കേരളം

kerala

ETV Bharat / health

കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവും പമ്പ കടക്കും; കാന്താരി മുളകിന്‍റെ ആരോഗ്യഗുണങ്ങൾ നിരവധി - HEALTH BENEFITS OF KANTHARI CHILLI

ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ കാന്താരി മുളക് ഫലപ്രദമാണ്.

KANTHARI CHILLI  KANTHARI MULAKU FOR CHOLESTEROL  KANTHARI CHILLI HEALTH BENEFITS  കാന്താരി മുളകിന്‍റെ ആരോഗ്യഗുണങ്ങൾ
Representative Image (ETV Bharat)

By ETV Bharat Health Team

Published : Oct 21, 2024, 7:31 PM IST

ന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്‌നമാണ് ജീവിതശൈലി രോഗങ്ങൾ. ചെറുപ്പക്കാർ മുതൽ പ്രായമായ ആളുകൾ വരെ ഇത് മൂലം ബുദ്ധിമുട്ട് നേരിടുന്നവരാണ്. മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവുമാണ് ഇതിന്‍റെ പ്രധാന കാരണം. ജീവിതശൈലി രോഗങ്ങൾ ഹൃദയാരോഗ്യത്തെ ബാധിക്കുന്നവയാണ്. കൊളസ്‌ട്രോൾ പോലുള്ള അസുഖങ്ങൾ രക്തധമനികളിൽ കൊഴുപ്പടിയാൻ ഇടയാക്കുകയും ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുന്നതിലൂടെ ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാനാകും. ചില ഒറ്റമൂലികളും ഇത് നിയന്ത്രിക്കാൻ ഗുണകരമാണ്. അത്തരത്തിൽ ഒന്നാണ് കാന്താരി മുളക്. ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ എ, ബി, സി, ഇ തുടങ്ങിയവ കാന്താരി മുളകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഫലപ്രദമാണ്.

കാന്താരി മുളകിൽ ആന്‍റി ഫംഗൽ, ആന്‍റി മൈക്രോബിയൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിയ്ക്കാൻ വളരെധികം സഹായിക്കും. രോഗബാധകൾ തടയാനും ഇത് ഫലപ്രദമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനും കാന്താരി മുളകിന്‍റെ ഉപയോഗം സഹായിക്കും.

കാന്തായിരിൽ ക്യാപ്‌സയാസിൻ എന്ന ഘടകം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് നല്ലതാണ്. കുറഞ്ഞ അളവിൽ കാന്താരി കഴിക്കുന്നത് രക്തം കട്ട പിടിക്കാതിരിക്കാനും സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കാന്താരി ഏറെ മികച്ചതാണ്.

കാന്താരി മുളക് കഴിക്കേണ്ട വിധം

വിനെഗറിൽ ഇട്ട കാന്താരി മുളക് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് നേരിട്ട് കഴിക്കുമ്പോൾ വയറിൽ ചില അസ്വസ്ഥതകൾക്ക് കാരണമാകും. അതിനാൽ വിനഗറിൽ ഇട്ടോ നെല്ലിക്കയോടൊപ്പമോ ചെറിയ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. നെല്ലിക്ക കാന്താരി ജ്യൂസും ജീവിതശൈലി രോഗങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്. ഭക്ഷണം പാകം ചെയ്യുമ്പോഴും കാന്താരി ചേർക്കുന്നത് ഗുണകരമാണ്.

കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കാന്താരിയുടെ ഉപയോഗം അമിതമായാലും പ്രശ്‌നമാണ്. ഇത് വയറിലെ അസ്വസ്ഥത, പുകച്ചിൽ, ചൊറിച്ചിൽ, പെട്ടന്നുള്ള അമിതമായ വിയർപ്പ്, മൂക്കൊലിപ്പ്, കണ്ണ് നിറഞ്ഞു ഒഴുകുക തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.

ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ഡയറ്റിൽ ഫ്ലാക്‌സ് സീഡ് ഉൾപ്പെടുത്താം; ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

ABOUT THE AUTHOR

...view details