ഭക്ഷണക്രമത്തിൽ പതിവായി തക്കാളി ഉൾപ്പെടുത്തുന്നവരാണ് മിക്കവരും. ഭക്ഷണങ്ങളുടെ രുചി വർധിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. പഴുത്ത തക്കാളിയാണ് നമ്മൾ പൊതുവെ ഉപയോഗിക്കാറുള്ളത്. എന്നാൽ പഴുത്ത തക്കാളിയെ പോലെ തന്നെ നിരവധി ഗുണങ്ങൾ പച്ച തക്കാളിയിലും അടങ്ങിയിട്ടുണ്ട്. പച്ച തക്കാളി പോഷക സമ്പുഷ്‌ടമാണെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇത് മൊത്തത്തിലുള്ള ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
പച്ച തക്കാളിയിലെ പോഷകങ്ങൾ
- കാൽസ്യം
- പൊട്ടാസ്യം
- പ്രോട്ടീൻ
- മഗ്നീഷ്യം
- ഫോസ്‌ഫറസ്
- വിറ്റാമിൻ കെ
- വിറ്റാമിൻ സി
- ബീറ്റാ കരോട്ടിൻ
- ആന്‍റി ഓക്‌സിഡന്‍റുകൾ
ആരോഗ്യഗുണങ്ങൾ
പച്ച തക്കാളി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ കാഴ്‌ചശക്തി മെച്ചപ്പെടുത്തുകയും റെറ്റിനയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും. കണ്ണുകൾക്ക് ഉണ്ടാകുന്ന വരൾച്ച പ്രശ്‌നം തടയാനും പച്ച തക്കാളി കഴിക്കുന്നത് ഗുണകരമാണ്. വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ കോർണിയയുടെ ആന്തരിക ഉപരിതലത്തെ സംരക്ഷിക്കുന്നതിലും പച്ച തക്കാളി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും. പച്ച തക്കാളിയിൽ കുറഞ്ഞ അളവിൽ മാത്രമാണ് സോഡിയമുള്ളത്. പൊട്ടാസ്യം കൂടുതലും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കാനും ഗുണം ചെയ്യും. അതിനാൽ രക്തസമ്മർദ്ദമുള്ള രോഗികൾക്ക് കഴിക്കാവുന്ന നല്ലൊരു പച്ചക്കറിയാണ് പച്ച തക്കാളി. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ രക്തം കട്ടപിടിക്കുന്നത് തടയാനും ഫലപ്രദമാണ്. അതിനാൽ രക്തസമ്മർദ്ദം സന്തുലിതാമായി നിലനിർത്താനും ഇത് സഹായിക്കും.
പച്ച തക്കാളിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താനും വളരെയധികം ഗുണം ചെയ്യും. ചർമ്മത്തിന് തിളക്കം നൽകാൻ, മുഖത്തെ ചുളിവുകൾ തടയാൻ തുടങ്ങീ പലതരം ചർമ്മ പ്രശ്‌നങ്ങൾ അകറ്റാനും അകാല വാർദ്ധക്യം തടയാനും പച്ച തക്കാളി സഹായിക്കും.
ക്യാൻസറിനെ ചെറുക്കാനും ശരീരത്തിലെ ആൻ്റിബോഡികളുടെ അളവ് വർദ്ധിപ്പിക്കാനും പച്ച തക്കാളി സഹായിക്കും. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിൻ്റെ ആരോഗ്യത്തിനും നല്ലതാണ്. മലബന്ധം, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾ എന്നിവ തടയാനും പച്ച തക്കാളി ഗുണം ചെയ്യും. ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ ധാരാളമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പോഷക കലവറ, പ്രമേഹ രോഗികൾക്കും കഴിക്കാം; അറിയാം സീതപ്പഴത്തിന്‍റെ ആരോഗ്യഗുണങ്ങൾ