ന്യൂഡല്‍ഹി: 2010ലെ ആണവ നാശനഷ്‌ട പൊതുബാധ്യത നിയമം (Civil Liability for Nuclear Damage Act 2010-CNLD Act 2010) ഭേദഗതി ചെയ്യുമെന്ന മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഫ്രഞ്ച്, അമേരിക്കന്‍ കമ്പനികളെ പ്രീതിപ്പെടുത്താനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അടുത്ത നാല് ദിവസം ഈ രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇതിന്‍റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മാധ്യമ വിഭാഗം ചുമതലയുമുള്ള ജയറാം രമേഷ് ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2010ലെ ആണവ നാശനഷ്‌ട പൊതു ബാധ്യത നിയമം സംബന്ധിച്ച് നിരന്തം ഉയര്‍ന്ന ചോദ്യങ്ങളും ഉത്തരങ്ങളും അനുബന്ധ വിഷയങ്ങളുമടങ്ങിയ ഒരു ലഘുലേഖ 2015 ഫെബ്രുവരി എട്ടിന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
ഇതിലെ മൂന്നാം നമ്പര്‍ ചോദ്യം ഇന്ത്യ ഈ നിയമവും 2011ലെ സിഎന്‍എല്‍ഡി നിയമങ്ങളും ഭേദഗതി ചെയ്യുമോ എന്നായിരുന്നു. ഇപ്പോള്‍ ഭേദഗതി ചെയ്‌തില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകുമോ എന്ന ചോദ്യവും ഉണ്ടായിരുന്നു. ഈ ചോദ്യത്തിന് മോദി സര്‍ക്കാര്‍ നല്‍കിയ മറുപടി ഇത്തരം ഒരു നിര്‍ദേശം ഇല്ലെന്നായിരുന്നുവെന്നും ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.
എന്നാല്‍ 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ നിയമം ഭേദഗതി ചെയ്യുമെന്ന പ്രഖ്യാപനമുണ്ട്. ഫ്രഞ്ച് -അമേരിക്കന്‍ കമ്പനികളെ പ്രീതിപ്പെടുത്താനാണ് ഈ പ്രഖ്യാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കമ്പനികളുമായി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്‍റിനകത്തും പുറത്തും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് 2010ലെ നിയമം പാസാക്കിയത്. രാജ്യസഭയിലെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അന്തരിച്ച അരുണ്‍ ജെയ്‌റ്റ്‌ലി ഈ നിയമം ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മുതല്‍ പന്ത്രണ്ടാം തീയതി വരെ എഐ കര്‍മ്മ ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കും. പന്ത്രണ്ടു മുതല്‍ രണ്ട് ദിവസം അദ്ദേഹം അമേരിക്കയിലും സന്ദര്‍ശനം നടത്തും. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഉഭയ കക്ഷി യോഗങ്ങളില്‍ പങ്കെടുക്കും. വ്യവസായികളും ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിക്കും.