വായു മലിനീകരണം നമ്മുടെ ശാരീരിക ആരോഗ്യത്തെ, പ്രത്യേകിച്ച് ശ്വസന വ്യവസ്ഥയെ ബാധിക്കുമെന്ന് നമുക്കറിയാം. എന്നാൽ മലിനമായ വായു ശ്വസിക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് നമ്മളിൽ എത്ര പേർക്കറിയാം? വീടിനുള്ളിലും പുറത്തുമുള്ള മലിനമായ വായു ശ്വസിക്കുന്നതിലൂടെ വിഷാദം, ഉത്കണ്‌ഠ, സ്‌കീസോഫ്രീനിയ പോലുള്ള ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു.
മലിനീകരണവും മാനസിക ആരോഗ്യവും
അന്തരീക്ഷ മലിനീകരണത്തിന് കാരണമായ സൂക്ഷ്‌മ കണികകളാണ് നൈട്രജൻ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ് എന്നിവ. ഈ സൂക്ഷ്‌മ കണികകൾ വായുവിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് ഉത്കണ്‌ഠയും വിഷാദവും പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ കാരണമാകുമെന്ന് കൺസൾട്ടന്‍റ് സൈക്യാട്രിസ്‌റ്റായ ഡോ. പല്ലവി രാജൻ പറഞ്ഞു.
'മലിനമായ അന്തരീക്ഷം ഉത്‌കണ്‌ഠ, വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികളെ വളരെയേറെ ബാധിക്കും. മാത്രമല്ല, നിലവിലുള്ള പഠനങ്ങൾ ഇതിന് പിന്നിലെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഡോ. പല്ലവി രാജൻ പറഞ്ഞു. വായു മലിനീകരണം ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിനും തലച്ചോറിലെ ന്യൂറോ-ഇൻഫ്ലമേറ്ററി മാറ്റങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഈ ജീവശാസ്ത്രപരമായ മാറ്റങ്ങൾ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വർധിപ്പിക്കാൻ കാരണമാകും.
പഠനങ്ങൾ പറയുന്നത്
അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ്റെ അഭിപ്രായത്തിൽ, വായു മലിനീകരണം മാനസികാരോഗ്യത്തെയും ബാധിക്കുമെന്നതിന് കാര്യമായ തെളിവുകളുണ്ട്. 2023ലെ 'എയർ പൊലൂഷൻസ് ഇംപാക്‌ട് ഓൺ മെന്‍റൽ ഹെൽത്ത്' (Air Pollution’s Impact on Mental Health) എന്ന ലേഖനത്തിൽ വായു മലിനീകരണം തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളായ ഹിപ്പോകാമ്പസ്, അമിഗ്‌ഡാല, പ്രീഫ്രോണ്ടൽ കോർട്ടക്‌സ് എന്നിവയെ ബാധിക്കുമെന്ന് പറയുന്നു.
'73 ശതമാനം പഠനങ്ങളിലും വായു മലിനീകരണം മൃഗങ്ങളുടേയും മനുഷ്യരുടേയും മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തി. 'മലിനമായ വായു ശ്വസിക്കുന്ന ആളുകൾക്ക് വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക മേഖലകളിൽ മാറ്റങ്ങൾ അനുഭവപ്പെടുന്നു. തൽഫലമായി ശുദ്ധവായു ശ്വസിക്കുന്നവരെ അപേക്ഷിച്ച് അവർക്ക് ഉത്കണ്‌ഠയും വിഷാദവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്' എന്ന് പഠനത്തിൻ്റെ പ്രധാന രചയിതാവായ ക്ലാര ജി സുണ്ടൽ ഒരു വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ടിൽ പറഞ്ഞു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഓഫ് സൈക്യാട്രി ഡിപ്പാർട്ട്‌മെൻ്റ് 2023 ൽ നടത്തിയ മറ്റൊരു പഠനത്തിൽ വായു മലിനീകരണം വിഷാദം, ഉത്കണ്‌ഠ, മാനസികരോഗങ്ങൾ, ഒരുപക്ഷേ ഡിമെൻഷ്യ പോലുള്ള ന്യൂറോ കോഗ്നിറ്റീവ് ഡിസോർഡേഴ്‌സ് എന്നിവയിലേക്ക് നയിച്ചേക്കാം എന്നതിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
'കുട്ടികളും കൗമാരക്കാരും അവരുടെ മാനസിക വളർച്ചയുടെ നിർണായക ഘട്ടങ്ങളിൽ വായു മലിനീകരണത്തിന് വിധേയരായേക്കാമെന്നും സൂചനകളുണ്ട്. അതിന്‍റെ പ്രത്യാഘാതമായി അവരിൽ ഭാവിയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ ഇടയാക്കും,' എന്നും ഓക്സ്ഫോർഡ് സർവകലാശാലയുടെ ഒരു ലേഖനത്തിൽ പറയുന്നു.