കോഴിക്കോട് : മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ. ഹോട്ടൽ ഉടമ ദേവദാസാണ് മുക്കം പൊലീസിന്‍റെ പിടിയിലായത്. കുന്ദംകുളത്ത് വച്ചാണ് ദേവദാസിനെ കസ്റ്റഡിയിൽ എടുത്തത്. കൂട്ടുപ്രതികളായ റിയാസ്, സുരേഷ് എന്നിവർ ഉടൻ പിടിയിലാകുമെന്നാണ് സൂചന.
അതേസമയം സംഭവത്തിൽ, സംസ്ഥാന വനിത കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്‌പിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർക്കായി മുക്കം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ശനിയാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ പ്രാണ രക്ഷാർഥം യുവതി കെട്ടിടത്തിൽ നിന്ന് ചാടി എന്നാണ് പൊലീസ് റിപ്പോർട്ട്. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലിലെ സിസിടിവി അടക്കം വീണ്ടെടുത്ത് പരിശോധിക്കേണ്ടതുണ്ടെന്നും ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്‌തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുകയാണെന്ന് കുടുംബം ആരോപിക്കുന്നുണ്ട്.
Also Read: കണ്ടക്‌ടറുടെ ഇടപെടലിൽ കുടുങ്ങി മാലമോഷ്‌ടാക്കൾ; യാത്രക്കാരിയുടെ ഏഴ് പവന്‍റെ മാല തിരിച്ചുകിട്ടി