ലഖ്‌നൗ:ഉത്തർപ്രദേശിലെ ലഖ്‌നൗവിലെബൽറാംപൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ ട്രൈജമിനൽ ന്യൂറൽജിയ ശസ്ത്രക്രിയ വിജയകരം. ആത്മഹത്യാ രോഗം എന്നറിയപ്പെടുന്ന ഈ അപൂർവ രോഗത്തിന് ശസ്‌ത്രക്രിയയിലൂടെ ചികിത്സ നൽകിയ ഇന്ത്യയിലെ ആദ്യത്തെ ജില്ലാ ആശുപത്രിയാണ് ഇത്. ട്രൈജമിനൽ ന്യൂറൽജിയ ബാധിതനായ അശോക് കുമാർ (46) എന്ന വ്യക്തിയുടെ ശസ്‌ത്രക്രിയ വിജയമായതിലൂടെയാണ് ബൽറാംപൂർ ആശുപത്രി ഈ നേട്ടം കൈവരിച്ചത്.
ഒരു ലക്ഷം ആളുകളിൽ 12 പേരെ മാത്രം ബാധിക്കുന്ന അപൂർവ രോഗമാണ് ട്രൈജമിനൽ ന്യൂറൽജിയ. രോഗി അനുഭവിക്കുന്ന കഠിനവേദന കാരണമാണ് ഈ രോഗം ആത്മഹത്യാ രോഗം എന്നറിയപ്പെടുന്നത്. സ്ത്രീകളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. ബോളിവുഡ് താരം സൽമാൻ ഖാനും ഇതേ രോഗം ഉണ്ടായിരുന്നു.
ആറുവർഷമായി മുഖത്തിൻ്റെ വലതുഭാഗത്ത് കടുത്ത വേദന അനുഭവിക്കുകയായിരുന്നു അശോക്. പല്ല് തേക്കാനോ, വായ കഴുകാനോ, വെള്ളം കുടിക്കാനോ ആവാതെ മുഖത്തെ കഠിനമായ വേദന മൂലം ദുരിതമനുഭവിക്കുകയായിരുന്നു അശോക്. വേദനസംഹാരികൾ ഉപയോഗിച്ചിട്ടും പല ചികിത്സകൾ നടത്തിയിട്ടും അദ്ദേഹത്തിന് ഒരു ആശ്വാസവും ലഭിച്ചിരുന്നില്ല. തുടർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അദ്ദേഹം ബൽറാംപൂർ ജില്ലാ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ വിനോദ് തിവാരിയെ സമീപിക്കുകയായിരുന്നു.