മെഷീൻ ലേണിങ് ഉപയോഗിച്ച് ബ്രെയിൻ ഇമേജിങ് വഴി നടത്തിയ പഠനത്തിലൂടെ വിഷാദത്തിന് വ്യത്യസ്‌തമായ ആറ് വിഭാഗങ്ങളുണ്ടെന്ന് കണ്ടെത്തി. ഇവയിലെ മൂന്ന് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുളളതും ഇല്ലാത്തതുമായ ചികിത്സാ രീതികളെ മനസിലാക്കുകയും ചെയ്‌തു. നേച്ചർ മെഡിസിൻ എന്ന ജേണലിലാണ് യുഎസിലെ സ്‌റ്റാൻഫോർഡ് മെഡിസിൻ ഫോർ പ്രിസിഷൻ മെൻ്റൽ ഹെൽത്ത് ആൻഡ് വെൽനസ് ഡയറക്‌ടർ ലിയാൻ വില്യംസ് നടത്തിയ പഠനത്തിന്‍റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ക്ലസ്‌റ്റർ അനാലിസിസ് എന്ന പഠനരീതി ഉപയോഗിച്ച് നടത്തിയ ഗവേഷണത്തിലൂടെയാണ് മസ്‌തിഷ്‌കത്തിലെ ആറ് വ്യത്യസ്‌ത പ്രവർത്തനരീതികൾ ശാസ്‌ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. ഒന്നാമതായി, തലച്ചോറിലെ വൈജ്ഞാനിക മേഖലകളില്‍ അമിത പ്രവർത്തനമുളള ഒരു ഉപവിഭാഗം രോഗികളില്‍ മറ്റ് വിഭാഗങ്ങളെക്കാള്‍ ആൻ്റീഡിപ്രസൻ്റ് വെൻലാഫാക്സൈന് കൂടുതല്‍ ഫലപ്രധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
വിശ്രമത്തിലായിരിക്കുമ്പോള്‍, വിഷാദവും പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന ഉപവിഭാഗം രോഗികളില്‍ ടോക്ക് തെറാപ്പി മികച്ചതാണെന്നും ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. വിശ്രമത്തിലായിരിക്കുമ്പോള്‍, ശ്രദ്ധയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ചെറിയ രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഉപവിഭാഗം രോഗികളില്‍ മറ്റുളള വിഭാഗങ്ങളെ അപേക്ഷിച്ച് ടോക്ക് തെറാപ്പി ഫലപ്രധമല്ല എന്നും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
വിഷാദത്തെ തലച്ചോര്‍ നേരിടുന്ന തടസങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നത് ഇത് ആദ്യമായാണ്. വില്യംസും സംഘവും പഠനം കൂടുതൽ ആളുകളെ ഉൾപ്പെടുത്തി വിപുലീകരിക്കാനുളള തയ്യാറെടുപ്പിലാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരം എന്ന രീതിയ്‌ക്ക് ബധല്‍ സംവിധാനങ്ങള്‍ ഇല്ല എന്നത് വിഷമകരമാണ് എന്ന് വില്യംസ് പറഞ്ഞു. ഇതിന് പരിഹാരം കണ്ടെത്താന്‍ കൂടുതല്‍ വിപുലമായ പഠനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
Also Read:ഉപവാസത്തിന് കാന്‍സറിനെ പ്രതിരോധിക്കാനാകും; പഠനം പറയുന്നതിങ്ങനെ