തങ്ങളുടെ ക്ഷേമ പദ്ധതികളെയെല്ലാം എഎപിയുടെ ചൂല്‍ തൂത്തുവാരി ചവറ്റുകുട്ടയില്‍ തള്ളി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം എഎപിയെ ഒരു ചെറു കക്ഷിയാക്കി ഒതുക്കിയിരിക്കുന്നു. കോണ്‍ഗ്രസിനെ ദേശീയ തലസ്ഥാനത്തെ നിയമനിര്‍മ്മാണസഭയില്‍ തികച്ചും അപ്രസക്തവും ആക്കി മാറ്റി ഈ തെരഞ്ഞെടുപ്പ്.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും നേടാനായില്ലെങ്കിലും എഎപിയുടെ വോട്ടുകളില്‍ നിര്‍ണായകമായ വിള്ളല്‍ വീഴ്‌ത്താന്‍ അവര്‍ക്ക് സാധിച്ചു. ബിജെപി വിരുദ്ധ വോട്ടുകള്‍ പങ്ക് വച്ച് കൊണ്ട് എഎപിയുടെ വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസ് കുറവ് വരുത്തി.
എഎപിയുടെ പരാജയത്തില്‍ കോണ്‍ഗ്രസിന്‍റെ പങ്ക്
മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിതിനെ മുന്‍ നിര്‍ത്തി അവര്‍ എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ തോല്‍വി അവര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. കോണ്‍ഗ്രസിന്‍റെയും എഎപിയുടെയും ഭിന്നിപ്പിക്കല്‍ രാഷ്‌ട്രീയത്തിന്‍റെ ഫലമായി കെജ്‌രിവാളിന്‍റെ രണ്ട് വിശ്വസ്‌തരായ മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജയിനും ഈ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. ഇത്തരത്തില്‍ മിക്ക സീറ്റുകളും കേവലം നാമമാത്രമായ ഭൂരിപക്ഷത്തിനാണ് ബിജെപി സ്വന്തമാക്കിയത്. കോണ്‍ഗ്രസിന്‍റെ ഉന്നതനേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാനഘട്ട പ്രസ്‌താവനകളാണ് ഇത്തരത്തില്‍ ഒരു വിജയം ബിജെപിക്ക് സമ്മാനിച്ചത്.
ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്‌ട്രീയം
ഇതിന് പുറമെ മറ്റ് ചില ഘടകങ്ങളും എഎപിക്കെതിരെ വിജയം നേടാന്‍ ബിജെപിയെ സഹായിച്ചു. തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയാല്‍ തങ്ങള്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള തീവ്രപ്രചാരണങ്ങളും ബിജെപിക്ക് വിജയം നേടാന്‍ സഹായകമായി. എഎപി വിരുദ്ധ ധ്രുവീകരണ പ്രചാരണ പരിപാടികളും കെജ്‌രിവാളിന്‍റെ വോട്ട് കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്തി. പല മണ്ഡലങ്ങളിലും എഎപിയെ പിന്തുണയ്ക്കണോ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണോ എന്നൊരു ആശയക്കുഴപ്പം ജനങ്ങള്‍ക്കിടയില്‍ നേരത്തെ തന്നെ ഉടലെടുത്തിരുന്നു. ഇത്തരത്തില്‍ വിഭ്രാന്തിയിലായ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ ബിജെപിക്കായി. വികസന മുദ്രാവാക്യങ്ങളടങ്ങിയ പ്രകടന പത്രിക ബിജെപിക്ക് വോട്ട് ചെയ്യാന്‍ മുസ്ലീം ജനവിഭാഗത്തെ പോലും പ്രേരിപ്പിച്ചു. ചിലയിടങ്ങളില്‍ ഇവര്‍ക്ക് ഇതിനെക്കാള്‍ മികച്ച മറ്റൊരു തെരഞ്ഞെടുപ്പിന് അവസരങ്ങളും ഉണ്ടായിരുന്നില്ല.
മുസഫറാബാദ് ഇത്തരത്തിലുള്ള മണ്ഡലത്തിന് ഒരു മികച്ച ഉദാഹരണമാണ്. അന്‍പത്തഞ്ച് ശതമാനത്തോളം മുസ്ലീം ജനവിഭാഗങ്ങളുള്ള മണ്ഡലമാണ് മുസഫറാബാദ്. ഇവിടെ എഐഎംഐഎം എഎപിക്കെതിരെ തികച്ചും നിശൂന്യമായ ഒരു മത്സരത്തിനായാണ് മൊഹദ് തഹിര്‍ ഹുസൈനെ കളത്തിലിറക്കിയത്. എഎപിക്ക് വേണ്ടി മറ്റൊരു മുസ്ലീം സ്ഥാനാര്‍ത്ഥി അദീല്‍ അഹമ്മദ് ഖാനും രംഗത്ത് എത്തി. തഹീറിന് 33,474 വോട്ടുകള്‍ കിട്ടി. എഎപിയാകട്ടെ 67,638 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ ബിജെപിയുടെ മോഹന്‍സിങ് ബിഷ്‌ട് 17,578 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലം സ്വന്തമാക്കി.
നാമമാത്ര ഭൂരിപക്ഷവുമായി ബിജെപി സ്ഥാനാര്‍ത്ഥികള്‍
നിരവധി സീറ്റുകളില്‍ ബിജെപി- എഎപി വിജയ ഭൂരിപക്ഷം മറ്റൊരു ബിജെപി വിരുദ്ധ സ്ഥാനാര്‍ത്ഥി നേടിയതിനെക്കാള്‍ കുറവാണെന്ന് ഫലം പരിശോധിച്ചാല്‍ മനസിലാകും. നിരവധി മണ്ഡലങ്ങളില്‍ ചില വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ എഎപിക്ക് ബദലായി കാണുമ്പോള്‍ ചിലര്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. തിമാര്‍പൂര്‍ സീറ്റ് ബിജെപി സ്വന്തമാക്കിയത് കേവലം 1,657 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 6,101 വോട്ടുകള്‍ കിട്ടി.
മെഹറൗളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗജേന്ദര്‍ സിങ് യാദവ് 35,893 വോട്ടുകള്‍ നേടി എഎപി സ്ഥാനാര്‍ത്ഥി മഹേന്ദര്‍ ചൗധരിയെ തോല്‍പ്പിച്ചു. കേവലം 426 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇദ്ദേഹത്തിന് കിട്ടിയത്. ഇതേ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പുഷ്‌പ സിങ് നേടിയതാകട്ടെ 6,762 വോട്ടുകളും. എഎപിക്ക് 35,467 വോട്ടുകളും കിട്ടി. സംഗം വിഹാറില്‍ കോണ്‍ഗ്രസും എഎഫിയും നിര്‍ണായക വോട്ടുകള്‍ നേടി. എന്നാല്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി ചന്ദന്‍കുമാര്‍ ചൗധരി കേവലം 344 വോട്ടുകള്‍ക്ക് സ്വന്തമാക്കി. തിലോക് പുരി സീറ്റാണ് ഇത്തരമൊരു വിജയത്തിന് മറ്റൊരു ഉദാഹരണം. ബിജെപി സ്ഥാനാര്‍ഥി രവികാന്ത് 392 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ എഎപി സ്ഥാനാര്‍ത്ഥി 57,825 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 6,147 വോട്ടും നേടി.
അതേസമയം നിരവധി ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും വളരെയൊന്നും വ്യതിചലിക്കാത്ത മണ്ഡലങ്ങളുമുണ്ട്. അത്തരത്തിലൊരു മണ്ഡലമാണ് സീലാംപൂര്‍. ഇവിടെ മുസ്ലീം ജനവിഭാഗം 50-55ശതമാനം വരെയുണ്ട്. എഎപി മണ്ഡലം പിടിച്ചു. ജനവിധി തേടിയ പതിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ പത്ത് പേരും മുസ്ലീമുകളായിട്ടും വോട്ടുകള്‍ പിളര്‍ത്താനായില്ല.
എഎപിയുടെ ക്ഷേമ പദ്ധതികള്‍
കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും എഎപിക്ക് തങ്ങളുടെ ക്ഷേമ പദ്ധതികള്‍ സഹായകമായിട്ടുണ്ട്. എന്നിട്ടും ബിെജപിയുടെ പ്രകടന പത്രിക മറ്റൊരു മികച്ച ബദലായി. കെജ്‌രിവാളിന്‍റെ ക്ഷേമ പദ്ധതി അവകാശവാദങ്ങള്‍ കേവലം കണ്ണില്‍ പൊടിയിടലാണെന്ന് സ്ഥാപിക്കാന്‍ ബിജെപിയുടെ താരപ്രചാരകര്‍ക്കായി. ഡല്‍ഹിയിലെ വിദ്യാഭ്യാസ പദ്ധതി പൊള്ളയാണെന്ന് സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് എത്തി. യമുനയിലെ വെള്ളം പരസ്യമായി കുടിച്ച് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി യമുനാ നദിയിലെ വെള്ളപ്രശ്‌നത്തിലും പൊള്ളത്തരമെന്ന് സ്ഥാപിച്ചു. മഹാകുംഭമേളയില്‍ ആളുകള്‍ പുണ്യസ്‌നാനം നടത്തുന്നത് പോലെ യമുനയില്‍ മുങ്ങാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കെജ്‌രിവാളിനെ വെല്ലുവിളിച്ചു.
കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങള്‍
കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ബജറ്റ് പ്രസംഗം കഴിഞ്ഞ് കേവലം നാല് ദിവസങ്ങള്‍ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് ദിനവും ബിജെപിക്ക് തുണയായി. ഇതും മുന്‍കൂട്ടികണ്ടുള്ള നീക്കമാകണം. മധ്യവര്‍ത്തികളുടെ നികുതിയില്‍ വന്ന മാറ്റം മാറി ചിന്തിക്കാന്‍ ഡല്‍ഹി ജനതയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. 12.75 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്നൊഴിവാക്കാനുള്ള തീരുമാനം ഇടത്തരം വരുമാനക്കാരേറെയുള്ള ഡല്‍ഹിയില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചെന്ന് വേണം വിലയിരുത്താന്‍. കെജ്‌രിവാളിന്‍റെ പൊതുയോഗങ്ങളിലെ അവകാശവാദങ്ങളെല്ലാം അക്കമിട്ട് അടിവരയിട്ട് പൊളിച്ചടുക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇതിന് പുറമെ ബിജെപി ഉയര്‍ത്തിക്കൊണ്ടു വന്ന വികാസ്‌പുരിയിലെ മാലിന്യ പ്രശ്‌നവും അവര്‍ക്ക് നേട്ടമായി.
താരപ്രചാരകര്‍
40 താരപ്രചാരകരുമായി ഇറങ്ങിയ ബിജെപി, എഎപിയെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നേരിട്ട് അവരെ തറപറ്റിക്കുകയും 27 വര്‍ഷങ്ങള്‍ക്കിപ്പുറം വന്‍ ഭൂരിപക്ഷത്തില്‍ അധികാരക്കസേരയിലേക്ക് എത്തുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് ദിനത്തിലെ മോദിയുടെ കുംഭമേളയിലെ സ്‌നാനവും ടെലിവിഷനിലെ അതിന്‍റെ തത്സമയ ദൃശ്യങ്ങളും കുറച്ച് വോട്ടര്‍മാരെയെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പ് റാലികളിലൂടനീളം ഡല്‍ഹി ജനതയ്ക്ക് മുന്നില്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതിച്‌ഛായ തകര്‍ക്കാന്‍ ശക്തമായ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി. ഇതെല്ലാം ബിജെപി വിരുദ്ധ വോട്ടര്‍മാരില്‍ കോണ്‍ഗ്രസ് -എഎപി ബദലുകളെക്കുറിച്ച് ആഴത്തില്‍ ഒരു വിശകലനത്തിന് ഇടയാക്കി. കെജ്‌രിവാളിന് തന്‍റെ യാത്ര പൂര്‍ത്തിയാക്കാനായില്ല.
അരവിന്ദ് കെജ്‌രിവാളില്ലാതെ എഎപി ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ എന്ത് ചെയ്യുമെന്നതാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്. അതോടൊപ്പം തന്നെ തങ്ങള്‍ക്ക് സംഭവിച്ച ഈ കനത്ത തിരിച്ചടി നേരിടാന്‍ ഭാവിയില്‍ ഇവര്‍ എന്ത് തന്ത്രങ്ങളാകും ആവിഷ്ക്കരിക്കുക എന്നതും കാത്തിരുന്ന് തന്നെ അറിയേണ്ടതുണ്ട്.
രാജ്യത്തെ രാഷ്‌ട്രീയ ഭൂപടത്തില്‍ ഒരുത്ഭുത പ്രതിഭാസമായി ഉയര്‍ന്ന് വന്ന എഎപിയെ അത്രപെട്ടെന്ന് ഒരു ദിവസം തീര്‍ത്ത് കളയാമെന്നത് കേവലം ഒരു വ്യാമോഹമായിരിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.