ആരോഗ്യമുള്ള ശരീരം നിലനിർത്താൻ അത്യന്താപേക്ഷിതമായ ഒന്നാണ് പ്രോട്ടീൻ. ശരീരത്തിൽ പ്രോട്ടീന്‍റെ അഭാവം ഉണ്ടാകുമ്പോൾ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ പ്രോട്ടീൻ കുറയുമ്പോൾ ശരീരം ചില സൂചനകൾ നൽകാറുണ്ട്. അത് തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്‌നം വഷളാകാൻ ഇടയാകുന്നത്. അത്തരത്തിൽ പ്രോട്ടീന്‍റെ അളവ് കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
പേശികളുടെ ബലഹീനത
പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രോട്ടീൻ കുറവിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് പേശികൾക്ക് ഉണ്ടാകുന്ന ബലഹീനത. ഇത് പേശി വേദനയിലേക്കും നയിക്കും.
ക്ഷീണം
ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാതെ വരുമ്പോൾ ക്ഷീണം, ഊർജ്ജ കുറവ്, അലസത എന്നിവയ്ക്ക് കാരണമാകുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ചർമ്മ പ്രശ്‌നങ്ങൾ
ചമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ പ്രോട്ടീൻ അഭാവം ഉണ്ടാകുമ്പോൾ ചർമ്മം വരണ്ടതാകുകയും ദൃഢത നഷ്‌ടമാകുകയും ചെയ്യും. കൂടാതെ വിവിധ ചർമ്മ പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കും. പ്രോട്ടീന്‍റെ കുറവ് നഖങ്ങളുടെ ഉറപ്പ് നഷ്‌ടപ്പെടാനും പൊട്ടി പോകാനും ഇടയാക്കും.
മുടികൊഴിച്ചിൽ
ശരീരത്തിലെ പ്രോട്ടീൻ കുറവിനെ സൂചിപ്പിക്കുന്ന മറ്റൊരു ലക്ഷമാണ് മുടികൊഴിച്ചിൽ. ഇത് മുടിയുടെ ബലം നഷ്‌ടപ്പെടാനും അമിതമായ മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുമെന്ന് ക്ലിനിക്കൽ ഡെർമറ്റോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
അണുബാധ
പ്രോട്ടീൻ്റെ കുറവ് രോഗപ്രതിരോധ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ആൻ്റിബോഡി ഉത്പാദനം കുറയ്ക്കുകയും ചെയ്യും. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ദി ജേണൽ ഓഫ് ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
നീർവീക്കം
പ്രോട്ടീന്‍റെ അഭാവം കൈകൾ, കാലുകൾ, പാദങ്ങൾ, ഉരദം തുടങ്ങിയ ഇടങ്ങളിൽ നീര് ഉണ്ടാകാൻ കാരണമാകും.
മുറിവുകൾ ഉണങ്ങാതിരിക്കുക
മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിന് ശരീരത്തിൽ പ്രോട്ടീൻ ആവശ്യമാണ്. ഇതിന്‍റെ കുറവുണ്ടാകുമ്പോൾ മുറിവ്, ചതവ് എന്നിവയുടെ ഉണക്കത്തെ ബാധിക്കുകയും സുഖപ്പെടുന്നതിന് ദീർഘനാൾ വേണ്ടി വരുകയും ചെയ്യും.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ
മാനസികാവസ്ഥ, ഉറക്കം, വൈജ്ഞാനിക പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്‌മിറ്ററുകളുടെ ഉൽപാദനത്തിന് നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് പ്രോട്ടീൻ. ഇതിന്‍റെ അഭാവം ഉണ്ടാകുമ്പോൾ വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.
എല്ലുകളുടെ ബലഹീനത
പ്രോട്ടീൻ്റെ കുറവ് അസ്ഥികളുടെ ബലഹീനതയ്ക്കും ഒടിവുകൾക്കും കാരണമാകും. ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യത വർദ്ധിപ്പിക്കാനും ഇത് ഇടയാക്കും.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ സ്വയം രോഗ നിർണയത്തിന് മുതിരാതെ ഒരു ഡോക്‌ടറെ സമീപിക്കുക.
Also Read : ഡയറ്റിൽ ഫ്ലാക്‌സ് സീഡ് ഉൾപ്പെടുത്താം; ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും