തിരുവനന്തപുരം: ഓരോ റെയിൽവേ സ്റ്റേഷനുകളുടെയും പേരിനൊപ്പം ജങ്‌ഷൻ, റോഡ്, ടൗൺ എന്നിങ്ങനെ നിരവധി വാലുകൾ കാണാം. ഇതെന്തുകൊണ്ട് അല്ലെങ്കിലെന്തിന് എന്നാലോചിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ സ്റ്റേഷൻ്റെ പേരിനൊപ്പം ജങ്‌ഷൻ, റോഡ്, ടൗൺ എന്നിങ്ങനെ വരുന്നതിൻ്റെ രഹസ്യം എത്ര പേർക്കറിയാം?
പലപ്പോഴും ഒരേ സ്ഥലപ്പേരിൽ ഒന്നിലധികം സ്റ്റേഷനുകളും കാണാനാകും. എന്നാൽ അറിയാത്ത ദേശത്തേക്ക് ട്രെയിൻ യാത്ര നടത്താൻ ഒരുങ്ങുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാരണങ്ങൾ ഈ പേരിടലുകൾക്ക് പിന്നിലുണ്ട്. ഒരു റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന യഥാർഥ സ്ഥലപ്പേര് തന്നെ റെയിൽവേ സ്റ്റേഷന് വരണമെന്നുമില്ല. റെയിൽവേ സ്റ്റേഷനുകൾക്ക് പേരിടുമ്പോൾ പ്രധാനമായും റെയിൽവേ സ്റ്റേഷൻ്റെ പ്രത്യേകത, ചരിത്ര-സാംസ്‌കാരിക ഘടകങ്ങൾ, പൊതുജനാവശ്യം, സർക്കാർ തീരുമാനം എന്നിവയാണ് പാരമ്പരാഗതമായി റെയിൽവേ പരിഗണിക്കുകയെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കുന്നു.
ഒന്നിലധികം റെയിൽവേ ലൈനുകൾ വന്നെത്തുന്ന സ്റ്റേഷനുകളിൽ സ്ഥലപ്പേരിന് പിന്നാലെ ജങ്‌ഷന്‍ എന്ന് കൂടി ഉൾപ്പെടുത്തും. ഉദാഹരണം എറണാകുളം ജങ്‌ഷന്‍, ഷൊർണൂർ ജങ്‌ഷന്‍, കൊല്ലം ജങ്‌ഷന്‍, കായംകുളം ജങ്‌ഷന്‍ എന്നിങ്ങനെ. യാത്ര ട്രെയിനുകളുടെ കനത്ത ട്രാഫിക്കുള്ള പ്രധാന സ്റ്റേഷന് സെൻട്രൽ എന്ന് കൂടി ചേർക്കും. ഉദാഹരണം തിരുവനന്തപുരം സെൻട്രൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നഗരത്തിൽ നിന്നും മാറി നഗരത്തിലേക്കുള്ള ഹൈവേയ്‌ക്കോ റോഡിനോ അരികിലായി പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷനുകൾക്ക് റോഡ് എന്ന് കൂടി സ്ഥലനാമത്തോടൊപ്പം ചേർക്കും. ഉദാഹരണം മൂകാംബിക റോഡ്, പിറവം റോഡ് എന്നിങ്ങനെ. സൈന്യത്തിൻ്റെ കൻ്റോൺമെൻ്റ് ഏരിയയ്‌ക്ക് സമീപമുള്ള സ്റ്റേഷനുകൾക്ക് പേരിനൊപ്പം കൻ്റോൺമെൻ്റ് എന്ന് കൂടി ചേർക്കും.
ഒരു റെയിൽവേ റൂട്ടിൻ്റെ ഏറ്റവും അവസാനത്തെ സ്റ്റോപ്പായ റെയിൽവേ സ്റ്റേഷൻ ടെർമിനൽ എന്നാകും അറിയപ്പെടുക. ഉദാഹരണത്തിന് ഹൗറ ടെർമിനൽ. താരതമ്യേനെ ചെറിയ ജനവാസ മേഖലകളിൽ റെയിൽവേ സ്റ്റേഷനുകളിൽ ടൗൺ, വില്ലേജ് എന്നീ പേരുകൾ കൂടി ചേർക്കും. റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലത്തെ സാംസ്‌കാരിക പ്രാധാന്യം കണക്കിലെടുത്ത് വ്യക്തികളുടെ പേരിലും ചില സ്റ്റേഷനുകൾ അറിയപ്പെടും.
ഛത്രപധി ശിവാജി മഹാരാജ് ടെർമിനസ്, പുറത്‌ച്ചി തലൈവർ ഡോ എംജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവ ഇതിന് ഉദാഹരണമാണ്. റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനങ്ങളുടെ താത്‌പര്യവും സർക്കാർ തീരുമാനവും പലപ്പോഴും റെയിൽവേ സ്റ്റേഷൻ്റെ പേരിന് കാരണമാകും.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനായിരുന്ന തിരുവനന്തപുരം നോർത്തും നേമം റെയിൽവേ സ്റ്റേഷനായിരുന്ന തിരുവനന്തപുരം സൗത്തും ഇതിന് ഉദാഹരണമാണ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സർക്കാർ തീരുമാനമായിരുന്നു ഇവിടെ പേര് മാറ്റത്തിന് കാരണം.
Also Read: ചരിത്രത്തിന്‍റെ അപൂർവത പേറുന്ന 'മഹാദേവ' ഗ്രാമം; ആ ഓര്‍മ്മയില്‍ പിറവികൊണ്ട ഗ്രന്ഥാലയവും