ന്യൂഡല്‍ഹി: ഉത്സവകാലം കഴിഞ്ഞെങ്കിലും ഡല്‍ഹിയിലെ വായുമലിനീകരണത്തോതില്‍ വര്‍ധനവ് തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. മലിനീകരണത്തോത് ഉയര്‍ന്നതോടെ അസുഖങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് നഗരവാസികള്‍.
നഗരത്തില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ മലിനീകരണമാണ് രേഖപ്പെടുത്തിയത്. വായു മലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയിലെത്തി. മുന്‍പില്ലാത്ത വിധമുള്ള കനത്ത പുകമഞ്ഞ് നഗരത്തെ മൂടിയിരിക്കുകയാണ്.
ഇന്ന് രാവിലെ എട്ട് മണിക്ക് നഗരത്തിലെ വായുഗുണനിലവാര സൂചിക 428 ആണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) അറിയിച്ചു. ദിവസവും വൈകിട്ട് നാല് മണിക്കാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം 334 ആയിരുന്നു മലിനീകരണത്തോത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് മുതല്‍ ശക്തമായ കാറ്റുണ്ടായാല്‍ മലിനീകരണത്തോതില്‍ കുറവുണ്ടായേക്കാമെന്നും വളരെ മോശം സ്ഥിതിയിലേക്ക് മലിനീകരണത്തോത് കുറയാമെന്നുമാണ് എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മിഷന്‍റെ വിലയിരുത്തല്‍.
അപകടകരമായ സാഹചര്യം നേരിടാന്‍ മൂന്നാം ഘട്ട ഗ്രേഡഡ് റെസ്പോണ്‍സ് കര്‍മ്മ പദ്ധതി(GRAP-ഗ്രാപ്) നടപ്പാക്കാനാണ് ആലോചന. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും കടുത്ത നടപടികളിലേക്ക് കടക്കുകയെന്നും കമ്മിഷന്‍റെ എക്‌സ് പോസ്‌റ്റില്‍ പറയുന്നു.
ശ്വാസം മുട്ടി ദൈനദിന യാത്രികരും വിദ്യാര്‍ഥികളും
അനിയന്ത്രിത മലിനീകരണം മൂലം തങ്ങള്‍ കടുത്ത ശ്വാസം മുട്ടല്‍ അനുഭവിക്കുന്നതായി ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ പറയുന്നു. നിരന്തരം ചുമയും ഉണ്ടാകുന്നുണ്ട്. സിഎന്‍ജി വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ ഇതിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടാകുന്നില്ലെന്നും രൗണക് എന്ന വിദ്യാര്‍ഥി ചൂണ്ടിക്കാട്ടുന്നു.
കാഴ്‌ച ദൂരം കുറഞ്ഞെന്നും ജനങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ ഉണ്ടാകുന്നുവെന്നും പ്രതീക് എന്ന മറ്റൊരു നഗരവാസിയും സാക്ഷ്യപ്പെടുത്തുന്നു. കണ്ണിന് പുകച്ചില്‍ അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ആനന്ദവിഹാറില്‍ വായുഗുണനിലവാര സൂചിക 470 ആണ്. ഐടിഒയില്‍ 417, രോഹിണി 451 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ മലിനീകരണത്തോത്. ഇതിനിടെ അധികൃതര്‍ ചില വ്യവസായ പ്ലാന്‍റുകളെ 1981ലെ വായുമലിനീകരണ നിയന്ത്രണ നിയമത്തില്‍ നിന്ന് ഒഴിവാക്കി.
കനത്ത പുകമഞ്ഞില്‍ മൂടി നഗരം
ഈ സീസണിലെ ഏറ്റവും കനമേറിയ പുകമഞ്ഞിനും കുറഞ്ഞ പകല്‍ സമയത്തിനും ബുധനാഴ്‌ച നഗരം സാക്ഷ്യം വഹിച്ചു. നഗരത്തിലെ ഏറ്റവും ഉയര്‍ന്ന താപനില 27.8 ഡിഗ്രിയിലേക്ക് താഴ്‌ന്നു.
ബിഹാറിലെ ഹാജിപ്പൂരിലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മലിനീകരണത്തോത് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ ദീര്‍ഘകാലമുള്ള അന്തരീക്ഷ മലിനീകരണം അര്‍ബുദമടക്കമുള്ള മാരകരോഗങ്ങളിലേക്ക് നയിക്കാമെന്ന് രാജീവ് ഗാന്ധി അര്‍ബുദ ഗവേഷണ കേന്ദ്രത്തിലെ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Also Read: 'ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ സൃഷ്‌ടിക്കും'; ചാച്ചാജിയുടെ ഓര്‍മകളുമായി വീണ്ടുമൊരു ശിശുദിനം