നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പാനീയമാണ് ഗ്രീൻ ടീ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന രണ്ടാമത്തെ പാനീയം കൂടിയാണിത്. ശരീരത്തിന്‍റെയും ചർമ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കുന്ന ഒട്ടനവധി ഘടകങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള കഴിവും ഗ്രീൻ ടീയ്ക്കുണ്ട്. പതിവായി ഗ്രീൻ ടീ കുടിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ആൻ്റി ഓക്‌സിഡൻ്റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഗ്രീൻ ടീയിൽ ഉയർന്ന അളവിൽ ആൻ്റി ഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം ചെറുക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഗ്രീൻ ടീ ഫലപ്രദമാണെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.
ഹൃദയാരോഗ്യം
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാൻ ഗ്രീൻ ടീ ഫലപ്രദമാണ്. രക്തക്കുഴലുകളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കും. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും ഗുണം ചെയ്യും. അതിനാൽ ഗ്രീൻ ടീ പതിവായി കുടിക്കുക.
കാൻസർ പ്രതിരോധം
ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ എന്നിവ ഗ്രീൻ ടീയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് സ്‌തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ കാൻസർ തുടങ്ങിയ വിവിധ തരം അർബുദങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും. ഗ്രീൻ ടീയിലെ പോളിഫെനോളുകൾക്ക് ക്യാൻസർ കോശങ്ങളുടെ വളർച്ചയും ട്യൂമർ വികാസവും തടയാൻ കഴിയുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.
ശരീരഭാരം
ഗ്രീൻ ടീയിലെ കാറ്റെച്ചിനും കഫീനും കൊഴുപ്പ് കത്തിക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഒബിസിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മെറ്റബോളിസം മെച്ചപ്പെടുത്താനും ഗ്രീൻ ടീ ഗുണം ചെയ്യും.
വായയുടെ ആരോഗ്യം
ഗ്രീൻ ടീയിൽ ആൻ്റി ബാക്‌ടീരിയൽ, ആൻ്റി വൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായയിലെ അണുക്കളെ നശിപ്പിക്കുകയും മോണരോഗം തടയുകയും ചെയ്യും. അതിനാൽ വായയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പതിവായി ഒന്നോ രണ്ടോ ഗ്ലാസ് ഗ്രീ ടീ കുടിക്കുന്നത് നല്ലതാണ്.
ചർമ്മത്തിൻ്റെ ആരോഗ്യം
ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ ഫലപ്രദമായ ഒന്നാണ് ഗ്രീൻ ടീ. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഏജിങ് ഗുണങ്ങൾ ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ഇലാസ്‌തികത വർധിപ്പിക്കാനും സഹായിക്കും. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കാൻസറിനുള്ള സാധ്യത കുറയ്ക്കാനുമുള്ള കഴിവ് ഗ്രീൻ ടീയ്ക്കുണ്ടെന്ന് ദി ജേർണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ചായ കുടിക്കാൻ ടീബാഗ് ഉപയോഗിക്കാറുണ്ടോ? കാത്തിരിക്കുന്നത് വലിയ അപകടം