ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഫൈബർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉയർന്ന അളവിലുള്ള ഫൈബറിന്‍റെ ഉപഭോഗം ശരീരത്തിലെ വിഷവസ്‌തുക്കളെ ഇല്ലാതാക്കാനും ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദീർഘകാലം നീണ്ടുനിൽക്കുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും നാരുകളാൽ സമ്പന്നമായ ഭക്ഷണക്രമം ഗുണം ചെയ്യും. മാത്രമല്ല കലോറി ഉപഭോഗം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ഇത് ഫലപ്രദമാണ്. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും സാധിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ദഹനാരോഗ്യം മെച്ചപ്പെടുത്തും
നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും. ഉയർന്ന അളവിലുള്ള നാരുകളുടെ ഉപഭോഗം മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ (2009) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ഹൃദ്രോഗ സാധ്യത കുറയ്ക്കും
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഓട്‌സ്, ബീൻസ്, പഴങ്ങൾ എന്നിവയിലെ ലയിക്കുന്ന നാരുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഫലപ്രദമാണ്. ഇത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും ഇത് ഗുണം ചെയ്യും. അതിനാൽ ടൈപ്പ് 2 പ്രമേഹമുള്ളവരും പ്രീ ഡയബറ്റിക് അവസ്ഥയിലുള്ളവരും ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
കാൻസർ സാധ്യത കുറയ്ക്കും
നാരുകൾ കൂടുതലായി കഴിക്കുന്നത് വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ദഹന നാളത്തിലൂടെയുള്ള ഭക്ഷണത്തിന്‍റെ ചലനത്തെ പ്രോത്സാഹിപ്പിക്കാൻ നാരുകൾ സഹായിക്കും. ഇത് വൻകുടലിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും
ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, അർബുദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ ഉയർന്ന ഫൈബർ ഉപഭാഗം സഹായിക്കുമെന്ന് ഹാർവാർഡ് നഴ്‌സസ് ഹെൽത്ത് സ്റ്റഡിസിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും നാരുകൾ ഗുണം ചെയ്യും.
മാനസികാരോഗ്യം മെച്ചപ്പെടുത്തും
നാരുകൾ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് 2015 ൽ സൈക്കോസോമാറ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കുടലിലെ നല്ല ബാക്‌ടീരിയകൾ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്ന സെറോടോണിൻ പോലുള്ള ന്യൂറോകെമിക്കലുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് ഉത്കണ്‌ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ ഗുണം ചെയ്യും.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങൾ ഇതാണ് - BENEFITS OF FIBER
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
![ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങൾ ഇതാണ് WHAT DOES FIBER DO FOR THE BODY HEALTH BENEFITS OF HIGH FIBER DIET FIBER RICH DIET BENEFITS BENEFITS OF EATING FIBER](https://etvbharatimages.akamaized.net/etvbharat/prod-images/12-02-2025/1200-675-23528909-thumbnail-16x9--benefits-of-eating-fiber.jpg)
Representative Image (Getty Images)
Published : Feb 12, 2025, 5:51 PM IST
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read :
1. രക്തസമ്മർദ്ദം കുറയ്ക്കാം; പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...
2.ചിക്കനേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്