സ്‌വീഡയിലെ ഉപ്‌സാല സർവകലാശാലയിലെ ഗവേഷകർ ഹൃദയാഘാത സാധ്യത പ്രവചിക്കാൻ കഴിയുന്ന രക്തപരിശോധന വികസിപ്പിച്ചെടുത്തു. രക്തത്തിലെ മസ്‌തിഷ്‌ക ആരോഗ്യ ബയോ മാർക്കറായ ന്യൂറോഫിലമന്‍റ് അളക്കുന്നതിനാണ് ഈ പരിശോധന രൂപകൽപന ചെയ്‌തിരിക്കുന്നത്. ഒരു പഠനത്തിന്‍റെ ഭാഗമായി ഉയർന്ന അളവിലുള്ള ന്യൂറോഫിലമെൻ്റുകൾ സ്ട്രോക്കിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
ഏട്രിയൽ ഫൈബ്രിലേഷനുള്ള 3,000 ത്തിലകം രോഗികളിൽ നിന്നുള്ള രക്ത സാമ്പിളുകളിലെ ന്യൂറോഫിലമെൻ്റിൻ്റെ അളവ് വിശകലനം ചെയ്യുന്നതാണ് പഠനത്തിൽ ഉൾപ്പെട്ടത്. ഒന്നര വർഷത്തെ നിരീക്ഷണ കാലാവധിയിൽ ഏറ്റവും ഉയർന്ന അളവിലുള്ള ന്യൂറോഫിലമെൻ്റ് ഉള്ളവർക്ക് ഏറ്റവും താഴ്‌ന്ന നിലയിലുള്ള വ്യക്തികളേക്കാൾ മൂന്നിരട്ടിയിലധികം സ്ട്രോക്ക് അപകട സാധ്യതയുണ്ട്.
ഉപ്‌സാല സർവകലശാല ആശുപത്രി കാർഡിയോളജിസ്റ്റും ഉപ്‌സാല സർവകലാശാലയിലെ ഗവേഷകയുമായ ജൂലിയ ഔലിനാണ് പഠനത്തിന്‍റെ പ്രധാന രചയിതാവ്. ഉപ്‌സാല സർവകലാശാല ആശുപത്രിയിൽ സ്ട്രോക്ക് ഫിസിഷ്യൻ കാൾ സ്ജോലിൻ ആണ് പഠനത്തിൻ്റെ സഹ രചയിതാവ്. സ്‌ജോലിൻ പറയുന്നത് ഇങ്ങനെ 'ഈ രീതിയിൽ തലച്ചോറിൽ ഏട്രിയൽ ഫൈബ്രിലേഷൻ്റെ പ്രഭാവം അളക്കാൻ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞില്ല'.