ഹൈദരാബാദ് :ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ സാധ്യതയെന്ന് പഠനം. അമിത ജോലി ഭാരവും ദീർഘനേരം ഇരുന്നുള്ള ജോലിയും അമിതവണ്ണത്തിനും കരൾ രോഗത്തിനും കാരണമാകുമെന്നാണ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ (എച്ച്‌സിയു) ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
മെഡിക്കൽ സയൻസസ് വകുപ്പിലെ പ്രൊഫസർ കലയങ്കർ മഹാദേവിൻ്റെ നേതൃത്വത്തിൽ ഗവേഷകരായ പ്രൊഫസർ അനിത, ഭാർഗവ, നന്ദിത പ്രമോദ് എന്നിവർ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. ഐടി ജീവനക്കാരെ നേരിട്ട് കാണുകയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്‌തതിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഉള്ളത്.
പരിശോധനക്ക് വിധേയരായ 84% പേർക്കും മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (എംഎഎഫ്എൽഡി) ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഐടി പ്രൊഫഷണലുകൾക്കിടയിൽ അമിതവണ്ണവും കരൾ സംബന്ധമായ അസുഖങ്ങളും വരാൻ സാധ്യയുണ്ടെന്ന് കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭക്ഷണക്രമം, സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപഭോഗം, അലസമായ ജീവിതശൈലി എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഗവേഷണ കണ്ടെത്തലുകൾ കൂടുതൽ അവലോകനത്തിനായി സയൻ്റിഫിക് റിസർച്ച് ജേണലിന് സമർപ്പിച്ചിട്ടുണ്ട്. എഐജി ആശുപത്രിയിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ. പിഎൻ റാവുവുമായി സഹകരിച്ചാണ് 3,450 ഐടി ജീവനക്കാർക്കായി മെഡിക്കൽ ചെക്ക് അപ്പ് നടത്തിയത്.