഓക്‌സ്‌ഫോർഡ് ലാംഗ്വേജസ് പ്രസിഡന്‍റ് കാസ്‌പർ ഗ്രാത്ത്‌വോൾ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ഓക്‌സ്‌ഫോർഡ് വാക്ക് ഓഫ് ദി ഇയർ 'റിസ്' ആയിരുന്നു. ഒരാള്‍ക്ക് മറ്റൊരു വ്യക്തിയെ ആകർഷിക്കുന്നതിനോ വശീകരിക്കുന്നതിനോ ഉള്ള കഴിവിനെ വിശേഷിപ്പിക്കാനാണ് റിസ് എന്ന വാക്ക് ഉപയോഗിക്കുന്നത്.