ന്യൂഡൽഹി: പുതിയ തരം ഇൻഫ്ലുവൻസ വൈറസ് പ്രതിരോധത്തിനായി വാക്‌സിൻ അവതരിപ്പിക്കുകയാണെന്ന് സൈഡസ് ലൈഫ് സയൻസസ് കമ്പനി. വാക്‌സിഫ്ലൂ-4 എന്നാണ് വാക്‌സിന് പേരിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ശുപാർശിത ഘടന അനുസരിച്ച് രാജ്യത്തെ ആദ്യത്തെ ഫ്ലൂ പ്രൊട്ടക്ഷൻ ക്വാഡ്രിവാലന്‍റ് ഇൻഫ്ലുവൻസ വൈറസ് വാക്‌സിന്‍ ആയിരിക്കുമിത്.
നാല് വൈറസ് സ്ട്രെയിനുകൾക്കെതിരെ പുതിയ വാക്‌സിന്‍ സംരക്ഷണം നൽകുമെന്ന് കമ്പനി അറിയിച്ചു. ഇൻഫ്ലുവൻസ എ, ഇൻഫ്ലുവൻസ ബി എന്നിവയുടെ വകഭേദങ്ങൾ ഉൾക്കൊള്ളുന്ന ക്വാഡ്രിവാലന്‍റ് വാക്‌സിൻ, വാക്‌സിൻ പൊരുത്തക്കേടിന്‍റെ സാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രസ്‌താവനയില്‍ പറയുന്നത്. സെൻട്രൽ ഡ്രഗ് ലബോറട്ടറി (സിഡിഎൽ) വാക്‌സിൻ അംഗീകരിച്ചിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു.
അഹമ്മദാബാദിലെ വാക്‌സിൻ ടെക്നോളജി സെന്‍ററിൽ (VTC) ആണ് വാക്‌സിൻ വികസിപ്പിച്ചത്. അടിക്കടി ഉണ്ടാകുന്ന പകർച്ച വ്യാധികൾ കാരണം ഇൻഫ്ലുവൻസ നിയന്ത്രണം ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും പൊതുജനാരോഗ്യത്തിന്‍റെ താക്കോലാണ് പ്രതിരോധ മാർഗങ്ങൾ. ജീവിത നിലവാരം മെച്ചപ്പെടുത്താൻ വാക്‌സിനുകൾക്ക് കഴിവുണ്ട്.'- സൈഡസ് ലൈഫ് സയൻസസ് മാനേജിങ് ഡയറക്‌ടർ ഷാർവിൽ പട്ടേൽ പറഞ്ഞു.
ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്‍റെ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന, താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ വാക്‌സിനുകൾ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിഫ്ലൂ-4 പോലുള്ള വാക്‌സിനുകൾ ഉപയോഗിച്ച് രോഗപ്രതിരോധം ഉറപ്പാക്കാമെന്നും രോഗ വ്യാപനം തടയാമെന്നും പട്ടേൽ പറഞ്ഞു.
ഇൻഫ്ലുവൻസ വൈറസുകൾ മൂലമുണ്ടാകുന്ന ഒരു പകർച്ച വ്യാധിയായ ശ്വാസകോശ രോഗമാണ് ഇൻഫ്ലുവൻസ. ഇത് വ്യക്തിയിൽ നിന്ന് വ്യക്തികളിലേക്ക് പടരും. പ്രധാനമായും ചുമ, തുമ്മൽ അല്ലെങ്കിൽ രോഗബാധിതമായ ഒരു പ്രതലവുമായോ വ്യക്തിയുമായോ നേരിട്ടുള്ള സമ്പർക്കത്തില്‍ നിന്ന് ഇത് പടരാന്‍ സാധ്യതയുണ്ട്.
ഇന്‍ഫ്ലുവന്‍സ വൈറസ് ബാധ മൂലമുണ്ടാകുന്ന അസുഖങ്ങളുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. പ്രധാനമായും അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, വിട്ടുമാറാത്തതുമായ അസുഖങ്ങൾ ഉള്ളവർ തുടങ്ങി ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളിൽ മരണ സാധ്യത ഏറെയാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, സീസണൽ ഇൻഫ്ലുവൻസ എല്ലാ വർഷവും 2.9 ലക്ഷം മുതൽ 6.5 ലക്ഷം വരെ മരണങ്ങൾക്ക് കാരണമാകുന്നു.