ഹൈദരാബാദ് :അന്താരാഷ്‌ട്ര വനിത ദിനത്തിൽ സ്‌ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുക എന്നപോലെ സ്‌ത്രീകളിലെ ആർത്തവത്തെക്കുറിച്ചും ആർത്തവ ദിവസങ്ങളിലെ വ്യക്തിശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്. ആർത്തവ സഹായിയായി സ്‌ത്രീകളിൽ ഭൂരിഭാഗം പേരും സാനിറ്ററി പാഡുകളെയാണ് ആശ്രയിക്കുന്നത്.
ഈ അടുത്തിടെ ഏറെ പ്രചാരണം നേടിയ മറ്റൊരു ആർത്തവ സഹായിയാണ് മെൻസ്‌ട്രൽ കപ്പ്. മെൻസ്‌ട്രൽ കപ്പ് എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരും ഒന്ന് പേടിക്കും. യഥാർഥത്തിൽ മെൻസ്‌ട്രൽ കപ്പിനെ ഭയക്കേണ്ടതുണ്ടോ? മെൻസ്‌ട്രൽ കപ്പിന്‍റെ ഉപയോഗത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കൂടുതലറിയാം.
എന്താണ് മെൻസ്‌ട്രൽ കപ്പ്: ആർത്തവ സമയത്തുള്ള രക്തം പുറത്തേക്ക് വരാതെ ഉള്ളിൽ തന്നെ ശേഖരിച്ചുവക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് മെൻസ്ട്രൽ കപ്പ്. സിലിക്കോൺ, റബർ, ലാറ്റക്‌സ് തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.
ആർത്തവ സമയത്ത് ഗർഭാശയ മുഖം അഥവാ സെർവിക്‌സിന് താഴെയാണ് ഇതു വയ്‌ക്കുക. ഏറെ സുരക്ഷിതവും എന്നാല്‍ മറ്റ് അസ്വസ്ഥതകള്‍ ഉണ്ടാക്കാത്ത മാര്‍ഗമാണിത്. വ്യത്യസ്‌തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. സാനിറ്ററി പാഡുകൾക്ക് പകരമായി പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ബദൽ മാർഗമെന്ന നിലയിൽ മെൻസ്‌ട്രൽ കപ്പ് ഉപയോഗിക്കാം.
പഠനങ്ങൾ പറയുന്നതിങ്ങനെ: ഇന്ത്യ ഗവൺമെന്‍റിന്‍റെ സമീപകാല ദേശീയ കുടുംബാരോഗ്യ സർവേ (National Family Health Survey) അനുസരിച്ച് 27 ശതമാനം ഗ്രാമീണ സ്‌ത്രീകളും വൃത്തിഹീനമായ രീതിയിലാണ് ആർത്തവ സമയം ചെലവഴിക്കുന്നത്. ഗ്രാമീണ സ്ത്രീകളിൽ 50 ശതമാനവും ആർത്തവമുള്ളവരിൽ 50 ശതമാനം പേരും ആർത്തസമയത്ത് തുണിയാണ് ഉപയോഗിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ ഡിസ്പോസിബിൾ സാനിറ്ററി നാപ്‌കിനുകൾ ഉത്‌പാദിപ്പിക്കുന്ന മാലിന്യങ്ങളെ അപേക്ഷിച്ച് 99 ശതമാനം വരെ അജൈവ മാലിന്യങ്ങൾ കുറയ്ക്കാൻ മെൻസ്‌ട്രൽ കപ്പിന് കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) മുൻ ചീഫ് സയന്‍റിസ്‌റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
മെൻസ്ട്രൽ കപ്പുകൾ സാനിറ്ററി പാഡുകൾക്ക് പകരം വയ്ക്കാവുന്ന ഒരു പരിസ്ഥിതി സൗഹൃദ മാര്‍ഗമാണ്. ആർത്തവമുള്ള പെൺകുട്ടികൾക്കും സ്‌ത്രീകൾക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇവ നിർമിച്ചിരിക്കുന്നതെന്ന് നിരവധി ഗവേഷണങ്ങളിൽ പറയുന്നു. ഒരു ഡോക്യുമെന്‍റഡ് പഠനത്തിന്‍റെ ഭാഗമായി രാജസ്ഥാനിലെ രണ്ട് പ്രദേശങ്ങളിൽ മെൻസ്‌ട്രൽ കപ്പ് വിജയകരമായി നടപ്പിലാക്കാൻ ആക്ഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് ഫോർ ഹെൽത്തിന് (ARTH) കഴിഞ്ഞിട്ടുണ്ട്.
സാമ്പത്തിക ലാഭം ചെറുതല്ല:ഒരു മെൻസ്‌ട്രൽ കപ്പ് പത്ത് വർഷം വരെ നീണ്ടുനിൽക്കുമെന്നതാണ് ശ്രദ്ധേയം. ആർത്തവം അനുഭവപ്പെടുന്നവർ ഡിസ്പോസിബിൾ സാനിറ്ററി നാപ്‌കിനുകൾക്കായി പണം ചെലവഴിക്കേണ്ടതില്ല. ഒരു ശരാശരി ഇന്ത്യൻ ആർത്തവമുളള സ്‌ത്രീകളും പെണ്‍ക്കുട്ടികളും മാസമുറ വിതരണത്തിന് പ്രതിമാസം കുറഞ്ഞത് 300 രൂപയെങ്കിലും ചെലവാക്കുന്നുണ്ട്.