എറണാകുളം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന യോഗം നാളെ കൊച്ചിയിൽ നടക്കും. കേരള റെയിൽ ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡും (കെആർഡിസിഎൽ) റെയിൽവേ അധികൃതരുമാണു നാളെ ചർച്ചയിൽ പങ്കെടുക്കുക. റെയിൽവേയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കെ റെയിൽ പദ്ധതിയിൽ മാറ്റം വരുത്തണമെന്നാണ് റെയിൽവേയുടെ നിലപാട്.
കെ റെയിലിനായി നിർമ്മിക്കുന്ന പാത റെയിൽവേയ്ക്ക് കൂടി ഉപയോഗിക്കാൻ കഴിയണമെന്നതാണ് പ്രധാന ആവശ്യം. ഇതിനായി പാത ബ്രോഡ്‌ഗേജാക്കണമെന്ന നിർദ്ദേശവും റെയിൽവേ മുന്നോട്ട് വയ്ക്കുന്നു. അതേസമയം സിൽവർ ലൈനിന് വിഭാവനം ചെയ്‌ത പാത സ്‌റ്റാൻഡേഡ് ഗേജിലുമാണ്. കെ റെയിൽ പാതയുടെ സ്വഭാവം മാറ്റാൻ തയ്യാറാകുമോയെന്നത് പദ്ധതിയുടെ ഭാവി നിർണയിക്കുന്ന കാര്യങ്ങളിലൊന്ന്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊന്ന് വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളും ഓടിക്കാൻ കഴിയണമെന്നതാണ്. ഒരോ ഇരുപത് മിനിറ്റിലും സിൽവർ ലൈൻ വഴി അർദ്ധ അതിവേഗ ട്രെയിൻ ഓടിക്കണമെന്നതാണ് കെ റെയിൽ ലക്ഷ്യമിടുന്നത്. ഇത്തരമൊരു പാതയിലൂടെ വന്ദേ ഭാരതും ഗുഡ്‌സ് ട്രെയിനുകളും ഓടിക്കുകയെന്നതും അപ്രായോഗികമാണ്. സിൽവർ ലൈൻ നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണമെന്ന നിർദ്ദേശവും റെയിൽവേ മുന്നോട്ട് വയ്ക്കുന്നു.
അതേ സമയം റെയിൽവേയുടെ ഈ നിർദ്ദേശങ്ങളെല്ലാം റെയിൽവേ ലക്ഷ്യമിടുന്ന മൂന്ന്, നാല് പാതകളുടേത് കൂടിയാണ്. സിൽവർലൈൻ പാതയിലെ വേഗം 220 കിമീ, പരമാവധി വേഗം 200 കിമീ എന്നിങ്ങനെയാണു സിൽവർലൈൻ പദ്ധതി വിഭാവനം ചെയ്യുന്നത്. അതേസമയം വന്ദേ ഭാരത് പരീക്ഷിച്ച 180 കി.മി പരമാവധി വേഗമാകാമെന്നതാണ് റെയിൽവേ നിലപാട്.
ഓട്ടമാറ്റിക് സിഗ്നലിങ്ങിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നതും റെയിൽവേയുടെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. റെയിൽവേയുടെ നിർദേശങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമേ പദ്ധതിയുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ.
നേരത്തെ കേരള റെയിൽ സമർപ്പിച്ച പദ്ധതി ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളിയിരുനു. ഡിപിആർ പുതുക്കി സമർപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുയാണ്. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയത്. നാളെത്തെ യോഗത്തിൽ ഇത്തരം വിഷയങ്ങൾക്കൂടി ചർച്ചയാകും.
അതേ സമയം കെ റെയിലിന്‍റെ സിൽവർലൈൻ പദ്ധതിയുടെ ഭാവി നിശ്ചയിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ തന്നെയായിരിക്കും. നാളത്തെ യോഗത്തിൽ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്‌മി നിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയ, കെആർഡിസിഎൽ എംഡി വി.അജിത് കുമാർ എന്നിവർ പങ്കെടുക്കും.
Also Read: കെ റെയില്‍ വിനാശകരമായ പദ്ധതി; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷൺ