ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലീഷ് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നത് ജോഫ്ര ആർച്ചര്‍ക്കാണ്. തന്‍റെ നാല് ഒവറില്‍ 60 റണ്‍സാണ് ടീമിന്‍റെ പ്രീമിയം പേസറായ അര്‍ച്ചര്‍ക്ക് വഴങ്ങേണ്ടി വന്നത്. തിലക് വര്‍മയുടെ ആക്രമണത്തിന് മുന്നിലാണ് താരം പതറിയത്. എണ്ണം പറഞ്ഞ നാല് സിക്‌സറുകളാണ് അര്‍ച്ചര്‍ക്കെതിരെ തിലക് നേടിയത്.
മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സഞ്‌ജു സാംസണെ വീഴ്‌ത്താനായത് മാത്രമാണ് ഇംഗ്ലീഷ് പേസര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നത്. മത്സരത്തിന് ഇറങ്ങും മുമ്പ് ഇന്ത്യയെ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 40 റൺസെന്ന നിലയിലേക്ക് എറിഞ്ഞിടുമെന്ന് വീമ്പുപറഞ്ഞ താരമാണ് ആര്‍ച്ചര്‍. ഇപ്പോഴിതാ താരത്തിന് ആവശ്യമായ മറുപടി കളത്തില്‍ നല്‍കിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തിലക് വര്‍മ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അര്‍ച്ചര്‍ക്ക് എതിരായ കടന്നാക്രമണം നേരത്തെ തന്നെ പദ്ധതിയിട്ടതായാണ് തിലക് തുറന്ന് പറഞ്ഞിരിക്കുന്നത്. മത്സര ശേഷം സംസാരിക്കവെ ഇതു സംബന്ധിച്ച തിലകിന്‍റെ വാക്കുകള്‍ ഇങ്ങനെ.... "അവരുടെ ഏറ്റവും മികച്ച ബോളറെയാണ് ഞാൻ ലക്ഷ്യം വച്ചത്. ഏറ്റവും മികച്ച ബോളറെ കടന്നാക്രമിച്ചാല്‍, മറ്റു ബോളര്‍മാരെ അതു സമ്മർദ്ദത്തിലാകും.
അതിനാൽ തന്നെ ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും അവരുടെ ഏറ്റവും മികച്ച ബോളറെ ലക്ഷ്യം വയ്‌ക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാൻ അങ്ങനെ ചെയ്‌താൽ അത് മറ്റ് ബാറ്റര്‍മാര്‍ക്കും കാര്യങ്ങൾ എളുപ്പമാകും. അതിനാൽ, ഞാൻ എന്നെത്തന്നെ പിന്തുണച്ച് അദ്ദേഹത്തിനെതിരെ അവസരങ്ങൾ ഉപയോഗിച്ചു.
കൂടാതെ ആർച്ചറിനെതിരെ കളിച്ച ഷോട്ടുകളെല്ലാം ഞാൻ നെറ്റ്സിൽ നേരത്തെ തന്നെ പരിശീലിച്ചിട്ടുണ്ട്. മാനസികമായി ഞാൻ അവയ്ക്ക് തയ്യാറായിരുന്നു. അതിന്‍റെ ഗുണവും എനിക്ക് ലഭിച്ചു"- തിലക് പറഞ്ഞു.
ALSO READ: '318 നോട്ടൗട്ട്'!; ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, തിലകിന് ലോക റെക്കോഡ്
ടീമിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് തന്‍റെ കളിശൈലിയില്‍ മാറ്റങ്ങൾ വരുത്താൻ താന്‍ തയ്യാറാണെന്നും തിലക് കൂട്ടിച്ചേര്‍ത്തു. "എന്ത് സംഭവിച്ചാലും അവസാനം വരെ ക്രീസില്‍ തുടരണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു. മത്സരം ഫിനിഷ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു.
കഴിഞ്ഞ മത്സരത്തിന് ശേഷം ഗൗതം ഗംഭീർ സാറുമായി ഞാൻ സംസാരിച്ചിരുന്നു. ടീമിന്‍റെ ആവശ്യതയ്‌ക്ക് അനുസരിച്ചുള്ള സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നുവത്. എനിക്ക് 6 അല്ലെങ്കിൽ 7 അല്ലെങ്കിൽ 10 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ കളിക്കാൻ കഴിയും" തിലക് പറഞ്ഞു നിര്‍ത്തി.