ശരീരത്തിന്റെയും മനസിന്‍റെയും ആരോഗ്യത്തിന് മതിയായ ഉറക്കം കൂടിയേ തീരൂ. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാതെ ഉറക്ക പ്രശ്‌നങ്ങൾ നേരിടുന്നവർ നിരവധിയാണ്. ഉറക്കത്തിന്‍റെ അഭാവം ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം, പിരിമുറുക്കം, ക്ഷോഭം തുടങ്ങീ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. സമ്മർദ്ദം, ചുറ്റുപാടുകളിൽ ഉണ്ടാകുന്ന മാറ്റം എന്നിവ ഉൾപ്പെടെ പല ഘടകങ്ങൾ ഉറക്കത്തെ ബാധിക്കാം. മൂന്ന് മാസത്തിൽ കൂടുതൽ ഇത് നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ആരോഗ്യ വിദഗ്‌ധന്‍റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഉറക്കക്കുറവിന്‍റെ ശരിയായ കാരണം കണ്ടെത്തി അതിനെ നേരിടുകയെന്നതാണ് ഏറ്റവും പ്രധാനം. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ഒരു പരിധിവരെ ഉറക്കകുറവ് പരിഹരിക്കാൻ സാധിക്കും. അത്തരത്തിൽ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
വാഴപ്പഴം
വാഴപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികളെയും ഞരമ്പുകളെയും വിശ്രമിക്കാൻ സഹായിക്കും. മഗ്നീഷ്യം ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
ബദാം
മഗ്നീഷ്യം, മെലറ്റോണിൻ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കം മെച്ചപ്പെടുത്താനും പ്രായമായവരിലെ ഉറക്ക പ്രശ്‍നം പരിഹരിക്കാനും സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.
കിവി
പതിവായി കിവി കഴിക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം, ദൈർഘ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് 2011 ൽ ഏഷ്യാ പസഫിക് ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. കിവിയിൽ ആന്‍റി ഓക്‌സിഡന്‍റുകളും സെറോടോണിനും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് വിശ്രമം നൽകാനും ഇത് സഹായിക്കും.
ചൂടുള്ള പാൽ
ഉറക്കത്തെ നിയന്ത്രിക്കുന്ന സെറോടോണിൻ, മെലറ്റോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ചൂടുപാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. അതിനാൽ രാത്രിയിൽ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കുക.
ചമോമൈൽ ടീ
ചമോമൈൽ സത്ത് ഉറക്കത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ സൈക്കോഫാർമക്കോളജിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. അതിനാൽ ഉറക്കക്കുറവ് നേരിടുന്ന ആളുകൾ ചമോമൈൽ ടീ കുടിക്കുന്നത് നല്ലതാണ്.
ഓട്‌സ്
ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മെലറ്റോണിൻ, മഗ്നീഷ്യം എന്നിവ ഓട്‌സിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉറക്കകുറവുള്ള ആളുകൾ പതിവായി ഒട്‌സ് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.
മത്തങ്ങാവിത്ത്
ട്രിപ്റ്റോഫാന്‍റെ മികച്ച ഉറവിടമാണ് മത്തങ്ങാവിത്ത്. കോപ്പർ, സിങ്ക്, സെലീനിയം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
മധുരക്കിഴങ്ങ്
കാര്‍ബോഹൈട്രേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച സ്രോതസായ മധുരക്കിഴങ്ങ് ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.
വാൾനട്ട്
മെലാടോണിന്‍റെ മികച്ച സ്രോതസാണ് വാൾനട്ട്. ഫാറ്റി ആസിഡുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നല്ല ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :
1. ഇടതുവശം ചരിഞ്ഞാണോ ഉറങ്ങാറ് ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
2. ഉറക്കമാണോ പ്രശ്‌നം; എങ്കിൽ മാറ്റി പിടിക്കാം ഈ ഭക്ഷണക്രമങ്ങൾ