നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ആര്യവേപ്പ്. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പണ്ട് കാലം മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒരു മരുന്ന് കൂടിയാണിത്. ചർമ്മ, കേശ സംരക്ഷത്തിന് വേപ്പില വളരെയധികം ഗുണം ചെയ്യും. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഫംഗൽ, ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഓക്‌സിഡന്‍റ് എന്നീ ഗുണങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ, വിറ്റാമിൻ സി, കരോട്ടിൻ, ഗ്ലൂട്ടാമിക് ആസിഡ്, പ്രാലൈൻ തുടങ്ങിയവയും വേപ്പിലയിൽ ധാരാളമുണ്ട്. വേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.
ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ
വേപ്പിലയിൽ ഉയർന്ന തോതിൽ ശക്തമായ ആന്‍റി ബാക്‌ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ജേണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് ശരീരത്തിലെ ഹാനികരമായ ബാക്‌ടീരിയകളേയും ഫംഗസുകളേയും ചെറുക്കാൻ സഹായിക്കും. മുഖക്കുരു, എക്‌സിമ, ഫംഗസ് അണുബാധകൾ എന്നിവ ചികിത്സിക്കാനും ചർമ്മം സംരക്ഷിക്കാനും പണ്ട് കാലം മുതൽക്ക് ഉപയോഗിച്ച് വരുന്ന ഒരു മരുന്നാണ് വേപ്പില.
പ്രതിരോധശേഷി വർധിപ്പിക്കും
രോഗ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ഇതിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാനുമുള്ള കഴിവ് വേപ്പിലയ്ക്കുണ്ട്. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കൻ സഹായിക്കുമെന്ന് ഫൈറ്റോ തെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.
വിഷാംശം ഇല്ലാതാക്കും
രക്തം ശുദ്ധീകരിക്കുന്നതിലൂടെ കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ വേപ്പില സഹായിക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ഇത് ഗുണം ചെയ്യും. മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിക്കുകയും ഉന്മേഷം വർധിപ്പിക്കാനും വേപ്പില ഗുണകരമാണ്.
ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ
വേപ്പിൽ അടങ്ങിയിട്ടുള്ള ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റിവ് സമ്മർദ്ദത്തെ ചെറുക്കൻ സഹായിക്കും. വീക്കം കുറയ്ക്കാനും സന്ധിവാതം പോലുള്ള അവസ്ഥകളുടെ സാധ്യത കുറയ്ക്കാനും വേപ്പില ഗുണം ചെയ്യുമെന്ന് ഫൈറ്റോ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.
ചർമ്മത്തിൻ്റെ ആരോഗ്യം
മുഖക്കുരു, തിണർപ്പ്, വരൾച്ച തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ ചികിത്സിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വേപ്പെണ്ണ. ഇതിലെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ ഗുണങ്ങൾ മുറിവ് ഉണക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
ഓറൽ ഹെൽത്ത്
മോണരോഗം, ദന്തക്ഷയം, വായ്‌നാറ്റം എന്നിവ തടയാൻ വേപ്പ് പണ്ട് കാലം മുതൽക്കെ ഉപയോഗിച്ച് വരുന്നു. വേപ്പിലയിൽ അടങ്ങിയിട്ടുള്ള ആൻ്റി ബാക്‌ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വായുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വേപ്പില ഗുണകരമാണ്. പ്രമേഹ രോഗികൾ പതിവായി വേപ്പില കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും.
മുടിയുടെ ആരോഗ്യം
താരൻ, വരണ്ട തലയോട്ടി, അണുബാധ തുടങ്ങീ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേപ്പില ഗുണം ചെയ്യും. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും വേപ്പെണ്ണയുടെ ഉപയോഗം ഫലം ചെയ്യും.
ദഹന ആരോഗ്യം
വയർ വീർക്കുക, ദഹനക്കേട് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേപ്പില സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ മലബന്ധം ലഘൂകരിക്കാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ശരീരഭാരം കുറയ്ക്കാം, ചർമ്മം സുന്ദരാമാക്കാം; ഡയറ്റിൽ ഈ പഴം ഉൾപ്പെടുത്തൂ...