തിരുവനന്തപുരം: മീനാക്ഷിക്ക് ഇനി കണ്ടും കേട്ടും പഠിക്കാം. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ മകൾക്ക് കൈത്താങ്ങുമായി വിദ്യാഭ്യാസ വകുപ്പ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മകള്‍ മീനാക്ഷിക്ക് പഠിക്കാന്‍ ഗോത്ര ഭാഷയില്‍ ഓഡിയോ വിഷ്വല്‍ ഗ്രന്ഥങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇതിനായി 30 ഓഡിയോ വിഷ്വല്‍ ഗ്രന്ഥങ്ങളാണ് തയ്യാറാക്കിയത്.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലമ്പൂർ പൂച്ചപ്പാറയിലെ മണിയുടെ മൂത്തമകളാണ് 12 വയസുള്ള മീനാക്ഷി. മറ്റ് ആദിവാസി സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ചോലനായ്ക്കര്‍ വിഭാഗത്തിൽപ്പെട്ടവർ മുഖ്യധാരാ സമൂഹത്തിലേക്ക് വരാതെ കാട്ടിനുള്ളില്‍ തന്നെയാണ് താമസിക്കുന്നത്. മണിയുടെ മരണശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മീനാക്ഷിയുടെ കുടുംബത്തെ വനമേഖലയില്‍ നിന്നും ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം മലപ്പുറം ജില്ലയിലെ പ്രോഗ്രാം ഓഫിസര്‍മാര്‍ ആഴ്‌ചതോറും ഗസ്റ്റ് ഹൗസിൽ സന്ദര്‍ശനം നടത്തി ഉറപ്പുവരുത്തുന്നുണ്ടെന്ന് എസ്എസ്‌കെ സംസ്ഥാന പ്രൊജക്‌ട് ഡയറക്‌ടര്‍ സുപ്രിയ എആര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 6,168 വിദ്യാര്‍ഥികള്‍ക്ക് എസ്എസ്‌കെ ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും വെര്‍ച്വല്‍ ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അവരുടേതായ ഗോത്ര ഭാഷയിലാണ് സംസാരിക്കുന്നത്. അതിനാലാണ് പ്രത്യേകം ഓഡിയോ വിഷ്വൽ ടെക്‌സ്റ്റ് തയ്യാറാക്കിയത്. ഉള്‍ക്കൊള്ളലിൻ്റേയും ഉള്‍ച്ചേര്‍ക്കലിൻ്റേയും മറ്റൊരു കേരള മാതൃകയാണിതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ് ബുക്കിൽ കുറിച്ചു.