ന്യൂയോര്‍ക്ക്: പലസ്‌തീനില്‍ ഇസ്രയേല്‍ അധിനിവേശം അവസാനിക്കണമെന്ന യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ. 193 അംഗ ജനറല്‍ അസംബ്ലിയില്‍ സെനഗലാണ് പലസ്‌തീൻ വിഷയത്തില്‍ സമാധാനപരമായ ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് കരട് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ഇന്ത്യ ഉള്‍പ്പടെ 157 അംഗങ്ങള്‍ പിന്തുണച്ചു.
അമേരിക്ക, ഇസ്രയേൽ, അർജൻ്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങള്‍ പ്രമേയത്തിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. കാമറൂൺ, ചെക്ക് റിപ്പബ്ലിക്ക്, ഇക്വഡോർ, ജോർജിയ, പരാഗ്വേ, ഉക്രെയ്ൻ, ഉറുഗ്വേ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കിഴക്കൻ ജറുസലേമില്‍ ഉള്‍പ്പടെ പലസ്‌തീനില്‍ 1967 മുതല്‍ തുടങ്ങിയ ഇസ്രയേല്‍ അധിനിവേശം ഉടനടി അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം. പലസ്‌തീൻ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 2024 ജൂലൈ 19 ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായത്തിൽ പറഞ്ഞിരിക്കുന്നതുൾപ്പെടെ, അധിനിവേശ ശക്തി എന്ന നിലയിൽ ഇസ്രയേലിനോട് അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള അതിൻ്റെ ബാധ്യതകൾ പൂർണമായും പാലിക്കാൻ പ്രമേയം ആവശ്യപ്പെട്ടു.
സൈനിക ആക്രമണങ്ങൾ, നശീകരണം, തീവ്രവാദം, പ്രകോപനപരവും പ്രേരണയും ഉൾപ്പെടെയുള്ള എല്ലാ അക്രമ പ്രവർത്തനങ്ങളും ഉടനടി പൂർണമായും അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിനും ഇന്ത്യ ജനറൽ അസംബ്ലിയിൽ അനുകൂലമായി വോട്ട് ചെയ്‌തു. ഈ പ്രമേയത്തെ 97 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 64 പേര്‍ വിട്ടുനിന്നു. യുഎസ്എ, യുകെ, ഇസ്രയേല്‍, കാനഡ, ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്താണ് വോട്ട് രേഖപ്പെടുത്തിയത്.
Also Read : 'ഇന്ത്യ ഇസ്രയേൽ സഹകരണത്തിന്‍റെ പരിധി ആകാശം'; കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണമെന്ന് ഇസ്രയേൽ മന്ത്രി