ഐതരാജു രംഗറാവു തയ്യാറാക്കിയത്
ഹൈദരാബാദ്: “നിർമിത ബുദ്ധിക്കുവേണ്ട (AI) ഏറ്റവും അത്യാവശ്യമായ ഘടകം ഡാറ്റയാണ്. കൃത്യമായ വിവരങ്ങൾ നൽകിയാൽ, AI കൃത്യമായ ഫലങ്ങൾ നൽകും,” ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രശസ്‌ത ഗ്യാസ്‌ട്രോ എൻട്രോളജിസ്‌റ്റും AIG ഹോസ്‌പിറ്റൽസിന്‍റെ ചെയർമാനുമായ ഡോ. ഡി നാഗേശ്വര റെഡ്ഡി പറഞ്ഞ വാക്കുകളാണിത്.
ഡോക്‌ടർമാർക്ക് പകരം AI വന്നേക്കുമോ എന്ന ആശങ്കകളെയടക്കം അദ്ദേഹം അഭിമുഖത്തിൽ അഭിസംബോധന ചെയ്‌തു. AI മെഡിക്കൽ പ്രൊഫഷണലുകൾക്ക് പകരമല്ലെന്നും അവർക്ക് AI എന്നും ഒരു സഹായിയായിരിക്കുമെന്നും നാഗേശ്വര റെഡ്ഡി ചൂണ്ടിക്കാട്ടി. ഈ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാൻ പരാജയപ്പെടുന്ന ഡോക്‌ടർമാർ പിന്നോട്ട് പോയേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

"രോഗനിർണയവും ചികിത്സാ കൃത്യതയും വർദ്ധിപ്പിക്കുന്നതിലൂടെ മെഡിക്കൽ മേഖലയിൽ വിപ്ലവം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ് AI. രോഗികളുടെ വലിയ അളവിലുള്ള ഡാറ്റകൾ വിശകലനം ചെയ്യാനും, സൂക്ഷ്‌മതലങ്ങളിൽ രോഗങ്ങൾ കണ്ടെത്താനും, വർഷങ്ങൾക്ക് മുമ്പേ തന്നെ അപകടസാധ്യതകൾ പ്രവചിക്കാനും, പെട്ടെന്ന് മരുന്ന് നിർണയിക്കാനും AI-ക്ക് കഴിയും," ഡോ. റെഡ്ഡി വിശദീകരിച്ചു.
അഭിമുഖത്തിന്‍റെ പൂർണരൂപം |
എങ്ങനെയാണ് എഐ രോഗനിർണയത്തിന് ഉപയോഗിക്കുന്നത്?
ഡോ. റെഡ്ഡി: ഒരു ഡോക്‌ടർക്ക് ഒരു ദിവസം പരിമിതമായ എക്‌സ്-റേകളേ അവലോകനം ചെയ്യാൻ കഴിയൂ. എന്നാൽ, AI-ക്ക് 100% കൃത്യതയോടെ വെറും അര മണിക്കൂറിനുള്ളിൽ 1,000 എക്‌സ്-റേകൾ വിശകലനം ചെയ്യാൻ കഴിയും.
സങ്കീർണ്ണമായ ചില കേസുകളുടെ നിർണ്ണയത്തിന് ഡോക്‌ടർമാർ പലപ്പോഴും വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. ഒരു രോഗിയുടെ പ്രായം, ഉയരം, ഭാരം, ലക്ഷണങ്ങൾ, പരിശോധനാ ഫലങ്ങൾ എന്നിവ ഒരു AI സിസ്‌റ്റത്തിൽ നൽകിയാൽ അതിന് വളരെ കൃത്യമായ ഡയഗ്നോസ്‌റ്റിക് ഉൾക്കാഴ്‌ചകൾ നൽകാന്‍ കഴിയും.
ഉദാഹരണം പറഞ്ഞാൽ, ഒരു രോഗി ഒരിക്കൽ വിശദീകരിക്കാനാകാത്ത വിധത്തിലുള്ള പനിയുമായി ഞങ്ങളെ സമീപിച്ചു. സാധാരണ പരിശോധനാ ഫലങ്ങൾക്ക് പുറമെ രക്തത്തിൽ അസാധാരണമായ ഒരു പ്രോട്ടീൻ ഉള്ളതായി AI കണ്ടെത്തി. തുടർന്ന് എക്‌സ്-റേയിൽ ഒരു ചെറിയ പാടും കണ്ടെത്തി. ഒരു പരിചയസമ്പന്നനായ ഡോക്‌ടർ പോലും ശ്രദ്ധിക്കാതെ വിട്ടുപോകാവുന്നതാണ് ഇവയെല്ലാം. എന്തായാലും AI അയാൾക്ക് ക്ഷയരോഗം സ്ഥിരീകരിച്ചു. സമയബന്ധിതമായ ചികിത്സ നൽകിയതിലൂടെ രോഗി ഒരു മാസത്തിനുള്ളിൽ സുഖം പ്രാപിക്കുകയും ചെയ്‌തു.
എൻഡോസ്‌കോപ്പിക് ഒപ്റ്റിക്കൽ ബയോപ്‌സി ചെയ്യുന്ന സമയത്ത് ചർമ്മത്തിലെ പാടുകൾ തൽക്ഷണം തിരിച്ചറിയാനും കാൻസർ മുഴകൾ കണ്ടെത്താനും AI-ക്ക് കഴിയും, മുതിർന്ന റേഡിയോളജിസ്‌റ്റുകൾക്ക് ഇത് ചെയ്യാൻ കഴിയുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത് AI ഉപയോഗിച്ച് സാധിക്കും. AI-യിൽ ഒരു ട്യൂമറോ, വടുവോ, സംശയാസ്‌പദമായ ചിത്രമോ നൽകിയാൽ അത് കാൻസറാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ കഴിയും.
ശസ്‌ത്രക്രിയാ നടപടിക്രമങ്ങൾ AI എങ്ങനെ മെച്ചപ്പെടുത്തുന്നു?
ഡോ. റെഡ്ഡി: റോബോട്ടിക് ശസ്‌ത്രക്രിയയുമായി AI സംയോജിപ്പിക്കുന്നത് ശസ്‌ത്രക്രിയയുടെ കൃത്യതയെ ഗണ്യമായി വർധിപ്പിച്ചു. ശസ്‌ത്രക്രിയകൾക്കിടയിൽ മനുഷ്യന്‍റെ നഗ്‌ന നേത്രങ്ങൾക്ക് അദൃശ്യമായ ചെറിയ രക്തക്കുഴലുകൾ മുറിയാനുള്ള സാധ്യത എല്ലായ്‌പ്പോഴും ഉണ്ട്. AI അത്തരം അപകടസാധ്യതകൾ കണ്ടെത്തി തത്സമയം ശസ്‌ത്രക്രിയാ വിദഗ്‌ധരെ അറിയിക്കുന്നു.
മസ്‌തിഷ്‌ക ശസ്‌ത്രക്രിയകളിൽ ഇതിന്‍റെ പങ്ക് വളരെ നിർണായകമാണ്, അവിടെ കൃത്യത പരമപ്രധാനമാണ്. കൂടാതെ, ശസ്‌ത്രക്രിയകളുടെ ദൈർഘ്യം കുറയ്ക്കുന്നതിലൂടെ AI വേഗത്തിലുള്ള സൗഖ്യത്തിലേക്ക് നയിക്കുന്നു.
രോഗങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ AI-ക്ക് കഴിയുമോ?
ഡോ. റെഡ്ഡി: ഒരു വ്യക്തിയുടെ മെഡിക്കൽ ചരിത്രം ആഴത്തിൽ വിശകലനം ചെയ്യാനും അതനുസരിച്ചുള്ള വ്യക്തിഗത ചികിത്സ നൽകാനും AI-ക്ക് കഴിയും. ഉദാഹരണത്തിന്, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഒരു വ്യക്തിക്ക് പ്രമേഹമോ കാൻസറോ വരാനുള്ള സാധ്യതയുണ്ടോ എന്ന് അവരുടെ രക്തസാമ്പിളുകൾ വിശകലനം ചെയ്‌തുകൊണ്ട് AI-ക്ക് പ്രവചിക്കാൻ കഴിയും.
ചിലർ ശരീരഭാരം കൂട്ടാതെ തന്നെ ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നു. മറ്റുചിലർ കുറച്ച് ഭക്ഷണം കഴിച്ചിട്ടും ഭാരം കൂടുന്നു. ഇത് ജനിതക വ്യതിയാനങ്ങൾ മൂലമാണ്. AI-ക്ക് ജനിതക ക്രമങ്ങൾ വിശകലനം ചെയ്യാനും അതനുസരിച്ച് വ്യക്തിഗതമായ ഭക്ഷണക്രമവും ജീവിതശൈലി ക്രമീകരണങ്ങളും ശുപാർശ ചെയ്യാനും കഴിയും.
രക്‌തസമ്മർദ്ദം, പ്രമേഹം, പൾസ്, രക്‌തത്തിലെ ഓക്‌സിജൻ അളവ് എന്നിവ നിരീക്ഷിക്കുന്ന സ്‌മാർട്ട് വാച്ചുകൾ, റിങ്ങുകൾ തുടങ്ങിയ ധരിക്കാവുന്ന ഉപകരണങ്ങൾക്ക് ഇപ്പോൾ തത്സമയ ആരോഗ്യ അപ്‌ഡേറ്റുകൾ നൽകാൻ കഴിയും. AI ഈ ഡാറ്റ വിശകലനം ചെയ്യുകയും അസാധാരണമായ പ്രവണതകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യുന്നു. ഇത് സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ സാധ്യമാക്കുന്നു.
നേരത്തെ പുതിയ മരുന്നുകൾ വികസിപ്പിക്കാൻ 20 വർഷത്തിലധികം എടുത്തിരുന്നു. AI ഉപയോഗിച്ച്, പുതിയ മരുന്ന് കണ്ടെത്താനുള്ള സമയം വെറും രണ്ട് വർഷമായി ചുരുക്കി. COVID-19 വാക്‌സിനുകളുടെ ദ്രുതഗതിയിലുള്ള വികസനം AI കാരണമാണ് സാധ്യമായത്.
AI മെഡിക്കൽ ബെഡ് എങ്ങനെ പ്രവർത്തിക്കുന്നു?
ഡോ. റെഡ്ഡി: ഒരു അത്യാധുനിക AI മെഡിക്കൽ ബെഡ് ഇപ്പോൾ ലഭ്യമാണ്. രോഗി കിടക്കയിൽ കിടക്കുമ്പോൾ, പൾസ്, ബിപി, പഞ്ചസാര, ഇലക്‌ട്രോലൈറ്റുകൾ, താപനില, ഓക്‌സിജൻ സാച്ചുറേഷൻ തുടങ്ങിയ ഒന്നിലധികം ആരോഗ്യ പാരാമീറ്ററുകൾ രേഖപ്പെടുത്തുന്നു. ഏതെങ്കിലും മരുന്ന് നൽകുകയാണെങ്കിൽ AI അതിന്‍റെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും രോഗിയുടെ പുരോഗതി ട്രാക്ക് ചെയ്യുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ഒരു സലൈൻ ഡ്രിപ്പ് മിനിറ്റിൽ 20 തുള്ളികളായി സെറ്റ് ചെയ്യുകയും അതിനിടെ രോഗിയുടെ അവസ്ഥ മെച്ചപ്പെടുകയും ചെയ്‌താൽ, ഡ്രിപ്പ് നിരക്ക് കുറയ്ക്കാൻ AI ശുപാർശ ചെയ്യും. മരുന്നുകളുടെ ശരിയായ ഡോസേജും ഇതിന് നിർദ്ദേശിക്കാൻ കഴിയും.
AI എങ്ങനെയാണ് ഡോക്‌ടർ-രോഗി ഇടപെടലുകൾ സുഗമമാക്കുന്നത്?
ഡോ. റെഡ്ഡി: പ്രിസ്‌ക്രിപ്ഷൻ റെക്കോർഡർ ആൻഡ് ഇന്‍റലിജന്‍റ് സമ്മറി മേക്കർ (PRISM) എന്നൊരു ഉപകരണം ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയർ ഡോക്‌ടർ-രോഗി സംഭാഷണം റെക്കോർഡ് ചെയ്യുകയും കൃത്യമായ ഒരു കുറിപ്പടി (പ്രിസ്‌ക്രിപ്ഷൻ) സൃഷ്‌ടിക്കുകയും ചെയ്യുന്നു.
സംഭാഷണത്തിനിടയിലുള്ള വിഷയവുമായി ബന്ധമില്ലാത്ത പരാമർശങ്ങൾ ഒഴിവാക്കാൻ ഇതിന് ബുദ്ധിയുണ്ട്. ഉദാഹരണത്തിന്, പുഷ്‌പ 2 പോലുള്ള ഒരു സിനിമയെക്കുറിച്ച് ഡോക്‌ടറും രോഗിയും ചർച്ച ചെയ്‌താൽ, PRISM അത് ഫിൽട്ടർ ചെയ്യും.
10,000 രോഗികളിൽ ഞങ്ങൾ ഇത് പരീക്ഷിച്ചു, പ്രധാനമന്ത്രിക്ക് ഇത് അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. എല്ലാ ആശുപത്രികളിലും ഈ സോഫ്റ്റ്‌വെയർ സൗജന്യമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ആരോഗ്യ സംരക്ഷണത്തിൽ AI യുടെ അപകടസാധ്യതകളും വെല്ലുവിളികളും എന്തൊക്കെയാണ്?
ഡോ. റെഡ്ഡി: AI തെറ്റായ വിവരങ്ങൾ സൃഷ്‌ടിക്കുകയാണെങ്കിൽ അനന്തരഫലങ്ങൾ ഗുരുതരമാകും. ആരോഗ്യ സംരക്ഷണത്തിലെ AI ഉപയോഗത്തിൽ സർക്കാർ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഡാറ്റയുടെ സുരക്ഷയും ഒരു പ്രധാന ആശങ്കയാണ്. രോഗികളുടെ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കണം.
ഉദാഹരണത്തിന്, ന്യൂറാലിങ്ക് എന്ന ബ്രെയിൻ ചിപ്പ് ഇംപ്ലാന്‍റ് തളർവാതരോഗികളെ AI ഉപയോഗിച്ച് അവരുടെ കൈകാലുകൾ ചലിപ്പിക്കാൻ പ്രാപ്‌തമാക്കുന്നു. എന്നാൽ, തലച്ചോറിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഈ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ AI ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം.
എന്താണ് MIRA, അത് രോഗികളെ എങ്ങനെ സഹായിക്കുന്നു?
ഡോ. റെഡ്ഡി: AIG ഹോസ്‌പിറ്റൽസ് ഞങ്ങളുടെ ഔട്ട്പേഷ്യന്‍റ് വിഭാഗത്തിൽ മെഡിക്കൽ ഇൻഫോർമാറ്റിക്‌സ് റോബോട്ടിക് അസിസ്‌റ്റന്‍റ് (MIRA) അവതരിപ്പിച്ചിട്ടുണ്ട്. രോഗികളുടെ കുറിപ്പടികളെയും ആരോഗ്യസ്ഥിതികളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മിറ ഉത്തരം നൽകുന്നു.
MIRA തെലുങ്ക്, ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകൾ പിന്തുണയ്ക്കുന്നു. മനുഷ്യരായ സഹായികളിൽ നിന്ന് വ്യത്യസ്‌തമായി, ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ MIRA ഒരിക്കലും മടുപ്പ് പ്രകടിപ്പിക്കുന്നില്ല.
AI എങ്ങനെയാണ് അടിയന്തര പരിചരണം മെച്ചപ്പെടുത്തുന്നത്?
ഡോ. റെഡ്ഡി: ഐസിയുവിൽ, പൾസ്, ബിപി, ഓക്‌സിജൻ അളവ് തുടങ്ങിയ ഏഴ് സുപ്രധാന പാരാമീറ്ററുകൾ നിരന്തരം നിരീക്ഷിക്കപ്പെടുന്നു. വലിയ ആശുപത്രികളിൽ, അഞ്ച് മുതൽ ആറ് വരെ രോഗികളുടെ അവസ്ഥ ദിവസേന വഷളാകുന്നുണ്ട്. ഈ മാറ്റങ്ങൾ നേരത്തെ കണ്ടെത്താൻ AI സഹായിക്കുകയും, മിനിറ്റുകൾക്കുള്ളിൽ വിവരം മെഡിക്കൽ ടീമുകളെ അറിയിക്കുകയും ചെയ്യുന്നു.
റെസ്‌പോൺസ് സമയം മെച്ചപ്പെടുത്താൻ ഞങ്ങൾ ഐ സേവ് (i Save) സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു. ഏഴ് പാരാമീറ്ററുകളിൽ അഞ്ചെണ്ണവും അസാധാരണമായ ഏറ്റക്കുറച്ചിലുകൾ കാണിക്കുമ്പോൾ, ഐ സേവ് അത് തൽക്ഷണം നഴ്‌സുമാരെയും ഡോക്‌ടർമാരെയും അറിയിക്കുന്നു. ഒരു രോഗിയുടെ അവസ്ഥ വഷളാകുന്നതിന് മുമ്പ് തന്നെ നേരത്തെയുള്ള ഇടപെടലുകൾ നടത്താന്‍ ഇത് സഹായിക്കുന്നു.
പരിശോധനകളുടെ ചെലവ് കുറയ്‌ക്കാന്‍ AI സഹായിക്കുമോ
ഡോ. റെഡ്ഡി: തീർച്ചയായും, ഉദാഹരണം പറഞ്ഞാൽ ഫാറ്റി ലിവർ രോഗനിർണ്ണയത്തിന് നിലവിൽ ചെലവേറിയ ഫൈബ്രോ സ്‌കാൻ ആവശ്യമാണ്. രക്തപരിശോധനാ ഡാറ്റ ഉപയോഗിച്ച് വളരെ വിലകുറഞ്ഞ രീതിയാണ് ഇപ്പോൾ AI ഇത് സാധ്യമാക്കിയിരിക്കുന്നത്.
കരളിന്‍റെ പ്രവർത്തനം, കൊളസ്‌ട്രോൾ, ഹീമോഗ്ലോബിൻ, പ്ലേറ്റ്‌ലെറ്റുകൾ, എൻസൈം അളവ് എന്നിവ വിശകലനം ചെയ്യുന്നതിലൂടെ, ഫൈബ്രോ സ്‌കാനിന്‍റെ അതേ കൃത്യതയോടെ AI ഫലങ്ങൾ നൽകുന്നു, ഇത് രോഗനിർണയം കൂടുതൽ ചെലവ് കുറഞ്ഞതാക്കി മാറ്റുന്നു.
AI മെഡിസിനിൽ ഇനി അടുത്തതെന്താണ്?
ഡോ. റെഡ്ഡി: AI നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഹോങ്കോങ്ങിൽ, ഒരു ഇന്‍റലിജന്‍റ് ടോയ്‌ലറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു വ്യക്തി ഇത് ഉപയോഗിക്കുമ്പോൾ അതിന്‍റെ സിസ്‌റ്റം അവരുടെ ബിപി, ഷുഗർ , പൾസ്, ഇലക്‌ട്രോലൈറ്റുകൾ, മറ്റ് ആരോഗ്യ മെട്രിക്‌സ് എന്നിവ വിശകലനം ചെയ്യുന്നു. തുടർന്ന് ഭക്ഷണക്രമം, ഉറക്കം, ജീവിതശൈലി ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ നൽകുന്നു. AI ആരോഗ്യ സംരക്ഷണത്തെ പരിവർത്തനം ചെയ്യുകയാണ്, പക്ഷേ അതിന്‍റെ ധാർമ്മികവും സുരക്ഷിതവുമായ ഉപയോഗം ഇപ്പോഴും നിർണായകമാണ്.
"മെഡിക്കൽ പ്രൊഫഷണലുകളെ മാറ്റിസ്ഥാപിക്കാനല്ല, സഹായിക്കാനാണ് AI ഉപയോഗിക്കേണ്ടത്," ഡോ. റെഡ്ഡി കൂട്ടിച്ചേർത്തു.