മഹബൂബ്‌നഗർ : പാഴായ പച്ചക്കറികളിൽ നിന്നും പഴങ്ങളിൽ നിന്നും എണ്ണ ഉത്‌പാദിപ്പിക്കുന്നതിനുള്ള സംയുക്ത ഗവേഷണവുമായി പലമുരു, അമിറ്റി സര്‍വകലാശാലകള്‍. പലമുരുവിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മധുസൂദൻ റെഡ്ഡിയും അമിറ്റിയിലെ പ്രൊഫസർ ഡോ. ദിബാരതി പോളുമാണ് പദ്ധതിക്ക് തുടക്കമിട്ടത്.
2023 മാർച്ചിലാണ് സംഘം സയൻസ് ആൻഡ് എന്‍ജിനിയറിങ് റിസർച്ച് ബോർഡിന് പ്രൊപ്പോസല്‍ സമർപ്പിച്ചത്. സെപ്റ്റംബറിൽ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകി. ഗവേഷണം നടത്തുന്നതിന് 45,74,560 രൂപയുടെ ഫണ്ടും അനുവദിച്ചു. നോയിഡയിൽ പ്രൊഫസർമാരുടെ മാർഗനിർദേശപ്രകാരം പിഎച്ച്ഡി വിദ്യാർഥികളടക്കം ഗവേഷണം ആരംഭിക്കുകയും ചെയ്‌തു. 2027ൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുശേഷം ഗവേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
മാർക്കറ്റിൽ വിൽക്കുന്ന എണ്ണയിൽ ചിലതിൽ അപകടകരമായ രാസവസ്‌തുക്കൾ, കന്നുകാലി അസ്ഥികൾ, കൊഴുപ്പ് ഉരുക്കി ഉണ്ടാക്കുന്ന എണ്ണകൾ എന്നിവ കലർന്നതാണ്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ ചില ഹോട്ടലുകളും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളും മായം കലർന്ന എണ്ണ വാങ്ങുന്നുണ്ട്. മായം കലർന്ന എണ്ണയിൽ പാകം ചെയ്‌ത ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുകയും വൃക്കകൾ, കരൾ, മറ്റ് അവയവങ്ങൾ എന്നിവയെ ബാധിക്കുകയും ചെയ്യും. ഇത്തരം മായം ചേർക്കുന്നത് തടയാനും കുറഞ്ഞ വിലയ്ക്ക് ആരോഗ്യകരമായ എണ്ണ ലഭ്യമാക്കാനുമാണ് പ്രൊഫസർമാര്‍ പദ്ധതി ഏറ്റെടുത്തത്.
പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലികളിൽ ബാക്‌ടീരിയ അടങ്ങിയിട്ടുണ്ട്. അത്യാധുനിക യന്ത്രങ്ങളാൽ പൂർണമായി ഉന്മൂലനം ചെയ്‌ത ശേഷം ബാക്‌ടീരിയയിൽ നിന്നും മറ്റ് അണുക്കളിൽ നിന്നും എണ്ണ നിർമിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും.
Also Read:Adani Wilmar reports | എണ്ണ വില തിരിച്ചടിയായി ; ആദ്യ പാദം വരുമാനത്തിൽ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി അദാനി വിൽമർ റിപ്പോർട്ട്